സി. രാഘവന്റെ വിവര്‍ത്തനം ഭാഷകള്‍ക്കുള്ള സമര്‍പ്പണം -ഡോ. രത്‌നാകര മല്ലമൂല

കാസര്‍കോട്: വിവര്‍ത്തനം എന്നാല്‍ കേവലം പദാനുപദ പരിഭാഷയല്ലെന്നും കൃതി രൂപം കൊണ്ട സംസ്‌കാരത്തെ ഉള്‍ക്കൊണ്ട് മാത്രമേ അത് സാധ്യമാകൂ എന്നും കന്നഡ സാഹിത്യകാരന്‍ ഡോ. രത്‌നാകര മല്ലമൂല പറഞ്ഞു. കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന സി. രാഘവന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാഹ്യ ഇടപെടലുകളോ താല്‍പര്യങ്ങളോ ഇല്ലാതെ മറ്റു ഭാഷകളിലേക്കും ഈ കൃതി അറിഞ്ഞേ പറ്റൂ എന്ന് കരുതിയുള്ള സമര്‍പ്പണമാണ് വിവര്‍ത്തനം. പല വായനയിലൂടെ കിട്ടേണ്ട അടരുകള്‍ ഉള്ള കൃതികളാണ് സി. രാഘവന്‍ വിവര്‍ത്തനത്തിനായി തിരഞ്ഞെടുത്തത്. ഗവേഷണ ഗഹനമുള്ളവര്‍ക്കേ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ഉത്തരകേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തില്‍ ഹൃദയമുദ്ര ചാര്‍ത്തിയ കാരണവരായിരുന്നു സി. രാഘവന്‍ മാഷെന്ന് കവി ദിവാകരന്‍ വിഷ്ണുമംഗലം അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. കന്നഡ സാഹിത്യകാരന്‍ രാധാകൃഷ്ണ ഉളിയത്തടുക്ക, നാരായണന്‍ പേരിയ, ഗിരിധര്‍ രാഘവന്‍, രവീന്ദ്രന്‍ പാടി, രാധാകൃഷ്ണന്‍ പെരുമ്പള തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.വി. സന്തോഷ് സ്വാഗതവും കെ.പി.എസ് വിദ്യാനഗര്‍ നന്ദിയും പറഞ്ഞു.

കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന സി. രാഘവന്‍ അനുസ്മരണം ഡോ. രത്‌നാകര മല്ലമൂല ഉദ്ഘാടനം ചെയ്യുന്നു

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it