സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് ആദൂര്‍ ജമാഅത്ത് കമ്മിറ്റി പെരുങ്കാളിയാട്ട നഗരിയിലെത്തി
മുള്ളേരിയ: ആദൂര്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ 351 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവ നഗരിയിലേക്ക് ആദൂര്‍ വലിയ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും പരിസര ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നടത്തിയ സൗഹാര്‍ദ്ദയാത്ര സാഹോദര്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശമായി മാറി. ഇന്നലെ വൈകിട്ട് ആദൂര്‍ ജുമാമസ്ജിദ് പരിസരത്ത് നിന്നാണ് സൗഹാര്‍ദ്ദയാത്ര ആരംഭിച്ചത്.
പ്രസിഡണ്ട് എ.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, ജനറല്‍ സെക്രട്ടറി സി. അഹമ്മദ്, ട്രഷറര്‍ അഹമ്മദ് കുഞ്ഞി പയങ്ങാടി, മദ്രസ കമ്മിറ്റി സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി, ട്രഷറര്‍ എ.എച്ച് മുഹമ്മദ്, പള്ളം ബദ്രിയ മസ്ജിദ് കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് ബെള്ളിപ്പാടി, ട്രഷറര്‍ മുഹമ്മദ് പട്ടാങ്ങ്, ചവര്‍ത്തടി മസ്ജിദ് പ്രസിഡണ്ട് സി.എച്ച് മുസാന്‍, പഞ്ചായത്ത് അംഗം നാസര്‍, അഷ്‌റഫ് മൗലവി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പെരുങ്കളിയാട്ട നഗരിയിലെത്തിയ ജമാഅത്ത് ഭാരവാഹികളെ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സൗഹാര്‍ദ്ദ സമ്മേളനത്തിലും സംബന്ധിച്ചാണ് ജമാഅത്ത് ഭാരവാഹികള്‍ മടങ്ങിയത്.