വന്യമൃഗശല്യം നിയന്ത്രിക്കുന്നതില്‍ കേരള-കേന്ദ്ര സര്‍ക്കാരുകള്‍ സമ്പൂര്‍ണ്ണ പരാജയം-കെ. സുധാകരന്‍ എം. പി

ബോവിക്കാനത്ത് ഉപവാസ സമരം നടത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് നാരങ്ങാ നീര് നല്‍കി കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി. ഉപവാസം അവസാനിപ്പിക്കുന്നു
കാസര്‍കോട്: വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാട്ടില്‍ നിന്നും മനുഷ്യരുടെ ആവാസവ്യവസ്ഥയിലേക്ക് വന്യമൃഗങ്ങള്‍ കടന്നുകയറി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും മനുഷ്യ ജീവന് അപകടകരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന സര്‍ക്കാരുകളുടെ നിസ്സംഗമായ സമീപനം ഏറെ പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി പ്രസ്താവിച്ചു.
ജില്ലയില്‍ ജനവാസ മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ബോവിക്കാനത്ത് നടത്തിയ 12 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് അദ്ദേഹം നാരങ്ങാനീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, ഫാദര്‍ മാത്യു ഇളംതുരുത്തിപ്പടവില്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഹക്കീം കുന്നില്‍, രമേശന്‍ കരുവാച്ചേരി, എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, ജയിംസ് പന്തമാക്കല്‍, സാജിദ് മവ്വല്‍, എം.സി പ്രഭാകരന്‍, ബി.പി പ്രദീപ് കുമാര്‍, ഖാദര്‍ മാങ്ങാട്, സി.വി ജയിംസ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, സോമശേഖര ഷേണി, അഡ്വ: പി.വി സുരേഷ്, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, ടി. ഗോപിനാഥന്‍ നായര്‍, വി. ഗോപകുമാര്‍, സി. അശോക് കുമാര്‍ സംസാരിച്ചു.