സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുക വാര്‍ഡ് കമ്മിറ്റികള്‍-കെ.സി വേണുഗോപാല്‍

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കെ.പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ സമ്മേളനവും പ്രത്യേക കണ്‍വെന്‍ഷനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാനുള്ള അധികാരം പൂര്‍ണ്ണമായും വാര്‍ഡ് കമ്മിറ്റികള്‍ക്കായിരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊവ്വല്‍പള്ളിയില്‍ നടന്ന കെ.പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ സമ്മേളനവും പ്രത്യേക കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയിക്കുന്നവരെ നിര്‍ത്താന്‍ താഴെത്തട്ടില്‍ ആലോചന വേണം. ഇങ്ങനെ വാര്‍ഡ് കമ്മിറ്റി നിര്‍ദ്ദേശിച്ചയാള്‍ ജയിച്ചുവരുമ്പോഴാണ് പ്രവര്‍ത്തകര്‍ നല്ല കോണ്‍ഗ്രസുകാരായി മാറുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. തനിക്ക് ഇഷ്ടമുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കെ.പി കുഞ്ഞിക്കണ്ണന്‍ തനിക്ക് സഹോദരനും ഗുരുതുല്യനുമായിരുന്നുവെന്ന് വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കെ.പി കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം. ലിജു, അഡ്വ. സോണി സെബാസ്റ്റ്യന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കി, ഡോ. ഖാദര്‍ മാങ്ങാട്, എം. അസിനാര്‍, കെ. നീലകണ്ഠന്‍, എം.സി പ്രഭാകരന്‍, പി.വി സുരേഷ് പ്രസംഗിച്ചു.