നാടുവിട്ടു പോയി നമ്മുടെ നാടന്‍ കളികള്‍

മനസ്സിന്റെ ആല്‍ബത്തിനുള്ളില്‍ ഓര്‍മ്മകള്‍ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട അപൂര്‍വ്വം ചിത്രങ്ങളില്‍ നമ്മുടെ നാടന്‍ കളികളും ഇടം പിടിച്ചിരിക്കുന്നു. സമയത്തിന് ഇത്രയൊന്നും വേഗതയില്ലായിരുന്ന ഒരുകാലത്തിന് നിറം പകര്‍ന്നിരുന്നത് തീര്‍ച്ചയായും അന്നാട്ടിലെ നാടന്‍ കളികളായിരുന്നു. ഗ്രാമങ്ങളുടെ ആത്മാവ് തന്നെ നാടന്‍ കളികളില്‍ കുടികൊണ്ടിരുന്നു. ഗോരി, ഗോലി, തലപ്പന്ത്, ഇസ്‌പേട് കളി, അപ്പച്ചെണ്ട്, ഒളിച്ചുകളി, മരംതൊട്ടുകളി, കുട്ടിയും താണയും, കുണ്ടുകാല്‍ കളി, കൊത്തംകല്ല്... അങ്ങനെ എത്രയെത്ര കളികളിലൂടെയാണ് കുട്ടിക്കാലത്ത് ചെലവഴിച്ചിരുന്നത്. വരണ്ടുണങ്ങിയ പാടങ്ങളും മൈതാനങ്ങളും വീട്ടുപറമ്പുകളും വീടുകളെ പരസ്പരം ഇണക്കിയിരുന്ന വഴികളുമൊക്കെ […]

മനസ്സിന്റെ ആല്‍ബത്തിനുള്ളില്‍ ഓര്‍മ്മകള്‍ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട അപൂര്‍വ്വം ചിത്രങ്ങളില്‍ നമ്മുടെ നാടന്‍ കളികളും ഇടം പിടിച്ചിരിക്കുന്നു. സമയത്തിന് ഇത്രയൊന്നും വേഗതയില്ലായിരുന്ന ഒരുകാലത്തിന് നിറം പകര്‍ന്നിരുന്നത് തീര്‍ച്ചയായും അന്നാട്ടിലെ നാടന്‍ കളികളായിരുന്നു. ഗ്രാമങ്ങളുടെ ആത്മാവ് തന്നെ നാടന്‍ കളികളില്‍ കുടികൊണ്ടിരുന്നു. ഗോരി, ഗോലി, തലപ്പന്ത്, ഇസ്‌പേട് കളി, അപ്പച്ചെണ്ട്, ഒളിച്ചുകളി, മരംതൊട്ടുകളി, കുട്ടിയും താണയും, കുണ്ടുകാല്‍ കളി, കൊത്തംകല്ല്... അങ്ങനെ എത്രയെത്ര കളികളിലൂടെയാണ് കുട്ടിക്കാലത്ത് ചെലവഴിച്ചിരുന്നത്. വരണ്ടുണങ്ങിയ പാടങ്ങളും മൈതാനങ്ങളും വീട്ടുപറമ്പുകളും വീടുകളെ പരസ്പരം ഇണക്കിയിരുന്ന വഴികളുമൊക്കെ ഇത്തരം കളികളിലേര്‍പ്പെട്ടിരുന്ന കുട്ടികളുടെ ബഹളങ്ങളാല്‍ അക്കാലം എപ്പോഴും ഉണര്‍ന്നിരിക്കും. പഴയ മൈതാനങ്ങളും പാടങ്ങളും കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴിമാറിയതോടെ ഇന്ന് അവശേഷിക്കുന്ന ഇടങ്ങളിലും കുട്ടികളുടെ ആരവങ്ങള്‍ നിലച്ചിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണിലെ ഡിജിറ്റല്‍ ഗെയിമുകളിലേക്ക് എല്ലാം മറന്ന് തലകുനിച്ചിരിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്ക് അന്നത്തെ നാടന്‍ കളികളെ കുറിച്ച് ഒന്നും അറിയില്ല താനും. ശാരീരികവും മാനസികവുമായ വളര്‍ച്ചക്കും അന്നത്തെ നാടന്‍ കളികള്‍ പ്രയോജനപ്രദമായിരുന്നു.
