വഴിമുട്ടിയവരുടെ രോദനം

വികസനം ഏതൊരു ജനതയുടെയും സ്വപ്‌നമാണ്. നിലവിലുള്ള സൗകര്യങ്ങളെ കൂടുതല്‍ ജനോപകാരപ്രദമായി നടപ്പിലാക്കുമ്പോഴാണ് വികസനം ജനപക്ഷമാകുന്നത്.പറഞ്ഞു വരുന്നത് ദേശീയ പാത 66 ന്റെ വികസനം നടക്കുമ്പോള്‍ നിലവിലുള്ള പാതകള്‍ പോലും തടയപ്പെട്ട് ദുരിതത്തിലാകുന്ന പ്രദേശവാസികളെക്കുറിച്ചാണ്.ഇപ്പോഴത്തെ രീതിയില്‍ ദേശീയ പാതകള്‍ വികസിപ്പിക്കുമ്പോള്‍ നിലവിലുള്ള വഴികള്‍ അടയ്ക്കപ്പെടുകയാണ്. ആളുകള്‍ കോണ്‍ക്രീറ്റ് വന്‍ മതിലുകളാല്‍ രാജ്യാതിര്‍ത്തികള്‍ പോലെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കാന്‍ പോവുകയാണ്. എന്‍.എച്ച് 66 പാത വികസനം ഒരു ദുരന്തമായി മാറുകയാണോ എന്നവര്‍ സ്വാഭാവികമായും ആശങ്കപ്പെടുന്നു.എരിയാലിലും പെര്‍വാഡിലും അടുക്കത്ത്ബയലിലും അണങ്കൂരിലും […]

വികസനം ഏതൊരു ജനതയുടെയും സ്വപ്‌നമാണ്. നിലവിലുള്ള സൗകര്യങ്ങളെ കൂടുതല്‍ ജനോപകാരപ്രദമായി നടപ്പിലാക്കുമ്പോഴാണ് വികസനം ജനപക്ഷമാകുന്നത്.
പറഞ്ഞു വരുന്നത് ദേശീയ പാത 66 ന്റെ വികസനം നടക്കുമ്പോള്‍ നിലവിലുള്ള പാതകള്‍ പോലും തടയപ്പെട്ട് ദുരിതത്തിലാകുന്ന പ്രദേശവാസികളെക്കുറിച്ചാണ്.
ഇപ്പോഴത്തെ രീതിയില്‍ ദേശീയ പാതകള്‍ വികസിപ്പിക്കുമ്പോള്‍ നിലവിലുള്ള വഴികള്‍ അടയ്ക്കപ്പെടുകയാണ്. ആളുകള്‍ കോണ്‍ക്രീറ്റ് വന്‍ മതിലുകളാല്‍ രാജ്യാതിര്‍ത്തികള്‍ പോലെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കാന്‍ പോവുകയാണ്. എന്‍.എച്ച് 66 പാത വികസനം ഒരു ദുരന്തമായി മാറുകയാണോ എന്നവര്‍ സ്വാഭാവികമായും ആശങ്കപ്പെടുന്നു.
എരിയാലിലും പെര്‍വാഡിലും അടുക്കത്ത്ബയലിലും അണങ്കൂരിലും അടക്കം ഈ തലതിരിഞ്ഞ റോഡ് വികസനത്തിനെതിരെ ജനരോഷം ഉയരുകയാണ്. സ്‌കൂളുകള്‍, തൊഴിലിടങ്ങള്‍, അങ്ങാടികള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ അങ്ങനെ സാധാരണ ജനങ്ങളുമായി ബന്ധപ്പെടുന്ന സര്‍വ ഇടങ്ങളും മതിലുകള്‍ക്കപ്പുറവും ഇപ്പുറവുമായി വിഭജിക്കപ്പെട്ടിരിക്കുന്നു.
പുതിയ ലോക ക്രമത്തില്‍ സ്വാതന്ത്ര്യദാഹമുള്ള ജനത മതിലുകള്‍ പൊളിച്ചു മാറ്റിയ കഥകള്‍ വലിയ പഴക്കമുള്ളതല്ല. ജര്‍മനിയിലെ ബര്‍ലിന്‍ മതില്‍ പൊളിച്ചടുക്കിയ പോരാട്ട കഥകള്‍ നാം കണ്ടതാണ്.
ഇവിടെ ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന മതിലുകള്‍ മൂലം വേര്‍പിരിക്കപ്പെട്ട, പുറന്തള്ളപ്പെട്ട ജനതായി നാം മാറുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഇന്ന് കാസര്‍കോടിന്റെ സാമൂഹ്യ ജീവിതത്തെ തന്നെ അസ്വസ്ഥപ്പെടുത്തി തുടങ്ങിയിട്ടുണ്ട് എന്ന് അധികാരികള്‍ മനസ്സിലാക്കണം. ഈ നെറികേടിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു തുടങ്ങി കഴിഞ്ഞു.
പാതാ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ റോഡുകള്‍ വീതി കൂടുന്നതും വളവുകള്‍ കുറയുന്നതും പെട്രോളിന്റെ ഉപഭോഗം കുറക്കുമെന്നാണ് അധികാരികള്‍ പറയുന്നത്. നാമത് വിശ്വസിച്ചു. പക്ഷെ, സംഭവിക്കാന്‍ പോകുന്നത് മറിച്ചാണ്. ഹൈവേയുമായി ബന്ധപ്പെടുന്ന സാധാരണ വഴികള്‍ അടക്കപ്പെടുകയും റോഡിന്റെ മറുഭാഗം യാത്ര ചെയ്യാനും മുറിച്ചു കടക്കാനും അടിപ്പാതകള്‍ (അണ്ടര്‍പാസ്) തേടി ജനങ്ങള്‍ കാതങ്ങള്‍ യാത്ര ചെയ്യേണ്ടിവരും. ഇത്തരം വന്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഒരു ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികള്‍ക്ക് പോലും ഡി.പി.ആര്‍ ലഭ്യമാക്കാതെ, വേണ്ടത്ര ചര്‍ച്ച ചെയ്യാതെ തികച്ചും ഏകപക്ഷീയമായിട്ടാണ് ഈ തലതിരിഞ്ഞ വികസനം നടപ്പിലാക്കുന്നത് എന്ന് വൈകിയാണ് നാമറിയുന്നത്.
ജനങ്ങളുടെ ആശങ്കകള്‍ അകറ്റി, ജനോപകാരപ്രദമായ രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ സമയം ഇനിയും അതിക്രമിച്ചിട്ടില്ല.
ശക്തമായ ജനപ്രക്ഷോഭം ഉണ്ടാകേണ്ടത് വഴി തടയപ്പെട്ട/വഴി അടയ്ക്കപ്പെട്ട ജനതയുടെ അവകാശമാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിച്ച സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കാണ് അവകാശം? നാമേവരും ഈ പ്രക്ഷോഭങ്ങളെ പിന്തുണക്കുക. ഉയരുന്ന ജനരോഷത്തിനു മുമ്പില്‍ മാറാത്ത മതിലുകളില്ല എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.


-അഷ്‌റഫ് അലി ചേരങ്കൈ

Related Articles
Next Story
Share it