കെട്ടിടത്തിന് നമ്പര്‍ റദ്ദാക്കിയതിന് കയ്യേറ്റം: നഗരസഭാ സെക്രട്ടറി പൊലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കി
കാസര്‍കോട്: വ്യാജ ഒപ്പിട്ട് സ്വകാര്യ കെട്ടിടത്തിന് നല്‍കിയ നമ്പര്‍ റദ്ദാക്കിയതിന്റെ പേരില്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറി പി.എ ജസ്റ്റിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരസഭാ സെക്രട്ടറി പി.എ ജസ്റ്റിനെയാണ് ശനിയാഴ്ച വൈകിട്ട് 5.30ഓടെ ജോലി കഴിഞ്ഞ് നഗരസഭാ ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ ഓഫീസിന് മുന്നില്‍ വെച്ച് രണ്ടംഗസംഘം മര്‍ദ്ദിച്ചത്. ജസ്റ്റിന്‍ ഇന്ന് രാവിലെ കാസര്‍കോട് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കി.
തളങ്കരയിലെ ഒരു കെട്ടിടത്തിന് തന്റെ വ്യാജ ഒപ്പിട്ട് കെട്ടിട നമ്പര്‍ അനുവദിക്കുകയും പിന്നീട് നടത്തിയ ഫയല്‍ പരിശോധനയില്‍ ഒപ്പിട്ടത് വ്യാജമാണെന്ന് തെളിഞ്ഞതോടെ നമ്പര്‍ റദ്ദാക്കുകയും ചെയ്ത വിരോധത്തിലാണ് തന്നെ കയ്യേറ്റം ചെയ്തതെന്ന് ജസ്റ്റിന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ജസ്റ്റിന്‍ നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. കയ്യേറ്റത്തെ കുറിച്ച് ആദ്യം നഗരസഭാ അംഗങ്ങളുടെയും ജീവനക്കാരുടെയും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയക്കുകയും പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് ഇമെയില്‍ വഴി പരാതി അയച്ചു കൊടുക്കുകയുമായിരുന്നു. പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്നലെ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. മൊഴി രേഖപ്പെടുത്താന്‍ സ്റ്റേഷനില്‍ നേരിട്ട് ഹാജരാവണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 10 മണിയോടെയാണ് നഗരസഭാ സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായത്. കയ്യേറ്റം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടാകുമെന്ന് പരാതിയില്‍ ബോധിപ്പിച്ചതിനാല്‍ ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ടുനില്‍ക്കെയാണ് രണ്ടംഗസംഘം അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതെന്ന് ജസ്റ്റിന്റെ പരാതിയിലുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ നഗരസഭാകവാടത്തിന് മുന്നില്‍ പ്രകടനം നടത്തി.
വ്യാജ ഒപ്പിടാന്‍ സഹായിച്ച നഗരസഭയിലെ ഉയര്‍ന്ന ഓഫീ സര്‍ക്ക് മെമ്മോ നല്‍കുമോ എന്നു ചോദിച്ച് അസഭ്യം പറ ഞ്ഞായിരുന്നു കയ്യേറ്റമെന്നും ഒരാള്‍ തല കൊണ്ടിടിക്കുകയും കാല്‍മുട്ട് കൊണ്ട് അടിവയറിന്റെ താഴ്ഭാഗത്ത് ഇടിക്കുകയും ജീവനോടെ തിരിച്ചുപോകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചുമലില്‍ അടിക്കുകയും ചെയ്തതായി നഗരസഭാ സെക്രട്ടറിയുടെ പരാതിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.