ഗോരി കളിയായിരുന്നു നാട്ടിന്‍ പുറങ്ങളിലെ മൈതാനങ്ങളില്‍ അന്ന് ഏറ്റവും ഹരം കൊള്ളിച്ചിരുന്നത്. തുല്യ അംഗങ്ങളുള്ള രണ്ട് ടീമായായിരുന്നു ഇത് കളിക്കുക. വൃത്താകൃതിയില്‍ മനോഹരമായി മുറിച്ചെടുത്ത ഏഴോ, പത്തോ ഓട്ടിന്‍ കഷണങ്ങളും റബ്ബര്‍ പന്തുമാണ് ഈ കളിക്കായുള്ള കോപ്പുകള്‍. ഓട്ടിന്‍കഷണങ്ങള്‍ മുകളില്‍ ഒന്നൊന്നായി അടുക്കിവെക്കുന്നതിനെയാണ് ഗോരി എന്നുപറയുക. കളി തുടങ്ങുന്നതിന് മുന്നോടിയായി ആദ്യം ഗ്രൂപ്പ് തിരിക്കും. -കൂച്ചിടുക' എന്നാണ് ഇതിന്റെ നാട്ടുപ്രയോഗം. ആഴത്തിലിറങ്ങി പിണഞ്ഞുകിടക്കുന്ന ചില സൗഹൃദ ബന്ധങ്ങളുടെ തുടക്കം കൂടിയായിരിക്കും ഈ ഏര്‍പ്പാട്. ഗ്രൂപ്പുകള്‍ തിരിഞ്ഞാല്‍ പിന്നെ കളി ആരംഭിക്കും. ഒരു നിശ്ചിത ദൂരത്തുനിന്ന് ഗോരിയിലേക്ക് ടീമിലെ ഓരോരുത്തരായി പന്തെറിയും. വീഴുന്നതിന് മുമ്പ് എതിര്‍ ടീമിലെ ഒരാള്‍ പന്തുപിടിച്ചാല്‍ ആ ആളുടെ ഊഴം കഴിഞ്ഞു. പിന്നെ അടുത്ത ആള്‍ക്ക് അവസരം ലഭിക്കും. ഗോരിയെ തട്ടിത്തെറിപ്പിച്ചാല്‍ പിന്നെ മത്സരം മുറുകും. ദൂരേക്ക് തെറിക്കുന്ന പന്ത് ടീമിലെ ഒരംഗത്തിന്റെയും തലയും കാലും ഒഴിച്ചുള്ള ശരീര ഭാഗത്ത് സ്പര്‍ശിക്കാതെ ഗോരികള്‍ അടുക്കിവെച്ചാല്‍ പോയിന്റ് ലഭിക്കും. നേരെ മറിച്ച് പന്ത് ആരുടെയെങ്കിലും ദേഹത്ത് കൊണ്ടാല്‍ ആ ടീമിന്റെ അവസരം കഴിയും. പിന്നെ എതിര്‍ ടീം മത്സരിക്കാന്‍ ഇറങ്ങും. ക്രിക്കറ്റും ഫുട്‌ബോളും ഓടലും ചാടലുമൊക്കെ സമന്വയിച്ച ഈ കളി ഏറെ കൗതുകകരമായിരുന്നു. നാട്ടിന്‍ പുറങ്ങളിലെ തുറന്ന സ്ഥലങ്ങളും ഒഴിഞ്ഞ പാടവുമൊക്കെ ഒരുകാലത്ത് ഗോരിക്കളിയുടേത് മാത്രമായിരുന്നു. ഗ്രാമത്തിന്റെ കായികത്തുടിപ്പില്‍ സുപ്രധാനമായിരുന്ന ഈ കളി വീടിനോട് ചേര്‍ന്ന് പെണ്‍കുട്ടികളും കൂട്ടമായി കളിച്ചിരുന്നു. പക്ഷെ, ഇന്നത് കാലത്തിന്റെ കണ്ണാടിച്ചെപ്പിനുള്ളില്‍ കരുതിവെക്കാവുന്ന ഒരുപിടി ഓര്‍മ്മമാത്രമായി മാറിക്കഴിഞ്ഞു.
