'ബഷീര്‍ ദി മാന്‍' ഡോക്യുമെന്ററിക്ക് പിന്നില്‍ മഹിളാരത്‌നങ്ങള്‍-എം.എ. റഹ്മാന്‍

ഉദുമ: ബഷീര്‍ കൃതികള്‍ പോലെത്തന്നെ ലോകം ആസ്വദിച്ച അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ബഷീര്‍ ദി മാന്റെ' പിറവിയ്ക്ക് പിന്നിലെ നോവും സാഹസികതയും സംവിധായകന്‍ എം.എ റഹ്മാന്‍ പങ്കുവെച്ചപ്പോള്‍ കേള്‍വിക്കാര്‍ക്കത് വികാരസാന്ദ്രമായ അനുഭവമായി. ബഷീറിനെക്കുറിച്ചോ, ഡോക്യുമെന്ററി എന്നാലെന്തെന്നോ അറിയാത്ത, തനി നാട്ടിന്‍പുറത്തുകാരായ ഉമ്മയും സഹോദരിമാരും പിന്നെ ഭാര്യയും സ്വര്‍ണം പണയം വെച്ചും കടംവാങ്ങിയും പണം തന്ന് സഹായിച്ചതു കൊണ്ടു മാത്രമാണ് 39 വര്‍ഷം മുമ്പ് തനിക്ക് 'ബഷീര്‍ ദി മാന്‍' ഡോക്യുമെന്ററി എടുക്കാനായതെന്ന് എം.എ. റഹ്മാന്‍ പറഞ്ഞു. നിര്‍മ്മാതാവ് കണ്ണംകുളം അബ്ദുല്ലയുടെയത്ര തന്നെ പ്രാധാന്യം ഈ മഹിളാരത്‌നങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോക്യുമെന്ററിയുടെ ചിത്രീകരണവേളയിലും തുടര്‍ന്ന് ദേശീയ അവാര്‍ഡിന് അയക്കുമ്പോഴുമെല്ലാം നേരിട്ട പ്രതിബന്ധങ്ങള്‍ മറികടക്കാനായത് ഈ സ്ത്രീകളുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഷീറിന്റെ 117-ാം ജന്മവാര്‍ഷിക ദിനത്തില്‍, 'ബഷീര്‍ ദി മാന്‍' ഡോക്യുമെന്ററി തിരക്കഥാപുസ്തകം തന്റെ ഉദുമ മൂലയിലെ വീട്ടുമുറ്റത്ത് വെച്ച് പ്രകാശനം ചെയ്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന സദസിലാണ് എം.എ. റഹ്മാന്‍ മനസ്സു തുറന്നത്. കഥാകൃത്ത് സുറാബ്, എം.എ. റഹ്മാന്റെ ഭാര്യയും ചിത്രകാരിയുമായ സാഹിറ റഹ്മാന്‍, സഹോദരിമാരായ ബീഫാത്വിമ, സൈനബ എന്നിവര്‍ക്ക് കോപ്പി നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മനോരമയാണ് ഹോര്‍ത്തൂസ് സമ്മേളനത്തോടനുബന്ധിച്ച് പുസ്തകം പ്രസിദ്ധീകരിച്ചത്. പി.കെ. മുകുന്ദന്‍ മാസ്റ്റര്‍ മോഡറേറ്ററായി. കണ്ണംകുളം അബ്ദുല്ല, ഫോട്ടോഗ്രാഫര്‍ എം.എ. ഹസന്‍, കവി രവീന്ദ്രന്‍ പാടി, എഴുത്തുകാരന്‍ അബ്ദു കാവുഗോളി എന്നിവര്‍ സംസാരിച്ചു. മനോരമ റിപ്പോര്‍ട്ടര്‍ നഹാസ് മുഹമ്മദ് സ്വാഗതം പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it