ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും മുഖ്യമന്ത്രിക്കെതിരെ വര്‍ഗീയത പ്രചരിപ്പിക്കുന്നു -കെ.ടി ജലീല്‍

സി.പി.എം. ജില്ലാ സമ്മേളനം: സെമിനാര്‍ സംഘടിപ്പിച്ചു

സീതാംഗോളി: ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും കുടുംബ ഗ്രൂപ്പുകളില്‍ ഇടതുപക്ഷ സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വര്‍ഗീയത പ്രചരിപ്പിക്കുകയാണന്ന് മുന്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വര്‍ഗീയ വിപത്ത്, പ്രീണനം, പ്രതിരോധം എന്ന വിഷയത്തില്‍ സീതാംഗോളി ടൗണില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും കാത്ത് സൂക്ഷിക്കുന്നതിലും മതത്തിന്റെ പേരില്‍ വര്‍ഗീയത അഴിച്ചുവിട്ട് മനുഷ്യനെ വിഭജിക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ചേര്‍ത്ത് തോല്‍പ്പിക്കുന്നതില്‍ നട്ടെല്ലോടെ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിന് നേരെയാണ് പ്രചരണം ആയുധമാക്കുന്നതെന്നും ജലീല്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനും കൂടെയുള്ള മുസ്ലിം ലീഗിനും വേണ്ടത് അധികാരമാണ്. അതിനുവേണ്ടി ഏത് തറ വേലക്കും അവര്‍ തയ്യാറാകും -ജലീല്‍ പറഞ്ഞു.

ഏരിയ സെക്രട്ടറി സി.എ. സുബൈര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡി. സുബ്ബണ്ണ ആള്‍വ സ്വാഗതം പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു എല്‍.എല്‍.എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആര്‍ ജയാനന്ദ, ജില്ലാ കമ്മറ്റി അംഗങ്ങളായ പി. രഘു ദേവന്‍ മാസ്റ്റര്‍, ടി.എം.എ കരീം, ഏരിയ കമ്മറ്റി അംഗങ്ങളായ ജയന്തി, ബി. ശോഭ, പുത്തിഗെ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഹക്കീം പുത്തിഗെ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് കുമാര്‍ പള്ളം എന്നിവര്‍ സംസാരിച്ചു.

സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും വിവിധ കലാ-കായിക മത്സരങ്ങളും നടന്നുവരികയാണ്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it