സേവന മികവില്‍ ബോവിക്കാനം 'ചങ്ങാതികൂട്ട'ത്തിന് ചാരുതയേറുന്നു
ബോവിക്കാനം: ഒരു നാടിനാകെ സേവനത്തിന്റെ വെളിച്ചം പകര്‍ന്നും കാരുണ്യത്തിന്റെ പ്രഭചൊരിഞ്ഞും ചങ്ങാതികൂട്ടം ചാരിറ്റബിള്‍ സൊസൈറ്റി ഒന്‍പതാം വര്‍ഷത്തിലേക്ക് അടുക്കുന്നു. 2016 ഫെബ്രുവരി 5നാണ് ബോവിക്കാനം ആസ്ഥാനമായി ഇത്തരമൊരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞുപോയ വര്‍ഷങ്ങളിലെല്ലാം നാട്ടില്‍ വിവിധ സേവനങ്ങളുടെ മധുരം വിളമ്പിയിട്ടുണ്ട് ഈ കൂട്ടായ്മ. ഓണം, വിഷു, റമദാന്‍, പെരുന്നാള്‍ വേളകളില്‍ കിറ്റ് വിതരണം, മെഡിക്കല്‍ ബെഡ്, വാക്കര്‍, വീല്‍ചെയര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, നബിദിന കലാ പരിപാടികള്‍, മദ്രസയില്‍ നബിദിന പരിപാടിയില്‍ ഒന്നാം സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം, വിവിധ മേഖലകളില്‍ തിളക്കം കാട്ടുന്ന കുട്ടികളെ അനുമോദനം നല്‍കി പ്രോത്സാഹിപ്പിക്കല്‍, ക്യാഷ് അവാര്‍ഡ് വിതരണം, വിധവയായ സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം, കട്ടില്‍ വിതരണം, പാലിയേറ്റീവ് പ്രവര്‍ത്തനം, തിരഞ്ഞെടുക്കപ്പെടുന്ന മണവാട്ടി പെണ്ണിന് സ്വര്‍ണ്ണാഭരണം, വാര്‍ഷിക പരിപാടിയില്‍ എല്ലാവര്‍ഷവും 400 വീടുകളിലേക്ക് അന്നദാന വിതരണം, ചായ സല്‍ക്കാരം, തിരഞ്ഞെടുക്കപ്പെട്ട ഉമ്മമാര്‍ക്ക് നിസ്‌ക്കാരകുപ്പായം, മതപ്രഭാഷണം, പെരുന്നാളിനും നബിദിനം പോലുള്ള ആഘോഷ ദിനങ്ങളിലും മധുരപാനീയ വിതരണം, പള്ളി നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം, ഉസ്താദിന്റെ വീട് നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം, പ്രളയ സമയങ്ങളില്‍ വിവിധ ഇടങ്ങളിലേക്ക് സാമ്പത്തിക സഹായം തുടങ്ങി എല്ലാ മേഖലകളിലും കയ്യൊപ്പ് ചാര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന ചാരിദാര്‍ത്ഥ്യത്തോടെയാണ് ചങ്ങാതികൂട്ടത്തിന്റെ പ്രയാണം. ബോവിക്കാനത്ത് അടുത്തിടെ പുതിയ ബസ്‌സ്റ്റോപ്പ് പണിതതും എണ്ണമറ്റ ചങ്ങാതിമാരുടെ ഈ സേവനക്കൂട്ടം തന്നെയാണ്.
ചങ്ങാതികൂട്ടത്തിന്റെ പുതിയ പദ്ധതിയായി ഹെല്‍പ്പ് സ്‌ക്വാഡിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ആരംഭിച്ചു. നാടിന്റെ ഏതാവശ്യത്തിനും ഓടിയെത്തുന്ന ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകരുടെ വിംഗാണിത്. ഹെല്‍പ്പ് സ്‌ക്വാഡിന്റെ പ്രഖ്യാപനം മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി നിര്‍വഹിച്ചു. ചെയര്‍ മാന്‍ അഷ്റഫ് മുതലപ്പാറ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ രാവണേശ്വരം, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചെപ്പ്, അബൂബക്കര്‍ മൂലടുക്കം, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, എബി കുട്ടിയാനം, കലാം പള്ളിക്കാല്‍, സുബൈര്‍ മാര, ഇ.സി ഹനീഫ, ഹംസ ചോയ്‌സ്, ഷാഫി കൊല്ല്യ, പി. അബ്ദുല്ല കുഞ്ഞി സംസാരിച്ചു. സെക്രട്ടറി ജമാല്‍ അമ്മങ്കോട് സ്വാഗതം പറഞ്ഞു.