കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ പാലത്തിന് 27 കോടിയുടെ പദ്ധതി പരിഗണനയില്‍

കാസര്‍കോട്: കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചതിനെത്തുടര്‍ന്ന് ജില്ലാ റോഡ് ആന്റ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ വി.സി.ബി കം ബ്രിഡ്ജ് പുനര്‍ നിര്‍മാണത്തിനായുള്ള നടപടികള്‍ നടന്നുവരുന്നതായി ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച താലൂക്ക് തല അദാലത്തില്‍ ആദിവാസി-ദളിത് മുന്നേറ്റ സമിതി ജില്ലാ പ്രസിഡണ്ട് പി.കെ. ചന്ദ്രശേഖരന്‍ കുമ്പള സമര്‍പ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇക്കാര്യം വിശദീകരിച്ചത്. പാലം അടച്ചിട്ടപ്പോള്‍ തന്നെ പുതിയ പദ്ധതിക്കുള്ള ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കുകയും ഡിസൈന്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലലഭ്യത തടസം സൃഷ്ടിച്ചത് തുടര്‍ നടപടികള്‍ വൈകാനിടയായി. തുടര്‍ന്ന് എ.കെ.എം. അഷ്‌റഫ് എം.എല്‍.എയും ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുമ്പള ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കഴിഞ്ഞ മാസം സ്ഥല ലഭ്യത ഉറപ്പുവരുത്തി. ഇതോടെ പദ്ധതിക്കായുള്ള ഡി.പി.ആര്‍ തയ്യാറാക്കി. ഈ മാസം തന്നെ ഡി.പി.ആര്‍ നബാര്‍ഡില്‍ സമര്‍പ്പിക്കുമെന്നും അംഗീകാരം ലഭ്യമാകുന്ന മുറക്ക് പ്രവൃത്തി തുടങ്ങുമെന്നും മറുപടിയില്‍ പറയുന്നുണ്ട്. അതിനിടെ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും വാഹനയാത്രക്കാരും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it