കാസര്‍കോട് ടൂറിസം ലോഗോ പ്രകാശനം ചെയ്തു

ജില്ലയുടെ പ്രകൃതി സൗന്ദര്യം പ്രയോജനപ്പെടുത്തണം-മന്ത്രി

കാസര്‍കോട്: ജില്ലയുടെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും പ്രയോജനപ്പെടുത്തി ടൂറിസം വളര്‍ത്തണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകവും പ്രകൃതിസൗന്ദര്യവും സജീവമായ ടൂറിസം സാധ്യതകളും പ്രതിനിധീകരിക്കുന്ന പുതിയ കാസര്‍കോട് ടൂറിസം ലോഗോ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ണശബളമായ ചടങ്ങില്‍ ടൂറിസം മേഖലയെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു.

ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സബ് കലക്ടര്‍ പ്രതീക് ജയീന്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതം പറഞ്ഞു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജി. ശ്രീകുമാര്‍, ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പി., കാസര്‍കോട് ജില്ലാ ഹൗസ്ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് അച്ചാംതുരുത്തി, നീലേശ്വരം ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ബിജു രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍ നന്ദിപറഞ്ഞു.

ജില്ലയിലെ ടൂറിസം മേഖലയിലെ സംരംഭകര്‍, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി, നോര്‍ത്ത് മലബാര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ അസോസിയേഷന്‍ ഓഫ് റെസ്‌പോണ്‍സിബിള്‍ ആന്റ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം എന്റര്‍പ്രെണേര്‍സ് ഓഫ് മലബാര്‍, ജില്ലാ ഹോംസ്റ്റേ അസോസിയേഷന്‍, ജില്ല ടൂറിസം ക്ലബ്ബ്, കാസര്‍കോട്, ഇന്‍ടാക്, കാസര്‍കോട് ചാപ്റ്റര്‍, മറ്റ് ടൂറിസം അസോസിയേഷന്‍ പ്രതിനിധികള്‍ സംബന്ധിച്ചു.

കാസര്‍കോട് ടൂറിസത്തിന് പുതിയ ലോഗോ

കാസര്‍കോട്: കാസര്‍കോടിന്റെ തനത് ലാന്‍ഡ്മാര്‍ക്കുകള്‍, പരമ്പരാഗത കലാരൂപങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊച്ചി ആസ്ഥാനമായുള്ള ഡിജിറ്റല്‍ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ ഫോറാര്‍ട്ട് ഡിസൈന്‍സ് ലോഗോ തയ്യാറാക്കിയത്.

ദേശീയ-അന്തര്‍ദേശീയ പ്ലാറ്റ്ഫോമുകളില്‍ കാസര്‍കോടിന്റെ ടൂറിസം സംരംഭങ്ങള്‍ക്ക് ശക്തമായ ബ്രാന്‍ഡ് ഐഡന്റിറ്റി സ്ഥാപിച്ച കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് നിന്നുള്ള ഉമറുല്‍ ഫാറൂഖാണ് ലോഗോ രൂപകല്‍പ്പനയ്ക്ക് പിന്നിലെ സര്‍ഗാത്മക ശക്തി.

സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍ക്ക് ജില്ലയുടെ ടൂറിസം സാധ്യതകള്‍ തുറന്നുകാട്ടുന്ന രീതിയില്‍ സ്വകാര്യടൂറിസം സംരംഭകരുടെ സഹകരണത്തോടെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് നടപ്പിലാക്കുകയാണ് ഡി.ടി.പി.സിയുടെ ലക്ഷ്യം.




Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it