ഒരുക്കങ്ങളായി; ആദൂര്‍ പെരുങ്കളിയാട്ട നിറവില്‍

പെരുങ്കളിയാട്ടമെത്തുന്നത് 351 വര്‍ഷങ്ങള്‍ക്ക് ശേഷം

കാസര്‍കോട്: മൂന്നു നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പെരുങ്കളിയാട്ട നിറവിലേക്ക് നാടുണരുന്നു. ആദൂര്‍ ഭഗവതി ക്ഷേത്രത്തില്‍ 351 വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഒരുവര്‍ഷത്തോളമായി അനുബന്ധ ചടങ്ങുകള്‍ നടന്നുവരികയാണ്.

മുകയ-ബോവി സമുദായ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്കായി ജാതി-മതഭേദമന്യേയുള്ള കമ്മിറ്റിയാണ് നേതൃത്വം വഹിക്കുന്നത്. ആറ് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തില്‍ പ്രതിദിനം അരലക്ഷത്തോളം ആളുകളെത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒന്ന്കുറവ് 40 തെയ്യങ്ങളാണ് വിവിധ ദിവസങ്ങളിലായി കെട്ടിയാടുക. സമാപനദിവസമായ 24ന് പ്രധാന ദേവതമാരായ ഉച്ചൂളിക്കടവത്ത് ഭഗവതി, പുന്നക്കാല്‍ ഭഗവതി, ആയിറ്റി ഭഗവതി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും. 17ന് ശുദ്ധികലശം നടക്കും. തുടര്‍ന്ന് കാനക്കോട് വലിയവീട് തറവാട്ടില്‍നിന്ന് സ്ഥാനികര്‍, അവകാശികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വാദ്യഘോഷങ്ങളോടെ കന്നിക്കലവറ ഘോഷയാത്ര നടക്കും. തുടര്‍ന്ന് നാഗദേവതയ്ക്ക് ആശ്ലേഷബലിയുമുണ്ടാകും. 28ന് രാവിലെ 11ന് ആചാര്യവരവേല്‍പ്പ്, വൈകിട്ട് 3ന് ബേങ്ങത്തടുക്കയില്‍ നിന്ന് മുള്ളേരിയ വഴി ക്ഷേത്രത്തിലേക്ക് വിളംബരഘോഷയാത്ര. 19ന് രാവിലെ 7.30ന് മല്ലവാര പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍നിന്ന് ദീപവും തിരിയും എഴുന്നള്ളിക്കും. തുടര്‍ന്ന് പെരുങ്കളിയാട്ടത്തിനുള്ള കൊടിമരം നാട്ടും. രാവിലെ 9ന് കുണ്ടാര്‍ വാസുദേവ തന്ത്രി, 9.30ന് എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി എന്നിവര്‍ക്ക് പൂര്‍ണകുംഭ സ്വീകരണം നല്‍കും. 10.21നും 12.22നും ഇടയില്‍ ഉത്സവത്തിന് കൊടിയേറും. ഉച്ചയ്ക്കുശേഷം വിവിധ തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും തുടങ്ങലുമുണ്ടാകും. സാംസ്‌കാരിക പരിപാടിയില്‍ സുവനീര്‍ പ്രകാശനവുമുണ്ടാകും. 20ന് രാവിലെ ഏഴ് മുതല്‍ വൈരാപുരത്ത് വടക്കന്‍ കോടി, അസുരാളന്‍, കല്ലങ്കര ചാമുണ്ഡി, കുണ്ടാര്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, മേച്ചേരി ചാമുണ്ഡി തെയ്യങ്ങളും ഭഗവതിമാരുടെ ഉച്ചത്തോറ്റവുമുണ്ടാകും. വൈകിട്ട് വിവിധ തെയ്യങ്ങളുടെ തുടങ്ങലും കുളിച്ചുതോറ്റവും വെള്ളാട്ടവും അരങ്ങിലെത്തും. 21ന് പുലര്‍ച്ചെ മൂന്ന് മുതല്‍ പന്നിക്കുളത്ത് ചാമുണ്ഡി, അണ്ണപ്പ പഞ്ചുരുളി, വൈരാപുരത്ത് വടക്കന്‍കോടി, അസുരാളന്‍, കല്ലങ്കര ചാമുണ്ഡി, പടിഞ്ഞാര്‍ ചാമുണ്ഡി, മലങ്കര ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, മേച്ചേരി ചാമുണ്ഡി തെയ്യങ്ങള്‍ അരങ്ങിലെത്തും. വൈകിട്ട് അഞ്ച് ഭഗവതിമാരുടെ ഉച്ചത്തോറ്റം. തുടര്‍ന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും തുടങ്ങലും കുളിച്ചുതോറ്റവുമുണ്ടാകും. 22നും 23നും വിവിധ തെയ്യങ്ങള്‍ അരങ്ങലിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയും. 24ന് രാവിലെ ഏഴ് മുതല്‍ വിവിധ തെയ്യങ്ങള്‍ കെട്ടിയാടും. തുടര്‍ന്ന് പുന്നക്കാല്‍ ഭഗവതി, ഉച്ചൂളിക്കടവത്ത് ഭഗവതി, ആയിറ്റി ഭവഗതി തെയ്യങ്ങളുടെ തിരുമുടി ഉയരും. ഈ സമയം നെല്ലിക്കുന്ന് കണ്ണീരത്ത് തറവാട്, കരയപ്പന്‍-കിരിയം ഭണ്ഡാരവീട്, മൂത്തില്ലം തറവാട് എന്നിവിടങ്ങളില്‍ നിന്നുള്ള മീന്‍കോവ എഴുന്നള്ളിക്കും. തിരുമുല്‍ പ്രസാദ വിതരണത്തിനുശേഷം രാത്രി 11.50ഓടെ പെരുങ്കളിയാട്ടത്തിന് കൊടിയിറങ്ങും. 27, 28 തീയതികളില്‍ കാസര്‍കോട് കടപ്പുറം ബബ്ബരിയ ദൈവസ്ഥാനത്ത് ബബ്ബരിയന്‍, മാണിച്ചി, ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടുമെന്നും പെരുങ്കളിയാട്ട ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ തെയ്യംകെട്ടിനുശേഷം കാവുകളുടെ സംരക്ഷണമെന്ന ആശയത്തില്‍ നക്ഷത്രവനവുമൊരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ചെയര്‍മാന്‍ ബിപിന്‍ദാസ് റൈ ആദൂര്‍ ഗുത്ത്, ജനറല്‍ കണ്‍വീനര്‍ ആര്‍. ഹരീഷ്ചന്ദ്ര ബേരിക്ക, ട്രഷറര്‍ കൃഷ്ണപ്പ കാവുഗോളി, പ്രസിഡണ്ട് ദാമോദരന്‍ കാവുഗോളി, കണ്‍വീനര്‍ എന്‍. അനില്‍കുമാര്‍, ദിനേശ് ബംബ്രാണ, രഘുഘാം റൈ നടുമനെ, ശിവപ്രസാദ് നടുമനെ, കെ.ജി. മനോഹര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it