അഹ്‌മദ് മാഷിന്റെ ഓര്‍മ്മകളില്‍ തുടിച്ചു നിന്ന് അനുസ്മരണ ചടങ്ങ്
വിശ്രമമില്ലാതെ അഹ്‌മദ് മാഷ് നടത്തിയത് സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനം -പ്രമോദ് രാമന്‍
കാസര്‍കോട് സാഹിത്യവേദിയും കെ.എം. അഹ്‌മദ് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച കെ.എം. അഹ്‌മദ് അനുസ്മരണം മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: കാസര്‍കോടിന്റെ സാംസ്‌കാരിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.എം. അഹ്‌മദ് മാഷിന്റെ 14-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് മാഷിന്റെ ഓര്‍മ്മകളില്‍ തുടിച്ചു നിന്നു. കാസര്‍കോട് സാഹിത്യവേദി കെ.എം. അഹ്‌മദ് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്നലെ വൈകിട്ട് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങും സെമിനാറും അഹ്‌മദ് മാഷിന്റെ മാധ്യമ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടമായി. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മീഡിയാ വണ്‍ എഡിറ്ററുമായ പ്രമോദ് രാമനാണ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഉത്തര കേരളത്തിന്റെ സാംസ്‌കാരിക മേഖലയെ ഉണര്‍ത്തുന്നതില്‍ അഹ്‌മദ് മാഷ് വഹിച്ച വലിയ സംഭാവനകളെ അനുസ്മരിച്ച് തുടങ്ങിയ പ്രമോദ് രാമന്‍, മതനിരപേക്ഷ ചിന്തകള്‍ക്ക് ക്ഷതമേല്‍പ്പിച്ച് രാജ്യത്ത് ഇന്ന് വളര്‍ന്ന് പന്തലിച്ചിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തെയും ഇത് കടന്നുവന്ന വഴികളെയും കുറിച്ച് വിശദീകരിച്ചപ്പോള്‍ തിങ്ങി നിറഞ്ഞ സദസ്സിന് ഒരു ക്ലാസില്‍ ഇരുന്ന അനുഭവമായിരുന്നു.
ജീവിതത്തിലും മാധ്യമ രംഗത്തും ഒരുപോലെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അഹ്‌മദ് മാഷ് പത്രപ്രവര്‍ത്തന രംഗത്ത് തനിക്ക് ഗുരുതുല്യനായിരുന്നുവെന്ന് പ്രമോദ് രാമന്‍ പറഞ്ഞു. മാതൃഭൂമിയില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ചന്ദ്രഗിരിക്കരയില്‍ എന്ന കോളം കാസര്‍കോടിന്റെ ചരിത്രം തന്നെയായിരുന്നു. വിശ്രമമില്ലാതെ അദ്ദേഹം നടത്തിയത് സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. വികസനോന്മുഖ വാര്‍ത്തകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അഹ്‌മദ് മാഷ് 1982ല്‍ ഉത്തരദേശം പത്രത്തിന് തുടക്കം കുറിച്ച് നടത്തിയ ക്യാമ്പയിന്‍ 2 വര്‍ഷംകൊണ്ട് തന്നെ ജില്ലാ രൂപീകരണം സാധ്യമാക്കി വിജയം കണ്ടു. ഇന്ന് ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അവ പരിഹരിക്കുന്നതുവരെ മാധ്യമങ്ങള്‍ കാമ്പയിനുകള്‍ നടത്താറുണ്ടെങ്കിലും നാല് പതിറ്റാണ്ട് മുമ്പ് അത്തരമൊരുകാര്യം അധികമാര്‍ക്കും ചിന്തിക്കാന്‍പോലും പറ്റാത്തതായിരുന്നു. നാടിന്റെ വികസനവും സാംസ്‌കാരികമായ വളര്‍ച്ചയും ലക്ഷ്യംകണ്ടാണ് അഹ്‌മദ് മാഷ് പത്ര പ്രവര്‍ത്തനം നടത്തിയത് -പ്രമോദ് രാമന്‍ പറഞ്ഞു.
'1980കളുടെ അവസാനം വരെ നമ്മള്‍ ആസ്വദിച്ച, അല്ലെങ്കില്‍ നമ്മള്‍ കണ്ട ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. 90 കള്‍ക്ക് മുമ്പുള്ള ഘട്ടം സാംസ്‌കാരികമായ മുന്നേറ്റങ്ങളും നവോത്ഥാന മൂല്യങ്ങളും നിറഞ്ഞ പുരോഗമനപരതയുടെ കാലമായിരുന്നു. എന്നാല്‍ 80കളുടെ അവസാനത്തോടെ ജാതി-മത-വര്‍ഗീയ ശക്തികളുടെ മുന്നേറ്റം തുടങ്ങി.
