പൊലീസ് കസ്റ്റഡിയിലെടുത്ത പഞ്ചായത്ത് വൈസ് പ്രസിഡണ്ടുള്‍പ്പെടെ 5 പേരെ വിട്ടയച്ചു

കുമ്പള: ആരിക്കാടി കോട്ടയിലെ കിണറില്‍ നിന്ന് നിധി കുഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത പഞ്ചായത്ത് വൈസ് പ്രസിഡണ്ടടക്കം അഞ്ച് പേരെ വിട്ടയച്ചു. രണ്ട് കാറുകളും പിക്കാസ്, കൈക്കോട്ട്, കയര്‍, കൊട്ട എന്നിവയും കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ എന്ന മുജീബ് റഹ്മാന്‍ (40), പൊവ്വല്‍ മുളിയാറിയിലെ ഫിറോസ്(27), മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ജാഫര്‍ (40), പാലക്കുന്ന് കുന്നുങ്കൈയിലെ അജാസ്(26), നിലേശ്വരം ബങ്കളത്തെ സഹദുദ്ധീന്‍(26) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി. വിനോദ് കുമാര്‍, കുമ്പള എസ്.ഐ കെ.കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് നാല് മണിക്കാണ് രണ്ടു കാറുകളിലായി അഞ്ചംഗ സംഘം ആരിക്കാടി കോട്ടക്ക് സമീപത്തെ കിണറിന്റെ സമീപത്തെത്തിയത്. കാടു മൂടിയ ആള്‍മറയില്ലാത്ത കിണറിലേക്ക് സമീപത്തെ മരത്തിന്റെ വേര് ഇറങ്ങിയിട്ടുണ്ട്. ഇതില്‍ പിടിച്ചാണ് രണ്ട് പേര്‍ കിണറിലേക്ക് ഇറങ്ങിയത്. സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ ഇവരെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്. നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രണ്ട് കാറുകളും പണി സാധനങ്ങളും മറ്റും കസ്റ്റഡിയിലെടുത്തു. ഫിറോസ് ഇവിടെ നിധിയുണ്ടെന്ന് മുജിബ് റഹ്മാനോട് പറയുകയും മറ്റു മൂന്ന് പേരോട് സംഭവം പറയുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇവര്‍ നിധി തേടി ഇന്നലെ ഇറങ്ങിയത്. നിയമവശം പരിശോധിച്ചതിന് ശേഷം കേസ് പുരാവസ്തു അധികൃതര്‍ക്ക് കൈമാറുമെന്ന് കുമ്പള പൊലീസ് പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it