സി.പി.എം ജില്ലാ സമ്മേളനം: നാടെങ്ങും ചുവപ്പണിഞ്ഞു
സെമിനാറുകള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും തുടക്കം
കാഞ്ഞങ്ങാട്:: ഫെബ്രുവരി അഞ്ചുമുതല്‍ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള ഏരിയാതല സെമിനാറുകള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും തുടക്കം കുറിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലടക്കം പതാകയുയര്‍ത്തി. നീലേശ്വരം, ചുള്ളിക്കര എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം സെമിനാറുകള്‍ നടന്നു. ഇന്നലെ ആലാമിപ്പള്ളിയില്‍ പുരുഷ വടംവലി നടത്തി.
20ന് ഭാവി സോഷ്യലിസത്തിന്റേത് എന്ന വിഷയത്തില്‍ പെരിയാട്ടടുക്കത്ത് സെമിനാര്‍ നടക്കും. എം. സ്വരാജ് സംബന്ധിക്കും. 21ന് കാലിക്കടവില്‍ ഇന്ത്യന്‍ ഭരണഘടന എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ജോണ്‍ ബ്രിട്ടാസ് എം.പി സംബന്ധിക്കും. 22ന് കാഞ്ഞങ്ങാട്ട് യുവജന സംഗമം നടക്കും. ബീ പോസിറ്റീവ് ഓള്‍വേയ്‌സ് എന്ന പേരില്‍ നടക്കുന്ന സെമിനാര്‍ മീനാക്ഷി മുഖര്‍ജി ഉദ്ഘാടനം ചെയ്യും. 23ന് കാഞ്ഞങ്ങാട് രക്തസാക്ഷി കുടുംബ സംഗമത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ സംസാരിക്കും. 24ന് വികേന്ദ്രീകൃത ആസൂത്രണം എന്ന വിഷയത്തില്‍ ചെറുവത്തൂരില്‍ നടക്കുന്ന സെമിനാറില്‍ ജിജു പി. അലക്സ്, കെ.ടി കുഞ്ഞിക്കണ്ണന്‍ പങ്കെടുക്കും. 24ന് കാഞ്ഞങ്ങാട്ട് വിദ്യാര്‍ത്ഥി കൂട്ടായ്മ നടക്കും. നിതീഷ് നാരായണന്‍, കെ. അനുശ്രീ സംബന്ധിക്കും.
25ന് കാഞ്ഞങ്ങാട്ട് നടക്കുന്ന മാധ്യമ സെമിനാറില്‍ എം.വി ശ്രേയാംസ് കുമാര്‍, എം.വി നികേഷ് കുമാര്‍, പി. സരിന്‍ സംബന്ധിക്കും. 25ന് പ്രവാസിയും കേരളവും എന്ന വിഷയത്തില്‍ കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ മന്ത്രി വി. അബ്ദുറഹ്മാനും 27ന് കര്‍ഷകരുടെ അതിജീവന പോരാട്ടം എന്ന വിഷയത്തില്‍ വെള്ളരിക്കുണ്ടില്‍ നടക്കുന്ന സെമിനാറില്‍ ഡോ. വിജു കൃഷ്ണനും സംബന്ധിക്കും. 27ന് കാഞ്ഞങ്ങാട്ട് വനിതാ കൂട്ടായ്മ. കെ.കെ ശൈലജ പങ്കെടുക്കും. 28ന് മാര്‍ക്‌സും ലോകവും എന്ന വിഷയത്തില്‍ ഇരിയണ്ണിയില്‍ നടക്കുന്ന സെമിനാറില്‍ എം.എ ബേബിയും 28ന് കുമ്പളയില്‍ വര്‍ഗീയതയും കേരളവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കെ.ടി ജലീലും സംബന്ധിക്കും.
നാളെ അമ്പലത്തറ റെഡ് സ്റ്റാര്‍ ഗ്രൗണ്ടില്‍ വോളിബോള്‍ മത്സരവും ദുര്‍ഗ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ 20വരെ ഫുട്‌ബോള്‍ ടൂര്‍ണമെന്റും നടക്കും.
18ന് പടന്നക്കാട് മേല്‍പ്പാലം പരിസരത്ത് കബഡി മത്സരം, 19ന് പുതുക്കൈയില്‍ ഷൂട്ടൗട്ട് മത്സരം.19ന് ചാലിങ്കാല്‍ എസ്.എന്‍.ഡി. പി. കോളജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ്, പെരിയ റെഡ് സ്റ്റാര്‍ ക്ലബ്ബില്‍ കാരംസ് ടൂര്‍ണമെന്റ് എന്നിവയും 20ന് പുല്ലൂര്‍ എ.കെ.ജി ക്ലബ്ബില്‍ വനിതാ വടംവലിയും 26ന് നമ്പ്യാരടുക്കത്ത് ഷട്ടില്‍ ബാഡ്മിന്റണും നടക്കും. 26ന് രാവിലെ ഏഴിന് ബേക്കല്‍ മുതല്‍ കാഞ്ഞങ്ങാട് വരെ മാരത്തോണ്‍ നടക്കും. 19ന് കൊളവയലില്‍ പൂരക്കളി, 24ന് രാവണീശ്വരത്ത് നാടന്‍ കലാമേള എന്നിവ നടക്കും.
26 മുതല്‍ ടൗണ്‍ഹാളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 26ന് നാടക പ്രവര്‍ത്തകരെ ആദരിക്കലും പ്രഭാഷണവും, 27ന് ചലച്ചിത്രോത്സവം, 28ന് സിനിമാപ്രദര്‍ശനം, 29ന് ജില്ലയിലെ സിനിമക്കാരുടെ സംഗമം, 30ന് മാപ്പിളപ്പാട്ട്, ഒപ്പന, 31ന് മാര്‍ഗംകളി പരിചമുട്ട് കളി എന്നിവയും അരങ്ങേറും. കൊടി കൊടിമര ദീപശിഖാ ജാഥകള്‍ ഫെബ്രുവരി നാലിന് നടക്കും.