80കളുടെ മധ്യത്തിന് മുമ്പുള്ള കാലത്തില്‍ നിന്ന് വര്‍ത്തമാന കാലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് അഹ്‌മദ് മാഷ് ഓര്‍മ്മിക്കപ്പെടുന്നത്. മാഷിന്റെ നിലപാടുകളും ചിന്തകളും എന്തായിരുന്നുവെന്ന് നമ്മള്‍ ഓര്‍ക്കണം.'-അദ്ദേഹം പറഞ്ഞു. 'എവിടെയാണ് വര്‍ഗീയത വളരുന്നത് എന്ന് കണ്ടെത്തുന്നതില്‍ സി.പി.എമ്മിന് വീഴ്ച പറ്റിയിട്ടുണ്ട്. മുസ്ലിം ലീഗ് ഇപ്പോഴും കൂടുതല്‍ തീവ്രവാദികളുടെ കൈകളില്‍ അകപ്പെട്ടിരിക്കുകയാണെന്ന സി.പി.എമ്മിന്റെ നിലപാടിലും വീഴ്ച പറ്റിയിട്ടുണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാന്‍'-പ്രമോദ് രാമന്‍ പറഞ്ഞു.
സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുന്‍ അസി. എഡിറ്റര്‍ ജോസ് ഗ്രെയ്‌സ് അനുസ്മരണ പ്രഭാഷണം നടത്തി. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, കെ.എം. അഹ്‌മദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റഹ്‌മാന്‍ തായലങ്ങാടി, സാഹിത്യവേദി മുന്‍ പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍, കെ.എം. അഹ്‌മദ് ഫൗണ്ടേഷന്‍ മാനേജിങ്ങ് ട്രസ്റ്റി മുജീബ് അഹ്‌മദ് പ്രസംഗിച്ചു. സാഹിത്യവേദി സെക്രട്ടറി എം.വി. സന്തോഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് ടി.എ. ഷാഫി നന്ദിയും പറഞ്ഞു.
വികസനോന്മുഖ വാര്‍ത്തകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അഹ്‌മദ് മാഷ് 1982ല്‍ ഉത്തരദേശം പത്രത്തിന് തുടക്കം കുറിച്ച് നടത്തിയ ക്യാമ്പയിന്‍ 2 വര്‍ഷംകൊണ്ട് തന്നെ ജില്ലാ രൂപീകരണം സാധ്യമാക്കി വിജയം കണ്ടു. ഇന്ന് ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അവ പരിഹരിക്കുന്നതുവരെ മാധ്യമങ്ങള്‍ കാമ്പയിനുകള്‍ നടത്താറുണ്ടെങ്കിലും നാല് പതിറ്റാണ്ട് മുമ്പ് അത്തരമൊരുകാര്യം അധികമാര്‍ക്കും ചിന്തിക്കാന്‍പോലും പറ്റാത്തതായിരുന്നു. നാടിന്റെ വികസനവും സാംസ്‌കാരികമായ വളര്‍ച്ചയും ലക്ഷ്യംകണ്ടാണ് അഹ്‌മദ് മാഷ് പത്ര പ്രവര്‍ത്തനം നടത്തിയത് -പ്രമോദ് രാമന്‍ പറഞ്ഞു
ജോസ് ഗ്രെയ്‌സ് അനുസ്മരണ പ്രഭാഷണം നടത്തുന്നു
ശക്തനായ പ്രതിയോഗി മനസ്സ് കീഴടക്കിയ അനുഭവങ്ങള്‍ വിവരിച്ച് ജോസ് ഗ്രെയ്‌സ്
കാസര്‍കോട്: മാധ്യമങ്ങള്‍ തമ്മില്‍ മാത്സര്യം കടുത്ത കാലത്ത് കാസര്‍കോട്ട് മലയാള മനോരമയുടെയും മാതൃഭൂമിയുടെയും ബ്യൂറോ ചീഫുമാര്‍ വലിയ സൗഹൃദത്തില്‍ വാണ കാലത്തിന്റെ മധുരിതമായ ഓര്‍മ്മകള്‍ പങ്കുവെച്ച് മലയാള മനോരമ മുന്‍ അസി. എഡിറ്റര്‍ ജോസ് ഗ്രെയ്‌സ് നടത്തിയ പ്രഭാഷണം ആസ്വാദ്യകരമായി.
90കളില്‍ മൂന്ന് വര്‍ഷം മനോരമയുടെ കാസര്‍കോട് ബ്യൂറോ ചീഫ് ആയിരുന്ന തന്നോട് അഹ്‌മദ് മാഷ് കാണിച്ച വലിയ വിശാല മനസ്‌കതയെ ജോസ് ഗ്രെയ്‌സ് എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ അഹ്‌മദ് മാഷിലെ പത്രപ്രവര്‍ത്തകനെ മാത്രമല്ല, മാന്യനായ മനുഷ്യനെ കൂടി തുറന്നുകാട്ടുന്നതായി.
