നഷ്ടപരിഹാരത്തിലെ കോടതി ഇടപെടലും തടസവും നീങ്ങി: മൊഗ്രാലില്‍ മുടങ്ങിക്കിടന്ന സര്‍വീസ് റോഡ് പണി തുടങ്ങി

മൊഗ്രാല്‍: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവും കോടതി വരെ എത്തിയ കേസുമായി ബന്ധപ്പെട്ടും കഴിഞ്ഞ മൂന്ന് വര്‍ഷമായി തടസപ്പെട്ട് കിടന്ന മൊഗ്രാല്‍ ടൗണിന് സമീപത്തെ സര്‍വീസ് റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു. നാമമാത്രമായ നഷ്ടപരിഹാരത്തുകയെ ചൊല്ലിയാണ് ഗൃഹനാഥന്‍ ഹൈക്കോടതിയെ സമീപിച്ചത്. പലപ്രാവശ്യവും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടായില്ല. ഇതുമൂലം ഈ ഭാഗത്തെ സര്‍വീസ് റോഡ് നിര്‍മ്മാണവും കോടതി ഇടപെടല്‍ മൂലം തടസ്സപ്പെട്ടു. ഒടുവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഭൂമി സംബന്ധമായ ഗൃഹനാഥന്റെ പരാതിക്ക് പരിഹാരമായത്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇങ്ങനെ ജില്ലയില്‍ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്നെ ഈ വിവരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയവെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇത്തരം കേസുകളൊക്കെ തീര്‍പ്പാക്കാനായാലേ അടുത്തവര്‍ഷം ദേശീയപാത തലപ്പാടി-ചെങ്കള, ചെങ്കള-കാലിക്കടവ് റീച്ച് മുഴുവനായും തുറന്നു കൊടുക്കാനാവു എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.

ഇതിന് സംസ്ഥാന സര്‍ക്കാരാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കേണ്ടതും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it