കെ.വി കുഞ്ഞിരാമനുള്‍പ്പെടെ നാല് സി.പി.എം നേതാക്കള്‍ ജയില്‍ മോചിതരായി

നേതാക്കള്‍ക്കുള്ള സ്വീകരണം അവസാന നിമിഷം വേണ്ടെന്നുവെച്ചു

കാസര്‍കോട്: കല്യോട്ട് ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിയില്‍ സ്റ്റേ ലഭിച്ചതോടെ മുന്‍ ഉദുമ എം.എല്‍.എ കെ.വി കുഞ്ഞിരാമനുള്‍പ്പെടെ നാല് സി.പി.എം നേതാക്കള്‍ ജയില്‍ മോചിതരായി. കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ കെ.വി ഭാസ്‌ക്കരന്‍, രാഘവന്‍ വെളുത്തോളി എന്നിവരാണ് ഇന്ന് രാവിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പ്രതികളെ സ്വീകരിക്കാനായി സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, സി.പി.എം സംസ്ഥാന സമിതിയംഗം കെ.പി സതീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ ജയിലിലെത്തിയിരുന്നു. കാസര്‍കോട് നിന്നുള്ള കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും കണ്ണൂരിലേക്ക് പോയി. ഹൈക്കോടതിയാണ് നാല് സി.പി.എം നേതാക്കള്‍ക്കുള്ള ശിക്ഷ സ്റ്റേ ചെയ്തത്. ജയില്‍ മോചിതരായ നേതാക്കള്‍ക്ക് സ്വീകരണം നല്‍കാന്‍ ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. സ്വീകരണം സംഘടിപ്പിക്കാന്‍ പൊലീസ് അനുമതി നല്‍കിയില്ലെന്നാണ് സൂചന. കൂടാതെ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഇതില്‍ എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് സ്വീകരണപരിപാടി റദ്ദാക്കിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് സി.പി.എം യാതൊരു തരത്തിലുള്ള സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്ന് എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ കോടതിയുടെ നിരീക്ഷണത്തിന് തെളിവൊന്നുമില്ല. അപ്പീല്‍ കോടതിയില്‍ മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോവുമെന്നും എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. നേരത്തെ പ്രതികളെ ജയിലിലേക്ക് എത്തിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പെടെ മുദ്രാവാക്യം വിളിച്ചാണ് വന്നത്. പി. ജയരാജനും എത്തിയിരുന്നു. ഇന്നലെ പി.കെ ശ്രീമതിയും പി.പി ദിവ്യയും ജയിലിലെത്തിയിരുന്നു. അപ്പീലില്‍ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവരും വൈകാതെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. കേസിലെ 1 മുതല്‍ 8 വരെ പ്രതികളായ എ. പീതാംബരന്‍, സജി സി. ജോര്‍ജ്, കെ.എം സുരേഷ്, കെ. അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും കെ.വി കുഞ്ഞിരാമനടക്കം 4 സി.പി.എം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ. പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it