കാഞ്ഞങ്ങാട്ട് തെരുവ് നായകളുടെ വിളയാട്ടം വീണ്ടും വ്യാപകമാകുന്നു

അഞ്ചുപേര്‍ക്ക് കടിയേറ്റു

കാഞ്ഞങ്ങാട്: തെരുവ് നായ്ക്കളുടെ വിളയാട്ടം വീണ്ടും വ്യാപകമാവുകയാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ പല റോഡുകളും നായക്കൂട്ടം കൈയേറിയിരിക്കുകയാണ്. ഉള്‍പ്രദേശത്തെ റോഡുകളിലാണ് നായക്കൂട്ടം സൈ്വര വിഹാരം നടത്തുന്നത്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളിലും ട്രാക്കുകളിലും നായകളുടെ ശല്യമുണ്ട്. പ്ലാറ്റ്‌ഫോമില്‍ കൂട്ടത്തോടെ തമ്പടിക്കുന്നതിനാല്‍ യാത്രക്കാര്‍ ഭയത്തോടെയാണ് ഇവിടെ ട്രെയിനുകള്‍ കാത്തുനില്‍ക്കുന്നത്. കാഞ്ഞങ്ങാട്-പാണത്തൂര്‍ റോഡില്‍ പലയിടങ്ങളും നായകളെ കൂട്ടത്തോടെ കാണാം. ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് ഇത് ഭീഷണിയാകുന്നത്.

ഇന്നലെ അഞ്ച് പേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. കവ്വായിയിലെ രവി (54), പുതുവൈയിലെ ചന്ദ്രിക (53), ജില്ലാ ആസ്പത്രിക്ക് സമീപത്തെ അനിത (55), ആലയിയിലെ വസന്തന്‍ (50), മടിക്കൈ പഞ്ചായത്ത് മുന്‍ അംഗം ഇന്ദിര (60) എന്നിവര്‍ക്കാണ് കടിയേറ്റത്. ജോലിക്ക് പോകുന്നതിനിടെയാണ് നായകള്‍ ആക്രമിച്ചത്. ജില്ലാ ആസ്പത്രിക്ക് സമീപത്താണ് സംഭവം. ഇവര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി മുഖത്തും കൈകാലുകള്‍ക്കുമാണ് കടിയേറ്റത്. അതിനിടെ ഒരു നായ പേയിളകിയതാണോയെന്ന സംശയം ആശങ്ക പരത്തി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it