'കാസര്‍കോട്ട് ഞാന്‍ വരുമ്പോള്‍ ഇവിടെ കെ.എം. അഹ്‌മദ് എന്ന പ്രതിഭാധരനായ ഒരു പത്രപ്രവര്‍ത്തകനെക്കുറിച്ച് എല്ലാവരും പറഞ്ഞിരുന്നു. അദ്ദേഹം അറിയാതെ കാസര്‍കോട്ട് ഒരില പോലും കൊഴിയില്ലെന്നും അത്രമാത്രം ബന്ധങ്ങളാണ് അദ്ദേഹത്തിനെന്നും പറഞ്ഞ് പലരും എന്നെ ഭയപ്പെടുത്തി. എന്നാല്‍ എനിക്ക് യുദ്ധം ചെയ്‌തേ തീരൂ.
കാസര്‍കോട്ടെത്തി രണ്ട് ദിവസം കഴിഞ്ഞാണ് അഹ്‌മദ് മാഷ് എന്ന മനുഷ്യനെ പ്രസ് ക്ലബ്ബില്‍ വെച്ച് ഞാനാദ്യമായി കാണുന്നത്. അതുവരെ എന്റെ മനസ്സില്‍ ബിംബാകാരമായ ഒരു രൂപം മാത്രമായിരുന്നു അദ്ദേഹം. മാഷ് എന്നെ വന്ന് പരിചയപ്പെട്ടു. ആയിരങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠ നേടിയ അദ്ദേഹം അധികം വൈകാതെ എന്റെ മനസ്സിലും ഒരു വിഗ്രഹമായി മാറി. അഹ്‌മദ് മാഷ് എന്ന വലിയ പാഠപുസ്തകത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. അദ്ദേഹത്തെ മാത്രമേ അദ്ദേഹം ഗൗനിക്കാതിരുന്നിട്ടുള്ളൂ. എല്ലാവരെയും പരിഗണിക്കുകയും സ്‌നേഹിക്കുകയും എല്ലാവരോടും കാരുണ്യം കാണിക്കുകയും ചെയ്തിരുന്നു.
ബന്ധം, വിനയം, ആത്മാര്‍ത്ഥത, ഭാഷ എന്നിവ അഹ്‌മദ് മാഷിനെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തനാക്കുന്നു. കെ.എം. അഹ്‌മദ് മാഷിന്റെ ജീവിതമൂല്യം നമുക്ക് ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ച് തരികയും ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം മാഷ് പകര്‍ന്ന സ്‌നേഹത്തിന്റെ ഒരുപാട് അനുഭവങ്ങളുണ്ട്. എല്ലാം ഇവിടെ വിവരിക്കുക അസാധ്യം'.
മായിപ്പാടി രാജാവ് മരിച്ചപ്പോഴുണ്ടായ അനുഭവം ജോസ് വിവരിച്ചു. 'ഒരു ദിവസം രാത്രിയാണ് മായിപ്പാടി രാജാവ് മരണപ്പെടുന്നത്. രാത്രി 10 മണി കഴിഞ്ഞിരുന്നു. മാഷിന് വാര്‍ത്ത കിട്ടി. മനോരമ ലേഖകനെ കൂടി ഇക്കാര്യം അറിയിക്കണമെന്ന് മായിപ്പാടി കൊട്ടാരത്തില്‍ നിന്ന് മാഷോട് പറഞ്ഞിരുന്നു. എന്നാല്‍ എന്നെ അറിയിക്കാതിരിക്കാന്‍ പല കാരണങ്ങളും അഹ്‌മദ് മാഷിന് പറയാമായിരുന്നു. ഞാനാണെങ്കില്‍ ഓഫീസില്‍ നിന്നിറങ്ങി താമസ സ്ഥലത്ത് എത്തിയിരുന്നു.
ഓഫീസിലേക്ക് വിളിച്ച് മാഷിന് എന്നെ കിട്ടിയില്ല. ഇക്കാര്യം മാത്രം പറഞ്ഞ് എന്നെ വിവരമറിയിക്കുന്നത് ഒഴിവാക്കാമായിരുന്നു. എന്നാല്‍ മാന്യനും വിശാല ഹൃദയനുമായ അഹ്‌മദ് മാഷ് ഓഫീസിലെ സഹായിയായ ബിജുവിനെ എന്റെ താമസ സ്ഥലത്തേക്കയച്ച് രാജാവ് മരണപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. ഞാന്‍ മനോരമയില്‍ വിളിച്ച് ഉടന്‍ വിവരങ്ങള്‍ കൈമാറി. അതുകൊണ്ട് പ്രധാനപ്പെട്ട ഒരു വാര്‍ത്ത മിസ്സാവാതെ മനോരമക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു.
അഹ്‌മദ് മാഷിന്റെ എഴുത്തിലെ ലാളിത്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആരംഭിച്ചു എന്ന് മാഷ് എഴുതില്ല, തുടങ്ങി എന്നേ എഴുതൂ. ഉദ്ഘാനം നിര്‍വ്വഹിച്ചു എന്ന് എഴുതില്ല, ഉദ്ഘാടനം ചെയ്തൂ എന്നേ മാഷ് എഴുതൂ. എഴുത്തിലെ ലളിതമായ ഈ ശൈലി വായനക്കാര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു'.
അഹ്‌മദ് മാഷിനെക്കുറിച്ചുള്ള നിരവധി ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ജോസ് ഗ്രെയ്‌സ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.