തിരഞ്ഞെടുപ്പ് കാലങ്ങളിലെങ്കിലും കാസര്‍കോട് ദേശീയ നേതാക്കളുടെ സാന്നിധ്യം അറിയാറുണ്ട്. നിയമസഭ മുതല്‍ ലോക്സഭാ വരെയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് വേണ്ടി ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്രമോദി വരെ കാസര്‍കോട്ട് എത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയും വാജ്പേയിയും രാജീവ് ഗാന്ധിയുമൊക്കെ വോട്ട് തേടി കാസര്‍കോട്ട് വന്നിട്ടുണ്ട്.
രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കാസര്‍കോട് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് തേടി നരേന്ദ്രമോദി കാസര്‍കോട്ട് വന്നിട്ടുണ്ട്. പ്രധാനമന്ത്രിയായതിന് ശേഷം, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കാന്‍ അദ്ദേഹം ഏറ്റവും ഒടുവില്‍ കാസര്‍കോട്ട് വന്നത്. വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ കെ. സുരേന്ദ്രനും (മഞ്ചേശ്വരം), രവീശതന്ത്രി കുണ്ടാറും (കാസര്‍കോട്) അടക്കമുള്ള ജില്ലയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മോദി വോട്ട് ചോദിച്ചതും ഏതാണ്ട് ഒരുമണിക്കൂറോളം സംസാരിച്ചതും നമ്മള് മറന്നിട്ടില്ല.
എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിനും മുമ്പേ അദ്ദേഹം കാസര്‍കോട്ട് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ബി.ജെ.പി നേതാക്കളുടെ ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട്. 22 വര്‍ഷം മുമ്പത്തെ പഴയൊരു കഥയാണത്. 2001ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് അക്കൊല്ലം മെയ് മാസത്തിലായിരുന്നു. കാസര്‍കോട്ടും മഞ്ചേശ്വരത്തും ബി.ജെ.പി എക്കാലത്തേക്കാളും വലിയ പ്രതീക്ഷ പുലര്‍ത്തിയ തിരഞ്ഞെടുപ്പ്. രണ്ടിടത്തും പാര്‍ട്ടി ഇറക്കിയത് സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികളെ. മഞ്ചേശ്വരത്ത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് സി.കെ പത്മനാഭനും കാസര്‍കോട്ട് പി.കെ കൃഷ്ണദാസും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2001 ഏപ്രില്‍ 24ന് നരേന്ദ്രമോദി കാസര്‍കോട്ട് വന്നു. അന്ന് അദ്ദേഹം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയാണ്. കേരളത്തിന്റെ ചുമതല കൂടി ഉണ്ടായിരുന്നു. മഞ്ചേശ്വരത്തും കാസര്‍കോട്ടും നരേന്ദ്രമോദി നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തുകയും പ്രവര്‍ത്തക കണ്‍വെന്‍ഷനുകളിലും തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലും സംസാരിക്കുയും ചെയ്തു.
മഞ്ചേശ്വരത്ത് ചെക്ക് പോസ്റ്റിന് സമീപത്തെ ഗുരു കല്ല്യാണ മണ്ഡപത്തിലായിരുന്നു ആദ്യത്തെ പരിപാടി. ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദിയാണ്. അന്ന് അദ്ദേഹം നടത്തിയ ഉജ്ജ്വല പ്രസംഗം ഇപ്പോഴും ജില്ലയിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളില്‍ ഒരാളായ വി. രവീന്ദ്രന് അടക്കമുള്ളവരുടെ കാതുകളിലുണ്ട്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയും ഉണ്ടായിരുന്നു. അതിന് ഒരാഴ്ച മുമ്പാണ് കാസര്‍കോട് താലൂക്ക് ഓഫീസില്‍ തഹസില്‍ദാറും ആര്.ഡി.ഒയും അടക്കമുള്ളവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബന്ദികളാക്കിയത്. തഹസില്‍ദാര്‍ അനര്‍ഹമായി മുസ്ലിംലീഗ് പ്രവര്‍ത്തകരായ കുറെപേരെ വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ക്കാന്‍ കൂട്ടുനിന്നു എന്നാരോപിച്ചായിരുന്നു സമരം. ബന്ദിയാക്കിയ ഉദ്യോഗസ്ഥരെ പൊലീസ് വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് മോചിപ്പിച്ചത്. നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലായി. കെ. സുരേന്ദ്രന് അന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ആ തിരഞ്ഞെടുപ്പില്‍ കാസര്‍കോടിന്റെ ചുമതലയുണ്ടായിരുന്നവരില്‍ ഒരാള്‍ സുരേന്ദ്രനാണ്. അന്നാണ് അദ്ദേഹം ആദ്യമായി കാസര്‍കോട്ട് സജീവമാകുന്നത്. താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരെ ബന്ദിയാക്കിയ സമരത്തില്‍ സുരേന്ദ്രനും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് പുറമെ വി. രവീന്ദ്രന്, മടിക്കൈ കമ്മാരന്, ബാലകൃഷ്ണ ഷെട്ടി അടക്കമുള്ളവര്‍ ജയിലിലായി. ഒരാഴ്ചത്തെ റിമാണ്ട് കഴിഞ്ഞ് നേതാക്കള്‍ ജയിലില്‍ നിന്നിറങ്ങിയ ദിവസം തന്നെയാണ് നരേന്ദ്രമോദി കാസര്‍കോട്ടെത്തിയതും. ജയില്‍ മോചിതരായ നേതാക്കളെ മഞ്ചേശ്വരത്ത് മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് ആനയിച്ച് എത്തിക്കുകയായിരുന്നു.
