ചെര്‍ക്കള അഖിലേന്ത്യാ വോളി: ഇന്ത്യന്‍ എയര്‍ഫോഴ്‌സും കേരള പൊലീസും വിജയിച്ചു
ആദ്യദിനം തന്നെ ഒഴുകിയെത്തിയത് ആയിരങ്ങള്‍
ചെര്‍ക്കള: വിന്നേഴ്‌സ് ചെര്‍ക്കള സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റിന് ചെര്‍ക്കളയില്‍ പ്രത്യേകം സജ്ജമാക്കിയ അന്‍ജും ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ തുടക്കമായി. ആദ്യദിവസം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വോളിബോള്‍ പ്രേമികളാണ് സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്. ഇന്നലെ രാത്രി തിങ്ങിനിറഞ്ഞ ഗ്യാലറിയെ സാക്ഷിനിര്‍ത്തി 9.30 മണിയോടുകൂടി ആദ്യമത്സരം ആരംഭിച്ചു. ഇന്ത്യന്‍ വോളിബോള്‍ രംഗത്തെ പടക്കുതിര എന്നറിയപ്പെടുന്ന ജെറോം വിനീത് നയിച്ച ബി.പി.സിഎല്‍ കൊച്ചിനും ആധുനിക വോളിയുടെ കറുത്ത കുതിര എന്നറിയപ്പെടുന്ന വിപിന്‍ എം.ജോണ്‍ നായകനായ ഇന്ത്യന്‍ എയര്‍ഫോഴ്‌സും തമ്മിലായിരുന്നു ആദ്യമത്സരം. 3-1 എന്ന ക്രമത്തില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ശക്തരായ ബി.പി.സി.എല്‍ കൊച്ചിനെ പരാജയപ്പെടുത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആദ്യസെറ്റ് 26-24 എന്ന ക്രമത്തില്‍ ബി.പി.സി.എല്‍ കൊച്ചിന്‍ സ്വന്തമാക്കി. അഖില്‍ ജോസും രോഹിത്തും വിനീത് ജെറോമും ഉചിതമായ പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവരവാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് നടത്തിയത്. നായകന്‍ വിപിന്‍ ഉജ്ജ്വലമായ ഫോമിലേക്ക് ഉയര്‍ന്നതോടെ ആ സെറ്റ് 29-27 എന്ന ക്രമത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്വന്തമാക്കി. തുടര്‍ന്നുള്ള രണ്ടു സെറ്റുകളും 25-16, 25-17 എന്ന ക്രമത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് കരുത്തുകാട്ടി പിടിച്ചെടുക്കുകയായിരുന്നു. രാത്രി 12 മണിക്ക് ആരംഭിച്ച രണ്ടാമത്തെ മത്സരത്തില്‍ 3-0 എന്ന ക്രമത്തില്‍ കേരള പൊലീസ് മുംബൈ സ്‌പൈക്കേഴ്‌സിനെ പരാജയപ്പെടുത്തി. പൊലീസ് താരങ്ങളുടെ ആക്രമണത്തിനും പ്രതിരോധത്തിനും മുന്നില്‍ മുംബൈ സ്‌പൈക്കേഴ്‌സിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അരുണ്‍ വര്‍ഗീസ്, രാഹുല്‍ എന്നിവര്‍ കേരള പൊലീസിന് വേണ്ടി ഉജ്ജ്വല പ്രകനടം കാഴ്ചവെച്ചു. ടൂര്‍ണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. ഇന്ന് രാത്രി 8ന് ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ആര്‍മി പഞ്ചാബിനെയും തുടര്‍ന്ന് കെ.എസ്.ഇ.ബി തിരുവനന്തപുരം കൊച്ചിന്‍ കസ്റ്റംസിനെയും നേരിടും.