ടൂറിസം മേഖലയില്‍ നിക്ഷേപത്തിന് ഒരുങ്ങി കെസെഫ്; പഠനത്തിനായി സമിതിയെ നിയമിച്ചു
കാസര്‍കോട്: കാസര്‍കോട്ട് ടൂറിസം മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങി യു.എ.ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് സോഷ്യോ എക്കണോമിക് ഫോറം (കെസെഫ്).
യു.എ.ഇയിലെ കാസര്‍കോട് ജനതയെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനും അവരുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി രൂപം കൊണ്ട കെസെഫ് നിരവധി സേവന-കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുകയാണ്. ഇതിനിടയിലാണ് നാട്ടില്‍ നല്ലൊരു തുക നിക്ഷേപിക്കണമെന്ന ആശയം ഉയര്‍ന്നുവന്നത്. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ 'നമ്മുടെ കാസ്രോട്' എന്ന പദ്ധതിയിലൂടെ ടൂറിസം മേഖലയില്‍ തുടക്കം കുറിച്ച വികസന പദ്ധതികളുടെ ഭാഗമായി ടൂറിസം മേഖലയില്‍ നിക്ഷേപം ഇറക്കാനാണ് കെസെഫിന്റെ ആലോചന. ഇതിന്റെ മുന്നോടിയായി കെസെഫ് ചെയര്‍മാന്‍ നിസാര്‍ തളങ്കര, നാട്ടിലെ മീഡിയാ കോഡിനേറ്റര്‍ ടി.എ ഷാഫി എന്നിവര്‍ ജില്ലാ കലക്ടറെ സന്ദര്‍ശിച്ചിരുന്നു. നാട്ടില്‍ നിക്ഷേപം ഇറക്കാനുള്ള കെസെഫിന്റെ തീരുമാനത്തെ കലക്ടര്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കെസെഫിന്റെ നാട്ടിലുള്ള അംഗങ്ങളുടെ സംഗമം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും നിക്ഷേപം നടത്തുന്നതിന് നിലവിലെ ചെയര്‍മാന്‍, സെക്രട്ടറി ജനറല്‍, ട്രഷറര്‍ എന്നിവര്‍ക്കൊപ്പം മുന്‍കാല ചെയര്‍മാന്‍മാര്‍, സെക്രട്ടറി ജനറല്‍മാര്‍, ട്രഷറര്‍ എന്നിവരെ ഉള്‍പ്പെടുത്തി കൂടുതല്‍ പഠനത്തിനായി ഒരു സമിതി രൂപീകരിക്കുകയുണ്ടായി.
സംഗമത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജേഷ് കുമാര്‍ ജെ.കെ, സ്‌പെഷ്യല്‍ ഗ്രേഡ് സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ എം. മണികണ്ഠന്‍ പാടി, ഹാപ്പി ടു ഹെല്‍പ്പ് ടൂറിസം കോഡിനേറ്റര്‍ എം.എ ഖാദര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ചെയര്‍മാന്‍ നിസാര്‍ തളങ്കര അധ്യക്ഷത വഹിച്ചു. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും ഹനീഫ് എം.സി നന്ദിയും പറഞ്ഞു.