ജില്ലാ ക്രിക്കറ്റ് ബി-ഡിവിഷന്‍; ഒലീവ് ബംബ്രാണ ജേതാക്കള്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ ഒലീവ് ബംബ്രാണ ചാമ്പ്യന്മാരായി. കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബ്ബിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഒലീവ് ചാമ്പ്യന്മാരായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബ്ബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി. ഷഫീഖ് സി.ബി 33 റണ്‍സും ഹൈദരലി 32 റണ്‍സും കിരണ്‍ കെ. 26 റണ്‍സും നേടി. ഇബ്രാഹിം കെ.ടി, അബ്ദുല്‍ റൈസ് കെ.കെ 2 വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഒലീവ് 18.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ശിഹാബ് 34 റണ്‍സും ശ്രാവണ്‍ പുറത്താവാതെ 30 റണ്‍സും നേടി. ടൂര്‍ണമെന്റിലെ താരവും മികച്ച ബാറ്ററുമായി കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബ്ബിന്റെ ഷഫീഖ് സി ബിയും മികച്ച ബൗളറായി ഒലീവ് ബംബ്രാണയുടെ മുഹമ്മദ് ഷിഹാബിനെയും ഫൈനലിലെ താരമായി ഒലീവ് റൈസ് കെ.കെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫി മുന്‍ എം.എല്‍.എ കെ.എം ഷാജി നിര്‍വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസോസിയേഷന്‍ സെക്രട്ടറി തളങ്കര നൗഫല്‍, ട്രഷറര്‍ കെ.ടി നിയാസ്, വൈസ് പ്രസിഡണ്ട് സലാം ചെര്‍ക്കള, ടൂര്‍ണ്ണമെന്റ് കമ്മിറ്റി അംഗങ്ങളായ അലി പ്ലാസ, ഹമീദ് പടുവടുക്കം, അബ്ദുല്‍ ലത്തീഫ് സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it