വിവിധ രാജ്യങ്ങളിറക്കിയ ഗാന്ധി സ്റ്റാമ്പുകളുടെ അപൂര്‍വ ശേഖരവുമായി ഇര്‍ഷാദ്

കാസര്‍കോട്: ലോകത്തെ വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ ഗാന്ധി സ്റ്റാമ്പുകളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി മൊഗ്രാല്‍പുത്തൂര്‍ സ്വദേശി കെ.എം ഇര്‍ഷാദ്. ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയ വിവിധ ഗാന്ധി സ്റ്റാമ്പുകളും ഇര്‍ഷാദിന്റെ ശേഖരണത്തിലുണ്ട്.
ലോകത്തെ ഏറ്റവും കൂടുതല്‍ രാജ്യങ്ങുളുടെ സ്റ്റാമ്പുകളില്‍ അച്ചടിക്കപ്പെട്ട മഹത് വ്യക്തിത്വമാണ് മഹാത്മാ ഗാന്ധി. 150ഓളം രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കായ് വിവിധ കാലങ്ങളിലായി സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ 60ലധികം രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ ഇര്‍ഷാദിന്റെ കൈവശമുണ്ട്. ഗാന്ധിജിയുടെ 100-ാം ജന്മശതാബ്ദിയോടും 150-ാം ജന്മശതബ്ദിയോടും അനുബന്ധിച്ച് ഇറക്കിയതാണ് കൂടുതല്‍ സ്റ്റാമ്പുകളും.
2018ല്‍ ഇന്ത്യ ആദ്യമായി പുറത്തിറക്കിയ വൃത്താകൃതിയിലുള്ള സ്റ്റാമ്പടക്കം നിരവധി വ്യത്യസ്തങ്ങളായ സ്റ്റാമ്പുകളും ഇര്‍ഷാദിന്റെ ശേഖരണത്തിലുണ്ട്. സ്‌കൂള്‍ കാലം തൊട്ടേ ശേഖരണ രംഗത്തുള്ള ഇര്‍ഷാദിന്റെ പക്കല്‍ വിവിധ രാജ്യങ്ങളുടെ മറ്റു സ്റ്റാമ്പുകളുടെയും കറന്‍സി, നാണയങ്ങളുടെയും ശേഖരവും ഉണ്ട്. വിവിധ ഫിലാറ്റലിക്ക്, ന്യുമിസ്മാറ്റിക് ക്ലബ്ബുകളില്‍ അംഗം കൂടിയാണ് ഇര്‍ഷാദ്.