സി.പി.എം ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് ഉജ്ജ്വല തുടക്കം
![സി.പി.എം ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് ഉജ്ജ്വല തുടക്കം സി.പി.എം ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് ഉജ്ജ്വല തുടക്കം](https://utharadesam.com/h-upload/2025/02/05/470890-2.webp)
സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് രാവിലെ കാഞ്ഞങ്ങാട് കോട്ടച്ചേരി മാവുങ്കാല്‍ റോഡരികിലെ സമ്മേളന നഗരിയില്‍ തുടക്കം കുറിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പി. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, ടി.പി രാമകൃഷ്ണന്‍, പി. ജയരാജന്‍, പി.കെ ബിജു, എം.വി ജയരാജന്‍, പി. കരുണാകരന്‍, എം.വി ബാലകൃഷ്ണന്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, വി.വി രമേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ 27,907 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നുള്ള 281 പ്രതിനിധികളും 36 ജില്ലാ കമ്മിറ്റി അംഗങ്ങളും അടക്കം 317 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ പതാക, കൊടിമര, ദിപശിഖാ ജാഥകള്‍ റെഡ് വളണ്ടിയര്‍മാരുടെയും നൂറുകണക്കിന് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ സമ്മേളന നഗരയിലെത്തിച്ചു. തുടര്‍ന്ന് രാത്രി 8 മണിയോടെ നോര്‍ത്ത് കോട്ടച്ചേരിയിലെ പൊതുസമ്മേളന വേദിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ വി.വി രമേശന്‍ പതാക ഉയര്‍ത്തി.
പ്രതിനിധി സമ്മേളനം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാകുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം പാര്‍ട്ടിയെ പൊള്ളിച്ച ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയാകും. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും നേതാക്കള്‍ ഉള്‍പ്പെട്ട വിവാദങ്ങളുമടക്കമുള്ള സംഭവ വികാസങ്ങള്‍ പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചക്ക് വരും.
സി.പി.എം ജില്ലാ കമ്മിറ്റിയെ നയിക്കാന്‍ പുതുമുഖമോ ?
സി.എച്ച് കുഞ്ഞമ്പുവോ എം. രാജഗോപാലനോ സെക്രട്ടറിയായേക്കുമെന്ന് സൂചന
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനെ ചുവപ്പണിയിച്ച് സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചതോടെ ജില്ലാ കമ്മിറ്റിയെ ഇനി ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചു. പുതുമുഖമാവും ഇനി സി.പി.എമ്മിനെ നയിക്കുകയെന്നാണ് സൂചന. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് കേള്‍ക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് പ്രായത്തില്‍ ഇളവ് നല്‍കിയാല്‍ മാത്രമാണ് നിലവിലെ സെക്രട്ടറി എം.വി ബാലകൃഷ്ണനെ നിലനിര്‍ത്തുക. 75 വയസെന്ന പ്രായകടമ്പയാണ് അദ്ദേഹത്തിന് മുന്നിലെ പ്രധാന തടസം.പകരം ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവോ തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലനോ സെക്രട്ടറിയായേക്കുമെന്നാണ് വിവരം. നിലവിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ജനാര്‍ദ്ദനന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിട്ടുണ്ട്. എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പുവും എം. രാജഗോപാലനും 2026ല്‍ രണ്ട് ടേം പൂര്‍ത്തിയാക്കുകയും ചെയ്യും. പല ജില്ലകളിലും സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പുതുമുഖങ്ങള്‍ക്ക് പരിഗണന നല്‍കിയിരുന്നു. കാസര്‍കോട്ടും ഇത് ആവര്‍ത്തിക്കുമെന്നാണ് സൂചന.
36 അംഗങ്ങളാണ് നിലവില്‍ സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയിലുള്ളത്. ഇതില്‍ കെ.പി വത്സലന്‍ മരണപ്പെടുകയും ടി.കെ രവിയെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. എം.വി കൃഷ്ണന്‍, കെ. അപ്പുക്കുട്ടന്‍, പി.ആര്‍ ചാക്കോ, കെ. കുഞ്ഞിരാമന്‍, ഇ. കുഞ്ഞിരാമന്‍, സുബ്ബണ്ണ ആല്‍വ, പി. രഘുദേവന്‍ എന്നിവര്‍ പ്രായപരിധിയാലും മറ്റു കാരണങ്ങളാലും ഇത്തവണ ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരാണ്. ഇതോടെ 9 ഒഴിവുകളുണ്ടാകുമെന്നാണ് അറിയുന്നത്.
12 ഏരിയ സെക്രട്ടറിമാരില്‍ ആറുപേര്‍ ജില്ലാ കമ്മിറ്റിയിലുണ്ട്. ശേഷിക്കുന്നവരില്‍ സീനിയോറിറ്റി പരിഗണിച്ച് മാധവന്‍ മണിയറ, സി.എ സുബൈര്‍, എ. അപ്പുകുട്ടന്‍ എന്നിവര്‍ കമ്മിറ്റിയിലെത്തിയേക്കും. കെ. സബീഷ്, എം. രാഘവന്‍, ഷാലുമാത്യു, പാറക്കോല്‍ രാജന്‍, രജിഷ് വെള്ളാട്ട് എന്നിവര്‍ പുതുമുഖങ്ങളായെത്തുമെന്നാണ് വിവരം. സെക്രട്ടേറിയറ്റ് അംഗമായിരുന്ന വി.പി.പി മുസ്തഫ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചയാളാണ്.