എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്യില്ല; കുടുംബത്തിന് എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ കരുതല്‍

മഞ്ചേശ്വരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികള്‍ ബാങ്ക് നിര്‍ത്തിവെച്ചു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് എം.എല്‍.എയുടെ ഇടപെടലാണ് കുടുംബത്തിന് ആശ്വാസമായത്. മീഞ്ച ബാളിയൂര്‍ സ്വദേശി പ്രസാദിന്റെയും ബീനയുടെയും മകള്‍ തീര്‍ത്ഥ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയാണ്. ഈ കുടുംബത്തെ കുടിയൊഴിപ്പിക്കാന്‍ കേരള ഗ്രാമീണ്‍ ബാങ്ക് മിയാപ്പദവ് ശാഖ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ സ്ഥലവും ഇതിലുള്ള കെട്ടിടവും ഗ്രാമീണ ബാങ്കിന്റെ അധീനതയിലുള്ളതാണെന്നും സ്ഥലം ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ബോര്‍ഡിലെ വാചകങ്ങള്‍. ജപ്തി ഭീഷണി നേരിട്ടതോടെ കുടുംബം കണ്ണീരിലായി. വിവരമറിഞ്ഞ് എ.കെ.എം അഷ്റഫ് എം.എല്‍.എ പ്രസാദിന്റെ വീട്ടിലെത്തുകയും കടബാധ്യത ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ തീര്‍ത്ഥയുടെ ചികിത്സക്കായി ഒമ്പത് വര്‍ഷം മുമ്പാണ് കുടുംബം ഗ്രാമീണ ബാങ്ക് മിയാപ്പദവ് ശാഖയില്‍ നിന്ന് ലോണെടുത്തത്. എന്നാല്‍ സാമ്പത്തികബുദ്ധിമുട്ട് കാരണം കുടുംബത്തിന് പണം തിരിച്ചടക്കാനായില്ല. പലിശയടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് കുടുംബത്തിനുണ്ടായത്. പിന്നീടാണ് ബാങ്ക് അധികൃതര്‍ ജപ്തി ഭീഷണി മുഴക്കുന്ന ബോര്‍ഡ് സ്ഥാപിച്ചത്. എ.കെ.എം അഷ്‌റഫ് ബാങ്ക് അധികൃതരുമായി സംസാരിക്കുകയും 3.70 ലക്ഷം രൂപ അടക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെ ജപ്തി ഭീഷണിയില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബം ഒഴിവായി. 10 ദിവസത്തിനകം ബാങ്കില്‍ തുകയടക്കാമെന്ന് എം.എല്‍.എ വ്യക്തമാക്കി. പരമാവധി ഇളവ് നല്‍കി ഒറ്റത്തവണയില്‍ വായ്പ തീര്‍പ്പാക്കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it