പി. ജയചന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ച് ജന്മദിനത്തില്‍ യേശുദാസിന് സംഗീതാര്‍ച്ചന
കൊല്ലൂര്‍: ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സംഗീതാര്‍ച്ചനയ്ക്ക് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. 2000ല്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് സാംസ്‌കാരിക കൂട്ടായ്മയുടെ പിന്‍ബലത്തോടെയാണ് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ യേശുദാസിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് സംഗീത പരിപാടിക്ക് തുടക്കമിട്ടത്. ജനുവരി 10ന് ലോകത്തിന്റെ ഏത് കോണിലായാലും കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ ഓടിയെത്തുമായിരുന്ന യേശുദാസിന് മൂന്ന് വര്‍ഷമായി ഈ പതിവ് തെറ്റിക്കേണ്ടി വന്നു. ഈ വര്‍ഷവും യേശുദാസിന്റെ അസാന്നിധ്യത്തില്‍ ഇവിടെ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടക്കുന്നുണ്ട്. രാമചന്ദ്രന്റെ സംഗീതാര്‍ച്ചനയും നടന്നുവരികയാണ്. ഇന്നത്തെ സംഗീതാര്‍ച്ചനയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഭാവഗായകന്‍ പി. ജയചന്ദ്രന്റെ വിയോഗം കാരണം അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതാര്‍ച്ചന തുടങ്ങിയത്. ജയചന്ദ്രനെ പോലുള്ള ഗായകര്‍ അടയാളപ്പെടുത്തിയ ഗാനങ്ങള്‍ക്ക് ഒരിക്കലും മരണമില്ലെന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പറഞ്ഞു. അതുവഴി ഈ മഹാന്മാര്‍ അമരന്മാരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. വാതാപി ഗണപതി ഭജേ എന്ന ഹംസ ധ്വനി രാഗത്തിലുള്ള കീര്‍ത്തനത്തോടെയാണ് സംഗീതാര്‍ച്ചന തുടങ്ങിയത്. എന്‍. ഹരി, താമരക്കുടി രാജശേഖരന്‍, കോവൈ സുരേഷ് തുടങ്ങിയ പ്രശസ്തരാണ് പക്ക മേളം ഒരുക്കുന്നത്.