ഇത്തിഹാദ് മുഹമ്മദ് ഹാജിക്ക് 6ന് കാന്തപുരം അവാര്‍ഡ് സമ്മാനിക്കും
കാസര്‍കോട്: ജി.സി.സി രാഷ്ട്രങ്ങളിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആറാമത് ത്വാഹിര്‍ തങ്ങള്‍ മെമ്മോറിയല്‍ അവാര്‍ഡ് ദാനം 6ന് വ്യാഴാഴ്ച രാത്രി പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും. ഇത്തിഹാദ് മുഹമ്മദ് ഹാജിയെയാണ് ഇത്തവണ അവാര്‍ഡിന് തിരഞ്ഞെടുത്തത്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ആദ്യകാല മദ്രസ സ്ഥാപിക്കുകയും സ്ഥാപന സംഘടന നേതൃരംഗത്ത് സജീവ സാന്നിധ്യവുമാണ് ഇത്തിഹാദ് മുഹമ്മദ് ഹാജി. എസ്.എം.എ ജില്ലാ വൈസ് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ വൈസ് പ്രസിഡണ്ടുമാണ്. ദീര്‍ഘകാലം മുംബൈയില്‍ മുഹിമ്മാത്തിന്റെ പ്രസിഡണ്ടായിരുന്നു. ലത്തീഫ് സഅദി ഉറുമി ചെയര്‍മാനും സത്താര്‍ കോരിക്കാര്‍ കണ്‍വീനറും എന്‍.എ ബക്കര്‍ അംഗടിമുഗര്‍ ട്രഷററുമായുള്ള ഫോറമാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.