നിറങ്ങളാല്‍ പ്രതിഷേധവും പ്രതിരോധവുമായി എകരം ചിത്ര പ്രദര്‍ശനം
കാഞ്ഞങ്ങാട്: മനുഷ്യന്റെ ആകുലതകളും പ്രകൃതിയുടെ സൗന്ദര്യവും പകരുന്ന നാല്‍പ്പതോളം ചിത്രങ്ങളുമായി എകരം ചിത്രപ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചിത്രകാര്‍ കേരളയാണ് കേരളത്തിലെ 33 ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് ചിത്ര പ്രദര്‍ശനം ഒരുക്കിയത്. യുദ്ധക്കളത്തിലെ ഭീകരമായ അരക്ഷിതാവസ്ഥയും മനുഷ്യാവകാശ ലംഘനങ്ങളും ശക്തമായി ആവിഷ്‌ക്കരിക്കുന്ന ശ്രീജ പള്ളത്തിന്റെ പ്രതിരോധത്തിന്റെ പ്രതീകങ്ങള്‍, മനുഷ്യന്റെ ആകുലതകള്‍ ചിത്രീകരിക്കുന്ന മാവേലിക്കര ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ മനോജ് വൈലൂരിന്റെ ഭൂഭാഗ ചിത്രം, പൂവന്‍ കോഴിയും ആയിരത്തോളം കുറുക്കന്മാരും ഒറ്റകാന്‍വാസില്‍ പകര്‍ത്തിയ അനൂപ് മോഹന്റെ കൂറ്റന്‍ ചിത്രം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന ബാലകൃഷ്ണന്‍ കതിരൂരിന്റെ ചിത്രം, തെയ്യത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുറന്നു കാട്ടുന്ന രാജേന്ദ്രന്‍ പുല്ലൂരിന്റെ ഡികണ്‍സ്ട്രക്ഷന്‍, ടി.ആര്‍ ഉദയകുമാറിന്റെ സര്‍റിയലിസ്റ്റിക് ലാന്റ്‌സ്‌കേപ്, പല മനുഷ്യരുടെ ആകുലതകളുടെ യാത്ര ചത്രീകരിക്കുന്ന റജീന രാധാകൃഷ്ണന്റെ ചിത്രം, വികസന ത്തിന്റെ വെള്ളിവെളിച്ചത്തില്‍ കാലഹരണപ്പെട്ട് പോകുകയും അവഗണിക്കുകയും ചെയ്യപ്പെട്ട ഗ്രാമ ജീവിതങ്ങളുടെ കഥ പറയുന്ന ആലപ്പുഴയിലെ വിനേഷിന്റെ ചിത്രം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 65 കാരിയായ ചിത്രകാരി കെ. സത്യഭാമ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു.. ടി. കെ നാരായണന്‍, പ്രഭാകരന്‍ കാഞ്ഞങ്ങാട്, വിനേഷ് വി മോഹനന്‍, കെ. വിഷ്ണു പ്രിയന്‍, പ്രസാദ് അമ്പലത്തറ, രാജേന്ദ്രന്‍ മീങ്ങോത്ത് പ്രസംഗിച്ചു.