പള്ളം പുഴയോരത്ത് കണ്ടല്‍കാടുകളുടെ സൗന്ദര്യം ആസ്വദിച്ചുള്ള 'നഗരവനം' പാര്‍ക്ക് ഒരുങ്ങുന്നു

കാസര്‍കോട്: പള്ളം പുഴയോരത്ത് കണ്ടല്‍കാടുകളുടെയും അപൂര്‍വ്വയിനം പക്ഷികളുടെയും കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ 'നഗരവനം' പദ്ധതിയുടെ ഭാഗമായി പാര്‍ക്കൊരുങ്ങുന്നു. ഒരു മാസം മുമ്പാണ് പാര്‍ക്കിന്റെ പ്രവൃത്തി ആരംഭിച്ചത്. 2022ല്‍ കേരള വനംവകുപ്പിന്റെ കീഴില്‍ കാസര്‍കോട് ഫോറസ്റ്റ് റേഞ്ചിന്റെ അധീനതയിലുള്ള പള്ളത്തെ 21 ഹെക്ടര്‍ സ്ഥലത്ത് 85 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരവനം പദ്ധതിക്ക് തുടക്കമിട്ടത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏതാനും മാസം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ മുന്നോടിയായി പുഴക്കരികിലെ കണ്ടല്‍കാടുകള്‍ നശിച്ചുപോകാതിരിക്കാന്‍ 300 മീറ്റര്‍ ദൂരത്തില്‍ […]

കാസര്‍കോട്: പള്ളം പുഴയോരത്ത് കണ്ടല്‍കാടുകളുടെയും അപൂര്‍വ്വയിനം പക്ഷികളുടെയും കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ 'നഗരവനം' പദ്ധതിയുടെ ഭാഗമായി പാര്‍ക്കൊരുങ്ങുന്നു. ഒരു മാസം മുമ്പാണ് പാര്‍ക്കിന്റെ പ്രവൃത്തി ആരംഭിച്ചത്. 2022ല്‍ കേരള വനംവകുപ്പിന്റെ കീഴില്‍ കാസര്‍കോട് ഫോറസ്റ്റ് റേഞ്ചിന്റെ അധീനതയിലുള്ള പള്ളത്തെ 21 ഹെക്ടര്‍ സ്ഥലത്ത് 85 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരവനം പദ്ധതിക്ക് തുടക്കമിട്ടത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏതാനും മാസം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ മുന്നോടിയായി പുഴക്കരികിലെ കണ്ടല്‍കാടുകള്‍ നശിച്ചുപോകാതിരിക്കാന്‍ 300 മീറ്റര്‍ ദൂരത്തില്‍ 8 അടി ഉയരത്തില്‍ കമ്പിവേലികള്‍ സ്ഥാപിച്ചു. പുഴയില്‍ മാലിന്യങ്ങള്‍ തള്ളി കണ്ടല്‍കാടുകളെ നശിപ്പിക്കുന്നത് മുന്‍കൂട്ടി അറിയാന്‍ പ്രദേശത്ത് ഉടന്‍ തന്നെ സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കും. നഗരവനം പദ്ധതി പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനായി നിരവധി ഇരിപ്പിടങ്ങളും സ്ഥാപിച്ച് കഴിഞ്ഞു. കരയില്‍ നിന്നും പുഴയിലേക്ക് പോകാനും തുടര്‍ന്ന് പുഴയില്‍ കൂടി ഫ്‌ളൈയിംഗ് ബോട്ടുകളില്‍ കൂടി കണ്ടല്‍കാടുകളുടെ സൗന്ദര്യം ആസ്വദിച്ച് ഇവിടെയുള്ള അപൂര്‍വ്വം പക്ഷികളെ നിരീക്ഷിക്കാനും താമസിയാതെ ബോട്ടുകള്‍ എത്തുമെന്ന് കാസര്‍കോട് റൈഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വി വിനോദ് കുമാര്‍ ഉത്തരദേശത്തോട് പറഞ്ഞു. പോര്‍ട്ടിന്റെ അധീനതയിലുള്ള പുഴയിലും ബന്ധപ്പെട്ടവരുമായി സഹകരിച്ചാണ് നഗരവനം പദ്ധതി നടപ്പിലാക്കുന്നത്. പുഴയില്‍ ബോട്ടുകള്‍ സഞ്ചരിക്കാന്‍ വേലിയേറ്റ സമയം ആവശ്യമാണ്. രാവിലെ എട്ട് മുതല്‍ പതിനൊന്ന് വരെയും ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് മണി വരെയും ആയിരിക്കും ബോട്ടുകള്‍ പുഴയിലിറക്കാന്‍ കഴിയുക. 4 പേര്‍ക്ക് സ്വയം നിയന്ത്രണത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന നാല് ബോട്ടുകളാണ് ആദ്യം എത്തിക്കുക. കരയില്‍ നിന്നും പുഴയിലേക്ക് പോകാനുള്ള സൗകര്യമുള്ള പെഡല്‍ ഒരുക്കി കഴിഞ്ഞു. നഗരവനം പദ്ധതി പാര്‍ക്കിന് ചുറ്റും മനോഹരമായ രീതിയില്‍ ചുറ്റുമതില്‍ പാകിയിട്ടുണ്ട്. കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ അവിടത്തെ സര്‍ക്കാര്‍ ഈ രീതിയിലുള്ള പദ്ധതി കൊണ്ടുവന്നത് വലിയ വിജയമായിട്ടുണ്ടെന്ന് വിനോദ് വ്യക്തമാക്കി. ടിക്കറ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. പാര്‍ക്ക് സന്ദര്‍ശിക്കാനും ബോട്ട് യാത്രക്കുമായി ആദ്യഘട്ടത്തില്‍ 50 രൂപ ഫീസ് ഈടാക്കുമെന്നും ജില്ലയിലെ ടൂറിസ്റ്റ് ഭൂപടത്തില്‍ വനം പദ്ധതി വലിയ കുതിച്ചുചാട്ടം നടത്തുമെന്നും വിനോദ് കുമാര്‍ പറഞ്ഞു. ജില്ലയിലെ വിനോദ സഞ്ചാരികള്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ മറ്റുസ്ഥലങ്ങള്‍ തേടി പോവുന്നത് വര്‍ധിച്ചിരിക്കുകയാണ്. പുഴകളും കുന്നുകളും കണ്ടല്‍കാടുകളും കോട്ടകളും കടല്‍തീരങ്ങളും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച കാസര്‍കോട് ജില്ലയില്‍ ഇത്തരം പദ്ധതി വിജയിക്കുമെന്നാണ് പ്രത്യാശ.

Related Articles
Next Story
Share it