ഒഴിഞ്ഞ സിഗരറ്റ് കൂടുകൊണ്ട് കളിച്ചിരുന്ന കളിയായിരുന്നു (ഇസ്‌പേട്) മറ്റൊരു വിനോദം. സിഗരറ്റ് കൂടുകള്‍ മടക്കിവെച്ച് ഓരോ കമ്പനി സിഗരറ്റ് കൂടിനും നിശ്ചിത വില കണക്കാക്കി വെക്കും. ഉദാഹരണത്തിന് സീസറിന് 100, വില്‍സിന് 200, മുന്തിയ സിഗരറ്റുകൂടുകള്‍ക്ക് 500 മുതല്‍ ആയിരം വരെ എന്നിങ്ങനെ. സിഗരറ്റ് കൂടിനായി കടത്തിണ്ണകളിലും സിഗരറ്റ് വലിക്കാരുടെ വീട്ടുമുറ്റവും തേടിയിറങ്ങല്‍ അന്നത്തെ കുട്ടികള്‍ക്കിടയില്‍ ഒരു മത്സരമായിരുന്നു. നിശ്ചിത അകലത്തില്‍ ഒരു പലകവെച്ച് മത്സരം ആരംഭിക്കും. ശേഖരിച്ച സിഗരറ്റ് കൂടുകള്‍ അതിന് മുകളില്‍ വെക്കും. സീസറാണെങ്കില്‍ എല്ലാവരും സീസറിന്റെ കൂടായിരിക്കും വെക്കുക. പിന്നെ അതിലേക്ക് ഓരോരുത്തരായി ക്രമത്തില്‍ എറിയാന്‍ തുടങ്ങും. ജെല്ലിക്കല്ല്, ഇരുമ്പു കഷണം എന്നിവയൊക്കെയാവും എറിയാന്‍ ഉപയോഗിക്കുക. നിശ്ചിത ദൂരത്തുനിന്നും സിഗരറ്റ് കൂടുകള്‍ അടുക്കിവെച്ച പലക തട്ടിത്തെറിപ്പിച്ചാല്‍ അവ മുഴുവനും അവന് ലഭിക്കും. സന്തോഷം അലതല്ലുന്ന നിമിഷമാവുമത്. അതിലൂടെയുള്ള ലാഭവും നഷ്ടവും കൂട്ടിയും കിഴിച്ചും ആ പ്രായമങ്ങനെ കഴിയും.
പേരുപോലെത്തന്നെ കൗതുകവും കൗശലവും നിറഞ്ഞതാണ് കുട്ടിയും താണയും കളി. തുല്യ അംഗങ്ങളുള്ള രണ്ട് ടീമായാണ് ഈ കളി കളിച്ചിരുന്നത്. പ്രത്യേകാകൃതിയില്‍ വെട്ടിയെടുത്ത ചെറുതും വലുതുമായ രണ്ട് വടിക്കഷണങ്ങളാണ് ഇതിനായുള്ള കളി ഉപകരണങ്ങള്‍. ഇതാണ് കുട്ടിയും താണയും. ഉറപ്പുള്ള മരക്കഷണം കിട്ടിയാല്‍ അവ രണ്ടായി വെട്ടിയെടുക്കും. ചെറിയ വടിയുടെ ഇരുഭാഗവും വലുതിന്റെ മുന്‍ ഭാഗവും മിനുസത്തില്‍ വെട്ടണം. ഇങ്ങനെ ഒരിക്കല്‍ വെട്ടിയെടുക്കുമ്പോള്‍ മുറിഞ്ഞ പാട് ബാല്യകാല കുസൃതിത്തരങ്ങളുടെ അടയാളപ്പെടുത്തലായി എന്റെ കൈവിരലില്‍ ഇപ്പോഴുമുണ്ട്. പ്രത്യേക രീതിയില്‍ ഒരു കുഴിയും ഈ കളിക്ക് ആവശ്യമായിരുന്നു. 'കുട്ടി' കുഴിയില്‍ കുറുകെ വെച്ച് 'താണ' കൊണ്ട് ടീമിലെ ഓരോരുത്തരായി തട്ടിത്തെറിപ്പിക്കും. നിശ്ചിത അകലത്തില്‍ ദൂരെനില്‍ക്കുന്ന എതിര്‍ ടീം ഇത് കൈപ്പിടിയിലൊതുക്കി വരക്കിപ്പുറം എറിഞ്ഞാല്‍ അവന്റെ അവസരം കഴിഞ്ഞു. ഇല്ലെങ്കില്‍ അവിടെനിന്ന് ആ മരക്കഷണം കുഴിയില്‍വെച്ച 'താണ'യില്‍ എറിഞ്ഞുകൊള്ളിക്കണം. അത് കൊണ്ടില്ലെങ്കില്‍ യഥാര്‍ത്ഥ മത്സരം ആരംഭിക്കും. കുഴിയില്‍ കുത്തനെ നിര്‍ത്തിയ 'കുട്ടിയെ' താണകൊണ്ട് തട്ടിത്തെറിപ്പിച്ച് ക്രിക്കറ്റില്‍ ബോള്‍ ബാറ്റുകൊണ്ട് അടിക്കുന്നതുപോലെ അടിച്ചുതെറിപ്പിക്കണം. വരക്കപ്പുറത്തെ ഓരോ അകലത്തിനും പോയിന്റുകള്‍ കൂടി ലഭിക്കും. ഈ രീതിയില്‍ മൂന്നുതവണ അവസരം ലഭിക്കും.
