കാസര്‍കോട്: പണിമുടക്കിയ തൊഴിലാളി സംഘടനകള്‍ സംയുക്തമായി കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്തൊരുക്കിയ സമരപ്പന്തലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം എച്ച്.എം.എസ് സംസ്ഥാന പ്രസിഡണ്ട് പി.വി തമ്പാന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ രാജന്‍ അധ്യക്ഷത വഹിച്ചു. മുത്തലിബ് പാറക്കട്ട സ്വാഗതം പറഞ്ഞു. ബിജു ഉണ്ണിത്താന്‍, പി.വി കുഞ്ഞമ്പു, കെ. ഭാസ്‌കരന്‍, കരിവെള്ളൂര്‍ വിജയന്‍, ടി. ജാനകി, കെ. രവീന്ദ്രന്‍, പി.കെ വിജയന്‍, ഷാഹുല്‍ ഹമീദ്, ഉമേശ് അണങ്കൂര്‍, സി.എം.എ ജലീല്‍, സുബൈര്‍ മാര, യൂനുസ് തളങ്കര, അബ്ദുല്‍ ഖാദര്‍ നെല്ലിക്കുന്ന്, കെ.വി പത്മേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പണിമുടക്കിനെത്തുടര്‍ന്ന് ജില്ലയില്‍ ഭാഗീകമായാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകള്‍ ഒന്നും തന്നെ ഓടുന്നില്ല. ഓട്ടോകളും ടാക്‌സികളും പണിമുടക്കി. രാവിലെ കാസര്‍കോട് നഗരത്തില്‍ ഏതാനും ഓട്ടോകള്‍ ഓടിയിരുന്നെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു. വാഹനങ്ങള്‍ തടഞ്ഞതിനെച്ചൊല്ലി സമരാനുകൂലികളും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.