കാഴ്ച മാധ്യമ പുരസ്‌കാരം ടി.എ ഷാഫിക്കും പി.പി ലിബീഷ് കുമാറിനും സമ്മാനിച്ചു
കാസര്‍കോട്: കാഴ്ച സാംസ്‌കാരിക വേദി കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ സെക്രട്ടറിയും ഉത്തരദേശം ന്യൂസ് എഡിറ്ററുമായിരുന്ന ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫിക്കും, ഇന്ത്യന്‍ എക്‌സ്പ്രസ് കാസര്‍കോട് ബ്യൂറോ ചീഫായിരുന്ന കളത്തില്‍ രാമകൃഷ്ണന്റെ പേരിലുള്ള പുരസ്‌കാരം മാതൃഭൂമി കണ്ണൂര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി.പി ലിബീഷ് കുമാറിനും കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സമ്മാനിച്ചു. ഭരണഘടനയുടെ നാലാം തൂണായ മീഡിയയെ സംരക്ഷിച്ച് നിര്‍ത്തേണ്ട കടമ സമൂഹത്തിനുണ്ടെന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തി ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും എം.പി പറഞ്ഞു. കാഴ്ച പ്രസിഡണ്ട് അഷ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ദേവദാസ് പാറക്കട്ട, അശോകന്‍ നീര്‍ച്ചാല്‍, അശോകന്‍ കറന്തക്കാട് എന്നിവരെ ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായി. കളത്തില്‍ രാമകൃഷ്ണന്‍ അനുസ്മരണം രവീന്ദ്രന്‍ രാവണേശ്വരവും ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി അനുസ്മരണം വി.വി പ്രഭാകരനും നടത്തി. അവാര്‍ഡ് ജേതാക്കളെ എ.പി വിനോദ് പരിചയപ്പെടുത്തി. ടി.എ ഷാഫി, പി.പി ലിബീഷ് കുമാര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
മുജീബ് അഹ്മദ്, വിനോദ് പായം, കളത്തില്‍ രാമകൃഷ്ണന്റെ സഹോദരന്‍ സജീന്ദ്രന്‍ സംസാരിച്ചു. സെക്രട്ടറി ഷാഫി തെരുവത്ത് സ്വാഗതവും കെ.വി പത്മേഷ് നന്ദിയും പറഞ്ഞു.