അന്ന് സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും പ്രാബല്യത്തിലുണ്ടായിരുന്ന കളിയായിരുന്നു കൊത്തംകല്ല്. മിനുസമുള്ള പത്തോളം കല്ലുകള്‍ പെറുക്കിയെടുത്ത് രണ്ടോ അതിലധികമോ ആളുകള്‍ ടീമായാണ് ഈ കളിയിലേര്‍പ്പെടുക. ആദ്യം ഒരു കല്ലും പിന്നീട് ഓരോ റൗണ്ടിലും ഒരു കല്ലുവീതം വര്‍ധിപ്പിച്ചും പ്രത്യേകരീതിയില്‍ മുകളിലേക്ക് എറിഞ്ഞുപിടിക്കുന്നതായിരുന്നു കളി. അടുത്തകാലം വരെ ഓരോ വീടിനോടും ചേര്‍ന്നുള്ള ഇരിപ്പിടങ്ങളില്‍ ഇത്തരം കളികള്‍ കാണാമായിരുന്നു.
കുട്ടികള്‍ക്കിടയില്‍ ഹരമായിരുന്ന ഗോലികളി (ഗോട്ടി) നാട്ടിന്‍പുറങ്ങളില്‍ പല രീതികളിലും പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. രണ്ടോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് വട്ടത്തില്‍ കളം വരച്ച് അതിനുള്ളില്‍ ഗോലികളിട്ട് കളിച്ചിരുന്ന കളിയായിരുന്നു ഏവര്‍ക്കുമിഷ്ടം. ഓരോരുത്തരായി നിശ്ചിത അകലത്തിലിരുന്ന് ഒരു ഗോലി എറിഞ്ഞുകൊണ്ട് കളത്തിനകത്തെ ഗോലികളിലൊന്നിനെ പുറത്തുചാടിച്ചാല്‍ മുഴുവനും ലഭ്യമാകുന്നതായിരുന്നു ഈ കളി. അതേപോലെത്തന്നെ തുല്യ അകലത്തിലായി മൂന്ന് ചെറുകുഴികള്‍ കുഴിച്ച് ഗോലികളിട്ട് കൈവിരല്‍ മടക്കിയടിച്ച് കളിച്ചിരുന്ന കളിയും ഹരം നിറഞ്ഞതായിരുന്നു. അന്നൊക്കെ ഓരോ കുട്ടിയും സ്‌കൂള്‍ ബാഗിലും കുപ്പിയിലാക്കിയുമൊക്കെ നിറയെ ഗോലികള്‍ സൂക്ഷിച്ചുവെക്കുമായിരുന്നു.
അന്നൊക്കെ സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ കുട്ടികള്‍ പിന്നെയൊന്നിനും കാത്തുനില്‍ക്കാതെ ഓടിച്ചെന്ന് വീട്ടിലെത്തും. പിന്നെ കൂട്ടുകാരുമൊത്തുചേര്‍ന്ന് പല തരത്തിലുള്ള നാടന്‍ കളികളിലും ഏര്‍പ്പെടും. വ്യത്യസ്ത രീതികളിലുള്ള കളം വരച്ച് കാലുകൊണ്ട് കുണ്ടുകാലിട്ട് കളിച്ചിരുന്ന ഒട്ടേറെ കളികള്‍ അന്നത്തെ പെണ്‍കുട്ടികളുടെ ഒഴിവുനേരങ്ങള്‍ക്ക് നിറം പകര്‍ന്നിരുന്നു. മാങ്ങയണ്ടിയും ടൈല്‍സ് കഷണങ്ങളുമൊക്കെ ഉപയോഗിച്ചാവും ഇത്തരം കളികളിലേര്‍പ്പെടുക. ഈര്‍ക്കില്‍ കൊണ്ടും തീപ്പെട്ടിക്കൊള്ളികൊണ്ടുമൊക്കെ കളിച്ചിരുന്ന കുറേ കളികളും നാട്ടിന്‍ പുറങ്ങളില്‍ നിലവിലുണ്ടായിരുന്നു. മരം തൊട്ടുകളി, ഒളിച്ചുകളി തുടങ്ങിയ കൗതുകം നിറഞ്ഞ കളികള്‍ അന്നത്തെ ഹരമായിരുന്നു.


-ജാബിര്‍ കുന്നില്‍

Related Articles
Next Story
Share it