അന്ന് തന്നെ മോദി കാസര്‍കോട്ട് ടൗണ്‍ ബാങ്ക് ഹാളിലും നരേന്ദ്രമോദി ബി.ജെ.പി കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു. മോദിയുടെ പ്രസംഗം വി. രവീന്ദ്രന് ഇപ്പോഴും മറന്നിട്ടില്ല. തിരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു മാജിക് അന്നുതന്നെ മോദിക്കുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറെപേര് ഒന്നിച്ച് ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ ഒരേ വേഷത്തില്‍ നഗരത്തിലൂടെ ഒന്നിച്ച് നടക്കണമെന്നും നഗരത്തിന്റെ ശ്രദ്ധ മുഴുവനും അവരിലാകുമെന്നും അങ്ങനെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും അന്ന് മോദി പറഞ്ഞ വാക്കുകളും വി. രവീന്ദ്രന്റെ ഓര്‍മ്മകളിലുണ്ട്.
നരേന്ദ്രമോദി പിന്നീട് നേരിട്ടെത്തിയത് മീറ്റ് ദി പ്രസ്സില്‍ കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ കാസര്‍കോട്ടെ പഴയ പ്രസ്ക്ലബിലാണ്. അന്നത്തെ പ്രസ്ക്ലബ് പ്രസിഡണ്ട് കെ.എം അഹ്മദിന്റെ ക്ഷണപ്രകാരമായിരുന്നു അത്. ഇപ്പോഴത്തെ പ്രസ്ക്ലബ് ജംഗ്ഷനിലെ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ് സൗകര്യമില്ലാത്ത മൂന്നാം നിലിയിലെ പ്രസ് കോണ്‍ഫറന്‍സ് ഹാളിലേക്ക് സ്ഥാനാര്‍ത്ഥി കൃഷ്ണദാസിനും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണാനന്ദ പൈക്കും ഒപ്പം നടന്നുകയറിയാണ് മോദി എത്തിയത്. കെ.എം അഹ്മദ് മീറ്റ് ദി പ്രസ്സില്‍ അധ്യക്ഷത വഹിച്ചു. അന്ന് ഏതാണ്ട് 45 മിനിട്ടുനേരം മാധ്യമ പ്രവര്‍ത്തകരുമായി അദ്ദേഹം സംസാരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി കിംഗ് മേക്കറാവുമെന്നും ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുമന്ത്രിസഭയായിരിക്കും വരികയെന്നും അന്ന് മോദി മീറ്റ് ദി പ്രസ്സില്‍ പറഞ്ഞുവെങ്കിലും ഇന്നുവരെ കേരളത്തില്‍ കിംഗ് മേക്കറാവാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നതും ഒരിക്കല്‍ പോലും ഇവിടെ തൂക്കുമന്ത്രിസഭ ഉണ്ടാവുന്ന സാഹചര്യം ഉണ്ടായില്ല എന്നതും ചരിത്രം. അതേ വര്‍ഷം തന്നെയാണ് നരേന്ദ്രമോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ നിന്ന് പ്രധാനമന്ത്രി പദം വരെ എത്തി.
-ടി.എ. ഷാഫി