കെ.ടി. മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരത്തിന് തുടക്കം

ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നാടകോത്സവം എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യുന്നു
ഉദുമ: ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള അഞ്ചാമത് കെ.ടി. മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരത്തിന് തുടക്കമായി. ടി.കെ അഹമ്മദ് ഷാഫി നഗറില്‍ നിന്നുള്ള നാടക ജ്യോതി പ്രയാണം മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ ബാലകൃഷ്ണന്‍ കൊക്കാല്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ കൊക്കല്‍ അധ്യക്ഷത വഹിച്ചു. കെ.വി രഘുനാഥ്, സി.കെ വേണു എന്നിവര്‍ സംസാരിച്ചു. എം.കെ നാരായണന്‍ സ്വാഗതവും മുരളി വഴുന്നൂര്‍ വളപ്പ് നന്ദിയും പറഞ്ഞു. ബേവൂരി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നാടകോത്സവം എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ കെ.വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. നാടക രചയിതാവ് രാജ്‌മോഹന്‍ നീലേശ്വരം മുഖ്യാതിഥിയായി. ഐ.വി ദാസ് പുരസ്‌ക്കാര ജേതാവ് പി. അപ്പുക്കുട്ടന്‍, സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കെ. കുമാരന്‍, സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ വേഗമേറിയ താരമായ രഹനരഘു, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നാടക മത്സരത്തില്‍ മികച്ച നടനായ സി.കെ. രാജേഷ് റാവു, കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് ഇന്റല്‍ കമ്പനിയിലേക്ക് കാമ്പസ് സെലക്ഷന്‍ ലഭിച്ച കെ. അനാമിക എന്നിവരെ ആദരിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍, ജില്ലാ ലൈബ്രറി ജോയിന്റ് സെക്രട്ടറി ടി.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. അബ്ബാസ് രചന സ്വാഗതവും അബ്ബാസ് പാക്യാര നന്ദിയും പറഞ്ഞു. ചന്ദ്രഗിരി കലാസമിതിയുടെ ബസുമതി, സൗഹൃദ വായനശാലയുടെ മൂരികള്‍ ചുരമാന്തുമ്പോള്‍ എന്നീ അമേച്വര്‍ നാടകങ്ങള്‍ അരങ്ങേറി.
ഇന്ന് പി. ഭാസ്‌കരന്‍ അനുസ്മരണം മഞ്ഞണി പൂനിലാവ് വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്യും.