കാറില്‍ സൂക്ഷിച്ച വടിവാളുകളുമായി യുവാവ് അറസ്റ്റില്‍
മണല്‍കടത്തിന് അകമ്പടിയായി എത്തിയതെന്ന് വിവരം
ബന്തിയോട്: കാറില്‍ സൂക്ഷിച്ച വടിവാളുകളുമായി കര്‍ണാടക സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബണ്ട്‌വാള്‍ സ്വദേശി ആദിയ ജോസ്‌കിം കാസ്റ്റിലിനോ (32) ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി. വിനോദ് കുമാര്‍, എസ്.ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ രാത്രികാല പരിശോധന നടത്തുന്നതിനിടെ പെര്‍മുദെ റോഡില്‍ ഗോളിയടക്കയില്‍ വെച്ചാണ് സംശയ സാഹചര്യത്തില്‍ കണ്ട കാര്‍ പൊലീസ് പരിശോധിച്ചത്. പൊലീസ് പരിശോധിക്കാനായി കാറിനരികില്‍ എത്തുന്നതിനിടെ കാര്‍ ഓടിച്ചുപോകുകയും തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് ജീപ്പ് കുറുകെയിട്ട് പ്രതിയെ പിടികൂടുകയുമായിരുന്നു.
രണ്ട് വടിവാളുകളാണ് കാറിനകത്ത് കണ്ടെത്തിയത്. വാള് സൂക്ഷിക്കുന്ന ഉറയും കണ്ടെത്തി. വാളുകളും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയില്‍ നിന്നുള്ള അനധികൃത മണല്‍കടത്തിന് അകമ്പടിയായാണ് യുവാവ് എത്തിയതെന്നാണ് വിവരം. എന്നാല്‍ വാള്‍ സ്വയരക്ഷക്കായി കരുതിയതെന്നാണ് പ്രതിയുടെ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.