കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ വികസനം പ്രഖ്യാപിച്ചത് 14 കോടിയുടെ പദ്ധതികള്‍; തുടര്‍ നടപടികള്‍ ഇഴയുന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്റെ വികസനത്തിന് വേണ്ടി 14 കോടിയിലധികം രൂപയുടെ പദ്ധതികള്‍ റെയില്‍വെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഇഴയുന്നു. റെയില്‍വെ സ്റ്റേഷന്റെ വടക്കുഭാഗത്ത് മേല്‍നടപ്പാലം നിര്‍മ്മിക്കാന്‍ റെയില്‍വെ അനുമതി നല്‍കിയിട്ട് ഏഴുവര്‍ഷത്തിലധികമായി. ഇതിന്റെ ടെണ്ടര്‍ വിളിച്ചെങ്കിലും കോവിഡിന്റെയും ലോക്ഡൗണിന്റെയും പേരില്‍ നിര്‍ത്തിവച്ചു. പിന്നീട് കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് റദ്ദാക്കുകയും ചെയ്തു. മേല്‍നടപ്പാലത്തിന്റെ കാര്യം റെയില്‍വെ മറന്നിരിക്കെയാണ് ഇക്കഴിഞ്ഞ സെപ്തംബര്‍ 14ന് രാത്രി ഉത്രാട ദിനത്തില്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്റെ വടക്കുഭാഗത്ത് പാളം മുറിച്ചുകടക്കുമ്പോള്‍ കോട്ടയം സ്വദേശിനികളായ മൂന്ന് സ്ത്രീകള്‍ തീവണ്ടി തട്ടി മരിച്ചത്. ഇതോടെ മേല്‍ നടപ്പാലം വേണമെന്ന ആവശ്യം വീണ്ടുമയരുകയും റെയില്‍വെ ഉദ്യോഗസ്ഥര്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിച്ച് മേല്‍നടപ്പാലത്തിന്റെ പ്രവൃത്തി മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നാലുമാസം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. ഇപ്പോള്‍ മേല്‍നടപ്പാലത്തിന് 5.5 കോടി രൂപയുടെ എസ്റ്റിമേറ്റ് റെയില്‍വെ തയ്യാറാക്കിയതായാണ് അറിയിച്ചിരിക്കുന്നത്. പാലക്കാട് ഡിവിഷണല്‍ ഓഫീസ് തയ്യാറാക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയില്‍വെ ഹെഡ് ക്വാര്‍ട്ടേഴ്സിന് കൈമാറിയെന്നാണ് വിവരം. എന്നാല്‍ ഇതിന്റെ ഫയലുകള്‍ മുന്നോട്ട് പോകാനും തുക പാസാകാനും കടമ്പകള്‍ ഏറെയുണ്ട്. എസ്റ്റിമേറ്റും അനുബന്ധ രേഖകളും ഡല്‍ഹിയിലെ റെയില്‍വെ ബോര്‍ഡിന് സമര്‍പ്പിക്കേണ്ടതുണ്ട്. ഇവിടെ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എന്ന് സമര്‍പ്പിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇനി എന്നെങ്കിലും സമര്‍പ്പിച്ചാല്‍ റെയില്‍വെ ബോര്‍ഡിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. അപ്പോഴേക്കും എത്രനാളത്തെ കാത്തിരിപ്പ് വേണ്ടിവരുമെന്നാണ് ചോദ്യമുയരുന്നത്.
എസ്‌കലേറ്ററോടുകൂടിയ മേല്‍നടപ്പാലത്തിന് പുറമെ സ്റ്റേഷനിലെ പാര്‍ക്കിംഗ് വികസനം, സ്റ്റേഷന്‍ റോഡ് നവീകരണം, ഡ്രെയ്നേജ് സംവിധാനം, പ്ലാറ്റ് ഫോമുകളില്‍ മേല്‍ക്കൂര എന്നിവയ്ക്കായി 9.5 കോടി രൂപയുടെ എസ്റ്റിമേറ്റും ഡിവിഷനല്‍ ഓഫീസ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ച് മാസങ്ങളായിട്ടും മന്ദഗതിയിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