ചുവപ്പണിഞ്ഞ് കാഞ്ഞങ്ങാട്; സി.പി.എം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ചുവന്നു. സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കാസര്‍കോട് ജില്ലാസമ്മേളനത്തിന് നാളെ തുടക്കമാകും. കാഞ്ഞങ്ങാട് നഗരമാകെ ചുവന്ന തോരണങ്ങളും കൊടികളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. നോര്‍ത്ത് കോട്ടച്ചേരിയിലെ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് പൊതുസമ്മേളനം. ജില്ലയിലെ 27,904 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്ന് ഏരിയാസമ്മേളനം തിരഞ്ഞെടുത്ത 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നാളെ മുതല്‍ വെള്ളിയാഴ്ച വരെ കാഞ്ഞങ്ങാട് മാവുങ്കാല്‍ റോഡിലുള്ള എസ്.ബി.ഐക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ എ.കെ നാരായണന്‍, കെ. കുഞ്ഞിരാമന്‍ നഗറില്‍ നടക്കും. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി ടീച്ചര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ, ആനാവൂര്‍ നാഗപ്പന്‍, പി.കെ ബിജു എന്നിവര്‍ സമ്മേളനത്തില്‍ മുഴുനീളം പങ്കെടുക്കും.
സമ്മേളന സ്ഥലത്ത് സ്ഥാപിക്കാനുള്ള കൊടി, കൊടിമര, ദീപശിഖാ ജാഥകള്‍ ഇന്ന് വൈകിട്ട് ജില്ലയിലെ വിവിധ രക്തസാക്ഷി സ്മരണ കുടീരങ്ങളില്‍ നിന്ന് യാത്ര തിരിക്കും. നൂറുകണക്കിന് അത്‌ലറ്റുകള്‍ റിലേയായാണ് ഇവ കാഞ്ഞങ്ങാട് നഗരത്തില്‍ എത്തിക്കുക. ബൈക്കില്‍ പതാകയേന്തിയ വളണ്ടിയര്‍മാരും അനുകരിക്കും.
പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥകള്‍ ഇന്ന് രാവിലെ പ്രയാണം ആരംഭിച്ചു. പൈവളിഗെ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആര്‍ ജയാനന്ദയാണ് ജാഥാ നായകന്‍.
പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ കയ്യൂര്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരക്ക് ആരംഭിക്കും. മുന്‍ കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എം.എല്‍.എ ജാഥ നയിക്കും.
പൊതുസമ്മേളന നഗരിയിലേക്കുള്ള പതാകജാഥ മുനയംകുന്ന് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്ന് പ്രയാണം തുടങ്ങി. സാബു അബ്രഹാം നയിക്കുന്ന ജാഥ കെ.പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ ചീമേനി രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി. ജനാര്‍ദ്ദനനാണ് ജാഥ നയിക്കുന്നത്.
നാലുജാഥകളും ഒപ്പം ജില്ലയിലെ വിവിധ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നും എത്തിച്ച ദീപശിഖകളും അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റില്‍ കേന്ദ്രീകരിച്ച് ആയിരങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളനം നടക്കുന്ന നോര്‍ത്ത് കോട്ടച്ചേരിയിലെ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍ നഗറിലേക്ക് നീങ്ങും. വൈകിട്ട് ആറിന് സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സംഘാടകസമിതി ചെയര്‍മാന്‍ വി.വി രമേശന്‍ പതാകയുയര്‍ത്തും. വൈകിട്ട് ഏഴിന് ടൗണ്‍ഹാള്‍ പരിസരത്തെ പി. രാഘവന്‍ നഗറില്‍ കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അരങ്ങേറും. അഞ്ചിന് രാവിലെ പ്രതിനിധി സമ്മേളന നഗറില്‍ മുന്‍ കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരന്‍ പതാകയുയര്‍ത്തും. അഞ്ചിന് വൈകിട്ട് 5 മണിക്ക് ടൗണ്‍ ഹാളില്‍ സാംസ്‌കാരിക സെമിനാര്‍ സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിലാമഴ ഗസല്‍ സന്ധ്യ അരങ്ങേറും. സമ്മേളന ഒരുക്കങ്ങള്‍ ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ വി.വി രമേശന്‍, ജനറല്‍ കണ്‍വീനര്‍ കെ. രാജ്‌മോഹന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.വി കുഞ്ഞിരാമന്‍, പി. ജനാര്‍ദ്ദനന്‍, സാബു അബ്രഹാം, വി.കെ രാജന്‍, കെ.ആര്‍ ജയാനന്ദ, എം. സുമതി, സി. പ്രഭാകരന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി. അപ്പുക്കുട്ടന്‍, പി.കെ നിഷാന്ത്, ഏരിയാ കമ്മിറ്റിയംഗം എം. രാഘവന്‍, അഡ്വ. സി. ഷുക്കൂര്‍ എന്നിവരും സംബന്ധിച്ചു.