തീരദേശ ഹര്‍ത്താല്‍; കാസര്‍കോട് തീരദേശ മേഖല നിശ്ചലം

തീരദേശ ഹര്‍ത്താലിനെ തുടര്‍ന്ന് നെല്ലിക്കുന്ന് ഹാര്‍ബറില്‍ നിശ്ചലമായി കിടക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍
കാസര്‍കോട്: കടല്‍മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ ജില്ലയിലും തുടങ്ങി. ഇന്ന് രാത്രി 12 വരെയാണ് ഹര്‍ത്താല്‍. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയില്ല.
മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാന്റിംഗ് സെന്ററുകളും മത്സ്യച്ചന്തകളും നിശ്ചലമാണ്. രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ സംയുക്ത പ്രതിഷേധ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടന്നു.
പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെ കേരളത്തിലെ ജനതയെ വെല്ലുവിളിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് മണല്‍ ഖനനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. മാര്‍ച്ച് 12ന് മത്സ്യത്തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.