മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നിലും മടിക്കൈയിലും പാക്കത്തും തീപിടിത്തം; വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ തീ പടരാതിരുന്നതിനാല്‍ ഒഴിവായത് വന്‍ദുരന്തം

പെട്ടിക്കടക്ക് തീ പിടിച്ചതിനെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

കാഞ്ഞങ്ങാട് : ഇന്നലെ വ്യത്യസ്ത പ്രദേശങ്ങളിലുണ്ടായ വന്‍ തീപിടിത്തങ്ങള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നിലും മടിക്കൈ എരിക്കുളത്തും പാക്കം വെളുത്തോളിയിലുമാണ് തീപിടിത്തങ്ങളുണ്ടായത്. മഞ്ഞംപൊതിക്കുന്നില്‍ ഇന്നലെ വൈകിട്ടാണ് തീ പടര്‍ന്നത്. ഒരേക്കര്‍ സ്ഥലത്തെ കാടുകളും ചെടികളും കത്തിനശിച്ചു. സ്വകാര്യ വ്യക്തിയുടെ അടക്കം ഒരേക്കറോളം സ്ഥലത്താണ് നാശനഷ്ടമുണ്ടായത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സെത്തിയെങ്കിലും ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് സ്ഥലത്തേക്ക് പോകാനായില്ല. തുടര്‍ന്ന് ചെറിയ വാഹനങ്ങളെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. മാവുങ്കാല്‍ ലയണ്‍സ് ക്ലബ്ബിന് സമീപത്തേക്കും തീ പടര്‍ന്നിരുന്നു. ഈ ഭാഗത്ത് കെ.എസ്.ഇ.ബി വൈദ്യുതി സെക്ഷന്‍ ഓഫീസും വൈദ്യുതി ട്രാന്‍സ്ഫോര്‍മറുമുണ്ട്. ഇവിടേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ഒരാഴ്ചക്കിടെ ഇത് മൂന്നാംതവണയാണ് മഞ്ഞംപൊതിക്കുന്നില്‍ തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷവും ഇവിടെ നിരവധി തവണ തീപിടിത്തമുണ്ടായിരുന്നു. ദുര്‍ഘടമായ പ്രദേശമായതിനാല്‍ ഫയര്‍ഫോഴ്സിന് ഇവിടേക്ക് എളുപ്പത്തിലെത്താന്‍ സാധിക്കുന്നില്ല. നാട്ടുകാരുടെ സഹായത്തോടെ ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ കഴിഞ്ഞത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ ഗണേശന്‍ കിണറ്റിന്‍കര, അര്‍ജുന്‍ കൃഷ്ണ, മുകേഷ്, ഹോംഗാര്‍ഡുമാരായ രാമചന്ദ്രന്‍, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മടിക്കൈ എരിക്കുളം കോളനിക്ക് സമീപം ആളൊഴിഞ്ഞ പറമ്പില്‍ ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. വിമലയുടെ പെട്ടിക്കടയ്ക്ക് തി പിടിച്ചതിനെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കാഞ്ഞങ്ങാട്ടു നിന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ. സതീഷ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഗണേശന്‍ കിണറ്റിന്‍കര, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഇ.ടി മുകേഷ്, ഇ.കെ നികേഷ്, വി.വി ലിനേഷ്, എ. അതുല്‍, വിഷ്ണുദാസ് ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍മാരായ കെ.എം ലതീഷ്, സി. പ്രിഥിരാജ്, ഹോം ഗാര്‍ഡുമാരായ ടി. നാരായണന്‍, കെ.കെ സന്തോഷ്, കെ.വി രാമചന്ദ്രന്‍, സി.വി അനിഷ്, പി.വി പ്രശാന്ത്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഡിവിഷണല്‍ വാര്‍ഡന്‍ പി.പി പ്രദീപ് കുമാര്‍, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ആര്‍. സുധീഷ്, പ്രസാദ് എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീയിട്ടയാളെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.

പാക്കം വെളുത്തോളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഒരേക്കറോളം സ്ഥലത്തെ മരങ്ങളടക്കം കത്തി നശിച്ചു. കാഞ്ഞങ്ങാട്ടു നിന്ന് ഫയര്‍ഫോഴേസെത്തിയാണ് തീയണച്ചത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it