വിടപറഞ്ഞത് ജനകീയ ഡോക്ടര്‍

നഗരം വികസിക്കുന്നതിന് മുമ്പ് കാസര്‍കോടിന്റെ അങ്ങാടിയായിരുന്നു തായലങ്ങാടി. അവിടെ ഒരു പെട്രോള്‍ പമ്പിന് പിന്നിലെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ മുറിയില്‍ സദാ പുഞ്ചിരിച്ച് കന്നഡ കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന സാധാരണക്കാരനായ ഡോ. നരസിംഹ ഭട്ട്. എന്താ ഉമ്മാ, എന്താ അമ്മ കുഞിക്ക് എന്താക്കിയെ.. കഴുത്തില്‍ ചുറ്റിയ ടെലസ്‌കോപ്പ് എടുത്തു കുഞ്ഞിനെ പരിശോധിക്കുന്നതിന് മുമ്പ് അവിടെ കുട്ടികളുടെ തൂക്കം നോക്കുന്ന ചെറിയ ഒരു ഉപകരണത്തില്‍ കിടത്തും. കൂടുതലും നവജാത ശിശുക്കളായിരിക്കും. പലപ്പോഴും ഡോക്ടറുടെ അടുത്ത് എന്റെ സഹോദരിക്കൊപ്പം […]

നഗരം വികസിക്കുന്നതിന് മുമ്പ് കാസര്‍കോടിന്റെ അങ്ങാടിയായിരുന്നു തായലങ്ങാടി. അവിടെ ഒരു പെട്രോള്‍ പമ്പിന് പിന്നിലെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ മുറിയില്‍ സദാ പുഞ്ചിരിച്ച് കന്നഡ കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന സാധാരണക്കാരനായ ഡോ. നരസിംഹ ഭട്ട്. എന്താ ഉമ്മാ, എന്താ അമ്മ കുഞിക്ക് എന്താക്കിയെ.. കഴുത്തില്‍ ചുറ്റിയ ടെലസ്‌കോപ്പ് എടുത്തു കുഞ്ഞിനെ പരിശോധിക്കുന്നതിന് മുമ്പ് അവിടെ കുട്ടികളുടെ തൂക്കം നോക്കുന്ന ചെറിയ ഒരു ഉപകരണത്തില്‍ കിടത്തും. കൂടുതലും നവജാത ശിശുക്കളായിരിക്കും.
പലപ്പോഴും ഡോക്ടറുടെ അടുത്ത് എന്റെ സഹോദരിക്കൊപ്പം അവരുടെ കുഞ്ഞിനെ കാണിക്കാന്‍ കൂടെപോകും. ഡോക്ടറുടെ പെരുമാറ്റം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അതിനേക്കാളേറെ ആകര്‍ഷിച്ചത് ഡോക്ടറുടെ കന്നഡ കലര്‍ന്ന മലയാളമായിരുന്നു. അത് കേട്ട് ഞാന്‍ അതേ പോലെ പറഞ്ഞ് സുഹൃത്തുക്കളുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഉമ്മമാര്‍ക്ക് അവര്‍ 'നര്‍സിമബട്ടായിരുന്നു...'
ഉമ്മമാര്‍ക്ക് പലപ്പോഴും ഡോക്ടര്‍ പറയുന്നത് മനസ്സിലാകുമായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തായലങ്ങാടിയില്‍ നിന്നും അണങ്കൂരിലേക്ക് പോകുന്നത്. പിന്നീട് അവിടെ അവരുടെ വീട്ടിനുള്ളില്‍ തന്നെയായിരുന്നു പരിശോശന കേന്ദ്രം. വലിയ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ പരിശോധന മുറിയുടെ ജനാല തുറന്ന് നോക്കും. 'ഇരിക്കുമ്മ,ബിള്‍ക്കാം. കൊരച്ച് ഇരിക്കി 'അടുത്ത കാലത്ത് മകളുടെ കുഞ്ഞിനെയും കൊണ്ട് പോയപ്പോള്‍ ഡോക്ടര്‍ പൂജയിലായിരുന്നു. അതൊക്കെ കഴിഞ്ഞ് അകത്ത് വിളിച്ചു.
കുറേ കാലത്ത് പരിശോധിക്കുന്നതും അപൂര്‍വ്വമായിരുന്നു. കുറേ കാര്യങ്ങള്‍ സംസാരിച്ചു. മെഡിക്കല്‍ മേഖലകള്‍ കച്ചവട കേന്ദ്രമാക്കി മാറുന്നതും പുതിയ രോഗങ്ങള്‍ കടന്നു വന്നതുമൊക്കെ ആ വാക്കുകളിലുണ്ടായിരുന്നു. ജനകീയനായ ശിശുരോഗ വിദഗ്ധനായിരുന്ന അദ്ദേഹം ഒരിക്കലും വലിയ തുക ഫീസായി വാങ്ങിയില്ല. ചെറിയൊരു തുക മാത്രമല്ലാതെ.
മെഡിക്കല്‍ റപ്രസന്റിറ്റീവുമാര്‍ ഫ്രീയായി നല്‍കുന്ന മരുന്നുകള്‍ പോലും അദ്ദേഹം വെറുതെ നല്‍കി. ഒരു മൃഗ സ്‌നേഹി കൂടിയായിരുന്നു. തൊട്ടതിനും നോക്കിയതിനും എക്‌സസറെ, ടെസ്റ്റ് എന്ന് പറഞ്ഞില്ല.'രണ്ട് ദൊവസം കൊട്ക്കുമ്പോ പനി മാറും ഉമ്മ...'എന്ന് ആശ്വാസവാക്കുകള്‍ നല്‍കും.
തായലങ്ങാടിക്ക്, തളങ്കരയ്ക്ക്, കാസര്‍കോടിന് സുപരിചിതനായൊരു ജനകീയ ഡോക്ടര്‍ കടന്നു പോയിരിക്കുന്നു. അദ്ദേഹം പരിശോധിച്ച കുട്ടികള്‍ ഇന്ന് വളര്‍ന്ന് പല മേഖലകളിലേക്കുമെത്തിയിട്ടുണ്ടാകും.
ഓര്‍മ്മയില്ലാത്ത പ്രായത്തില്‍ ഡോക്ടറുടെ അടുത്ത് എത്തിയ കുഞ്ഞുങ്ങള്‍, അവരെ ഒക്കത്തിരുത്തിയും കൈ പിടിച്ചും കൊണ്ടുവന്ന ഉമ്മമാര്‍ക്കും അമ്മമാര്‍ക്കും ഡോക്ടറുടെ സാമീപ്യം മറക്കാനാവില്ല. ജനകീയ ഡോക്ടര്‍ നരസിംഹ ഭട്ട് എന്നും ജനഹൃദയങ്ങളില്‍ ജീവിക്കും.. കണ്ണീര്‍ പൂക്കള്‍...

Related Articles
Next Story
Share it