ഓര്‍മ്മകളുടെ കെട്ടഴിച്ചും സ്‌നേഹമധുരം പങ്കുവെച്ചും മുന്‍ അധ്യാപകരുടെ ഒത്തുകൂടല്‍
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 1990 മുതല്‍ 2005 വരെ സേവനം അനുഷ്ഠിച്ചിരുന്ന അധ്യാപകര്‍ വീണ്ടും സ്‌കൂളിലെത്തി ഒത്തുകൂടി. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളില്‍ നിന്നും എത്തിയ, അമ്പതോളം അധ്യാപകരാണ് പഴയ ഓര്‍മ്മകള്‍ അയവിറക്കിയും സ്‌നേഹമധുരം പങ്കുവെച്ചും ഒത്തുകൂടിയത്. ഇവരിലധികം പേരും നിലവില്‍ വിശ്രമജീവിതം നയിക്കുന്നവരാണ്.
എത്താന്‍ പറ്റാത്ത അധ്യാപകരില്‍ പലരും വീഡിയോ കോള്‍ വഴിയും സംഗമത്തിന്റെ ഭാഗമായി. പാട്ടുപാടിയും കവിതചൊല്ലിയും രസകരമായ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചും അവര്‍ സംഗമത്തെ അവിസ്മരണീയമാക്കി. അധ്യാപകരെ സ്വീകരിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ പി.ടി.എ., എസ്.എം.സി. ഭാരവാഹികളും എത്തിയിരുന്നു.
പൂര്‍വ്വകാല അധ്യാപകരായ യൂസഫ്, കലേശന്‍, അബ്ദുല്‍ നാസര്‍, ദിവാകര നായക്ക്, ടി.എം. രാജേഷ്, ഉല്ലാസ് ബാബു, ശ്രീനിവാസന്‍, വി.വി. രവീന്ദ്രന്‍, ഹരികൃഷ്ണന്‍, അശോക ബാഡൂര്‍, എ.പി. സാവിത്രിക്കുട്ടി, നൂര്‍ജഹാന്‍, മറിയാമ്മ, ജലജ, സുരേന്ദ്രന്‍, അഷ്‌റഫ് തുടങ്ങിയ അധ്യാപകര്‍ സംഗമത്തിന് നേതൃത്വം നല്‍കി. തിരികെ നാം എന്ന പേരിലായിരുന്നു സംഗമം സംഘടിപ്പിച്ചത്. പി.ടി.എ., എസ്.എം.സി. ഭാരവാഹികളായ നെഹ്‌റു കടവത്ത്, മാഹിന്‍ കുന്നില്‍, മഹ്‌മൂദ് ബെള്ളൂര്‍, ഖാദര്‍ കടവത്ത്, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളായ ജാബിര്‍ കുന്നില്‍, കെ.എം. ഇര്‍ഷാദ്, റഹീം, ഫൈസല്‍, സാക്കിര്‍, സലാം തുടങ്ങിയവര്‍ പഴയകാല അധ്യാപകര്‍ക്ക് വരവേല്‍പ് നല്‍കി.