യു.പി വെടിവെപ്പ്: മരണം നാലായി, എം.പിക്കെതിരെ കേസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കൈഫ് ആണ് മരിച്ചത്. വെടിയേറ്റതാണ് മരണകാരണമെന്നാണ് ഉയരുന്ന ആരോപണം. യഥാര്‍ത്ഥ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ പറയാനാവൂ എന്നാണ് പൊലീസിന്റെ പ്രതികരണം.
അതിനിടെ സമാജ് വാദി പാര്‍ട്ടി എം.പി സിയ ഉര്‍ റഹ്മാനെതിരെ യു.പി പൊലീസ് കേസെടുത്തു. അക്രമത്തെ പ്രോത്സാഹിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്. സംഭലിലെ പൊലീസ് വെടിവെപ്പില്‍ സുപ്രീംകോടതി കേസെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.പൊലീസ് വെടിവയ്പ്പില്‍ ഇന്നലെ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. നുഹ്മാന്‍, ബിലാല്‍, നയീം എന്നിവരാണ് കൊല്ലപ്പെട്ടത്. 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാഹി ജുമാ മസ്ജിദില്‍ സര്‍വേയ്‌ക്കെത്തിയ അഭിഭാഷക സംഘത്തിന് നേരെ പ്രതിഷേധം ഉയര്‍ത്തിവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.