വിവര്‍ത്തകന്‍ കെ.കെ ഗംഗാധരന്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ വിവര്‍ത്തകനും കാസര്‍കോട് സ്വദേശിയുമായ കെ.കെ. ഗംഗാധരന്‍ (79) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരുവിലെ എം.എസ്. രാമയ്യ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കരള്‍, വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട് കാറഡുക്ക സ്വദേശിയാണ്. വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം. സാഹിത്യ വിവര്‍ത്തനത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. തിരഞ്ഞെടുത്ത മലയാള ചെറുകഥകളുടെ കന്നഡ പരിഭാഷക്കാണ് പുരസ്‌കാരം. വര്‍ഷങ്ങളായി ബംഗളൂരുവിലെ മഗഡി റോഡിലാണ് കുടുംബസമേതം താമസം. മലയാളത്തില്‍ നിന്ന് നിരവധി കൃതികള്‍ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എം.ടി., ടി. പത്മനാഭന്‍, മാധവിക്കുട്ടി എന്നിവരുടെ കഥകളാണ് കൂടുതലും കന്നഡയിലേക്ക് മൊഴിമാറ്റിയത്. ദ്രാവിഡ ഭാഷാ വിവര്‍ത്തക സംഘം മുതിര്‍ന്ന അംഗമാണ്. റെയില്‍വെയുടെ തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രാധ. മകന്‍: ശരത്കുമാര്‍ (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, ബംഗളൂരു). മരുമകള്‍: രേണുക.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it