കാറില്‍ കടത്തിയ എം.ഡി.എം.എയുമായി പിടിയിലായ ദമ്പതികള്‍ അടക്കം നാല് പ്രതികള്‍ റിമാണ്ടില്‍
ആദൂര്‍: കാറില്‍ കടത്തിയ 100.76 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് കോട്ടക്കണ്ണി പള്ളി ക്വാര്‍ട്ടേഴ്സിലെ പി.എം ഷാനവാസ്(42), ഭാര്യ ഷെരീഫ(40), ഷാനവാസിന്റെ സഹോദരി ചട്ടഞ്ചാല്‍ എം.എഫ് മന്‍സിലിലെ പി.എം ഷുഹൈബ(38), മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.കെ മുഹമ്മദ് സഹദ്(26) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ 5.30 മണിയോടെ ബോവിക്കാനം-കുറ്റിക്കോല്‍ റോഡിലെ മഞ്ചക്കല്ലില്‍ പൊലീസ് ജീപ്പ് കുറുകെയിട്ട് കാര്‍ തടയുകയായിരുന്നു. ബേക്കല്‍ ഡി. വൈ.എസ്.പി വി.വി മനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ എസ്.ഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നുവെന്നാണ് ഡി.വൈ.എസ്.പിക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആദൂര്‍ പാലത്തിന് സമീപം വാഹനപരിശോധന നടത്തുകയായിരുന്നു. കാറില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരമല്ലാതെ നമ്പര്‍ പൊലീസിന് ലഭിച്ചിരുന്നില്ല. പ്രതികള്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 14 എ.ഡി-6009 നമ്പര്‍ കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയാണുണ്ടായത്. ഇതോടെ പൊലീസ് കാറിനെ പിന്തുടര്‍ന്നു. കോട്ടൂരിലെത്തിയപ്പോള്‍ കാര്‍ അതിവേഗതയില്‍ പയര്‍പ്പള്ളം റോഡില്‍ കയറി. പയര്‍പ്പള്ളത്ത് നിന്ന് ഇരിയണ്ണിയിലൂടെ മഞ്ചക്കല്‍ ഡിപ്പോയ്ക്ക് സമീപമെത്തിയപ്പോള്‍ മറ്റൊരു പൊലീസ് ജീപ്പെത്തി കാര്‍ തടഞ്ഞു. ഷാനവാസായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പരിശോധനയില്‍ 100. 76 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ഷാനവാസിന്റെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പ്ലാസ്റ്റിക് കവറിലാണ് പൊതിഞ്ഞിരുന്നത്. മുഹമ്മദ് സഹദ് ഷാനവാസിനൊപ്പം മുന്‍ സീറ്റിലായിരുന്നു. ഷെരീഫയും ഷുഹൈബയും പിന്‍സീറ്റിലായിരുന്നു. ഷുഹൈബയുടെ മടിയില്‍ രണ്ടുവയസുള്ള കുട്ടിയുമുണ്ടായിരുന്നു. മയക്കുമരുന്ന് കടത്തുമ്പോള്‍ പൊലീസ് പരിശോധനയുണ്ടായാല്‍ സംശയം തോന്നാതിരിക്കാനാണ് സ്ത്രീകളെയും കുട്ടിയെയും ഒപ്പം കൂട്ടിയത്. ബംഗളൂരുവില്‍ നിന്നാണ് എം.ഡി.എം.എ കടത്തിക്കൊണ്ടുവന്നത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജയകുമാര്‍, ഡ്രൈവര്‍ ഹരീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ എം.സി രമ്യ, സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജിന്‍ കുമാര്‍ തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
മുഹമ്മദ് സഹദ് കൊച്ചിയിലും എം.ഡി.എം.എ കടത്ത് കേസില്‍ പ്രതി
മുള്ളേരിയ: ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ എം.ഡി.എം.എ കടത്തുന്നതിനിടെ പിടിയിലായ സംഘത്തില്‍പ്പെട്ട മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.കെ മുഹമ്മദ് സഹദ്(26) ഇതിന് മുമ്പും മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതി. ഫോര്‍ട്ട് കൊച്ചിയില്‍ എം.ഡി.എം.എ കടത്തുന്നതിനിടെ സഹദ് പൊലീസ് പിടിയിലായിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിന് സഹദിനെ വിദ്യാനഗര്‍ പൊലീസും അറസ്റ്റ് ചെയ്തിരുന്നു.
അതേ സമയം ഷാനവാസിനെതിരെ മറ്റ് കേസുകളൊന്നുമില്ല. വാടകയ്ക്കെടുത്ത കാറാണ് പ്രതികള്‍ മയക്കുമരുന്ന് കടത്താനുപയോഗിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ചെമ്മനാട് സ്വദേശിയാണ് കാര്‍ വാടകയ്ക്ക് നല്‍കിയത്. കാറിന്റെ ഉടമസ്ഥനെ പൊലീസ് ചോദ്യം ചെയ്യും. സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഇതിന് മുമ്പും ഇവര്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കുട്ടികളുള്ള വാഹനങ്ങള്‍ പൊലീസ് പരിശോധിക്കില്ലെന്ന് കരുതിയാണ് അവരെ മറയാക്കി മയക്കുമരുന്ന് കടത്തുന്നത്. കണ്ണൂര്‍- കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്നതിനാല്‍ തുടര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലാണ്.