തേങ്ങ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ഉല്‍പാദനം കുറഞ്ഞതില്‍ കര്‍ഷകര്‍ക്ക് നിരാശ

കാസര്‍കോട്: പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോഴും ജില്ലയിലെ കേര കര്‍ഷകര്‍ നിരാശയില്‍. തെങ്ങുകളിലുണ്ടാവുന്ന അജ്ഞാതരോഗവും കാലാവസ്ഥ വ്യതിയാനവുമടക്കമുള്ള കാരണങ്ങളാലും തേങ്ങയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സാമാന്യം നല്ല വില ലഭിക്കുമ്പോള്‍ തെങ്ങുകളില്‍ തേങ്ങയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇത് ഈ മേഖലയിലെ കച്ചവടക്കാരെയും തൊഴിലാളികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

പച്ചത്തേങ്ങയുടെ ഇന്നത്തെ വില 50 മുതല്‍ 51 രൂപ വരെയാണെങ്കില്‍ ഉണ്ട കൊപ്രയുടെ വില 140ല്‍ കൂടുതലാണ്. ഇത് വിലയിലുണ്ടായ സര്‍വ്വകാല റെക്കോര്‍ഡാണ്.

2017 ലാണ് നേരത്തെ പച്ചത്തേങ്ങയ്ക്ക് ഉയര്‍ന്ന വില രേഖപ്പെടുത്തിയത് അന്ന് വില 43 രൂപ വരെ എത്തിയിരുന്നു. ആ വിലക്കയറ്റം കുറച്ചു മാസമേ നിലനിന്നിരുന്നുള്ളൂ. 2021ല്‍ വിലകുത്തനെ ഇടിഞ്ഞു. വില 20ലേക്ക് എത്തി. ഇത് കേര കര്‍ഷകരെ ഏറെ നിരാശയിലാക്കിയിരുന്നു.

വെളിച്ചെണ്ണയുടെ ഡിമാന്റ് മുന്നില്‍ കണ്ടുകൊണ്ട് വില കുത്തനെ കൂടും. ഓണ സീസണിലാണ് ഇത് ഏറെ പ്രതിഫലിക്കുന്നത്.

അതേപോലെ നവരാത്രി ആഘോഷങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വലിയതോതില്‍ തേങ്ങ കയറ്റി അയക്കുന്നതും ആ സമയങ്ങളില്‍ വില കൂടാന്‍ കാരണമാവുന്നുണ്ട്. ഇപ്പോള്‍ ശബരിമല സീസണ്‍ മുന്നില്‍ കണ്ടുകൊണ്ടാണ് വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. വെളിച്ചെണ്ണയുടെ വിലയും കൂടിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നികുതി വര്‍ധിപ്പിക്കുന്നതിനനുസരിച്ച് തേങ്ങയുടെ വില കൂടുന്നത് പലപ്പോഴും കേരകര്‍ഷകര്‍ക്ക് അനുഗ്രഹമാകുന്നുമുണ്ട്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it