ജില്ലയില്‍ പ്രദര്‍ശനങ്ങള്‍ക്കായി പ്രത്യേക മൈതാനം ഒരുക്കും

വനിതാ സംരംഭകരുമായി കലക്ടര്‍ സംവദിച്ചു

കാസര്‍കോട്: ജില്ലയില്‍ പ്രദര്‍ശനങ്ങള്‍ക്ക് മാത്രമായി സ്ഥിരം മൈതാനം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. 'നമ്മുടെ കാസ്രോട്' വനിതാ സംരംഭകരുമായുള്ള മുഖാമുഖം പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനന്തപുരം വ്യവസായ ഏരിയയില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലളക്ടര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ സമയക്രമവും അവരുടെ കണക്കും പരിശോധിച്ച് അനന്തപുരം വ്യവസായ ഏരിയയിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിച്ചു.

ജില്ലയിലെ എല്ലാ വനിതാ സംരംഭകരേയും ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ രൂപീകരിക്കണമെന്നും വനിതാ സംരംഭകര്‍ക്ക് പ്രത്യേകമായി വ്യവസായ എസ്റ്റേറ്റുകള്‍ രൂപീകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത പ്രിന്റിംഗ് സംരംഭക ഷിഫാനി മുജീബ് ആവശ്യപ്പെട്ടു. ജില്ലയില്‍ എക്സ്പോകള്‍ സംഘടിപ്പിക്കുന്നതിനായി സ്ഥലലഭ്യത വളരെ കുറവാണെന്നും സ്ഥിരം എക്സ്പോ ഗ്രൗണ്ട് രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഷിഫാനി ആവശ്യപ്പെട്ടു. കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ തുളുനാട് ഇക്കോ ഗ്രീന്‍ എഫ്.പി.സി പ്രതിനിധി അന്നമ്മ ജോസ്, സ്വാതി ഓഫ്സെറ്റ് പ്രിന്റിങ് പ്രസ് പ്രൊപ്രൈറ്റര്‍ പത്മാവതി, ഹുദാ ഹോം മേഡ് പ്രോഡക്ട്‌സ് ഉടമ മറിയാമ്മ, ബി.ആര്‍ ഹോം മേഡ് പ്രോഡക്ട്‌സ് പ്രൊപ്രൈറ്റര്‍ ബേബി രാഘവന്‍, കേക്ക് ആര്‍ട്ടിസ്റ്റ് ഹംദ സലീം, എം.വി.ഐ ഫ്ളവേഴ്സ് ഉടമ എം. അരുണാക്ഷി, ഉമ ഗാര്‍മെന്റ്സ് ഉടമ പി.കെ ഉമാവതി, ഗ്രാനൈറ്റ് ഉദ്യോഗ് ഉടമ സി. ബിന്ദു, താമാ ഹണീ ആന്റ് ബീ ഫാം ഉടമ ആലിയാമ ഫിലിപ്പ്, എം.എ കെയര്‍ കോര്‍ണര്‍ ഉടമ പി.എ സീനത്ത്, റീയൂസബിള്‍ സാനിറ്ററി പാഡ് സംരംഭക രാജി ഷിനോയ്, പ്ലൈവുഡ് ഇന്റസ്ട്രി സംരംഭക ഫാമിദ തുടങ്ങിയവരും പങ്കെടുത്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it