കലക്ടറേറ്റിലെ സൗമ്യസാമീപ്യം പ്രഭാകരന്‍ പി. വിരമിച്ചു

കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റിലെ സൗമ്യസാമീപ്യവും ഏതൊരാള്‍ക്കും മടികൂടാതെ ചെല്ലാവുന്ന പരോപകാരിയുമായിരുന്ന ജില്ലാ ഫിനാന്‍സ് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് പ്രഭാകരന്‍ പി. സര്‍വീസില്‍ നിന്ന് വിരമിച്ചു. കലക്ടറേറ്റില്‍ ചെല്ലുന്നവര്‍ക്കൊക്കെ അത്താണിയായിരുന്നു പ്രഭാകരന്‍. കലക്ടര്‍മാരെ കാണാനും പലര്‍ക്കും ഏറ്റവും എളുപ്പ വഴിയായിരുന്നു സദാ നേരവും കര്‍ത്തവ്യ നിരതനായിരുന്ന ഈ ഉദ്യോഗസ്ഥന്‍.

ജോലിയില്‍ തികഞ്ഞ ആത്മാര്‍ത്ഥത കാട്ടിയിരുന്ന പ്രഭാകരന്‍ പി.എസ് മുഹമ്മദ് സഗീര്‍ മുതല്‍ ഇങ്ങോട്ടുള്ള കലക്ടര്‍മാര്‍ക്കെല്ലാം ഏറെ പ്രിയങ്കരനുമായിരുന്നു. 2018ലെ പ്രളയകാലത്തും കോവിഡ് കാലത്തും വയനാട് ദുരന്തകാലത്തുമൊക്കെ ദുരിതാശ്വാസനിധി ശേഖരിക്കുന്നതിലും ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും അതാത് കാലത്തെ കലക്ടര്‍മാര്‍ക്ക് ഏറെ ഉപകാരപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഇദ്ദേഹം. കലക്ടര്‍മാര്‍ വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ ആദ്യം വിളിച്ചിരുന്നതും പ്രഭാകരനെ തന്നെയാണ്.

കോഴിക്കോട്ടെ കൃഷി ഓഫീസില്‍ എല്‍.ഡി ക്ലര്‍ക്കായാണ് മുന്നാട് സ്വദേശിയായ പ്രഭാകരന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

പിന്നീട് റവന്യു വകുപ്പിലേക്ക് മാറി. വടകരയില്‍ താലൂക്ക് ഓഫീസിലും ഒഞ്ചിയം വില്ലേജ് ഓഫീസിലുമൊക്കെ എല്‍.ഡി ക്ലര്‍ക്കായി ജോലി ചെയ്ത ശേഷം 10 വര്‍ഷം മുമ്പാണ് കാസര്‍കോട് കലക്ടറേറ്റിലെത്തിയത്. ഫിനാന്‍സ് ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായാണ് വിരമിച്ചത്. ഭാര്യ രേഖ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂളില്‍ അധ്യാപികയാണ്. മക്കള്‍: കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ പ്രണവ്, പ്ലസ്ടു വിദ്യാര്‍ത്ഥി കാര്‍ത്തിക്. ഇപ്പോള്‍ പെരുമ്പളയിലാണ് താമസം.

കലക്ടറേറ്റില്‍ കഴിഞ്ഞ ദിവസം സ്റ്റാഫ് കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉപഹാരം കൈമാറി.

News Desk
News Desk - Utharadesam News Desk  
Related Articles
Next Story
Share it