എന്‍.എ.സുലൈമാന്‍; ഒരു യഥാര്‍ത്ഥ മനുഷ്യസ്‌നേഹി

കാസര്‍കോട്ടെ ജനങ്ങളെ മുഴുവനും ദുഖത്തിലാഴ്ത്തി അവരുടെ താങ്ങും തണലുമായ പ്രിയ സുഹൃത്ത് എന്‍.എ സുലൈമാന്‍ നമ്മെ വിട്ട് പിരിഞ്ഞു. അപ്രതീക്ഷമായിരുന്നു സുലൈമാന്റെ ദേഹവിയോഗം. എല്ലാ വിഭാഗം ആളുകളെയും ആത്മാര്‍ത്ഥമായി തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഒരാള്‍ അവരോടൊരുവാക്ക് പോലും ഉരിയാടാതെ ഇത്ര പെട്ടെന്ന് രംഗം വിട്ട് പോവുക എന്നത് അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും മനസ്സിനെയും തളര്‍ത്തുന്ന ഒരു കാര്യം തന്നെയാണ്. വിനയതല്‍പരനും കര്‍മ്മകുശലനുമായ സുലൈമാന്‍ കാസര്‍കോട്ടെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹാദരങ്ങള്‍ക്ക് പാത്രീഭൂതനായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെയൊക്കെ ഹൃദയത്തിന്റെ […]

കാസര്‍കോട്ടെ ജനങ്ങളെ മുഴുവനും ദുഖത്തിലാഴ്ത്തി അവരുടെ താങ്ങും തണലുമായ പ്രിയ സുഹൃത്ത് എന്‍.എ സുലൈമാന്‍ നമ്മെ വിട്ട് പിരിഞ്ഞു. അപ്രതീക്ഷമായിരുന്നു സുലൈമാന്റെ ദേഹവിയോഗം. എല്ലാ വിഭാഗം ആളുകളെയും ആത്മാര്‍ത്ഥമായി തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഒരാള്‍ അവരോടൊരുവാക്ക് പോലും ഉരിയാടാതെ ഇത്ര പെട്ടെന്ന് രംഗം വിട്ട് പോവുക എന്നത് അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും മനസ്സിനെയും തളര്‍ത്തുന്ന ഒരു കാര്യം തന്നെയാണ്. വിനയതല്‍പരനും കര്‍മ്മകുശലനുമായ സുലൈമാന്‍ കാസര്‍കോട്ടെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹാദരങ്ങള്‍ക്ക് പാത്രീഭൂതനായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെയൊക്കെ ഹൃദയത്തിന്റെ ഒരംശമായിരുന്നു അദ്ദേഹം. പ്രഗത്ഭനായ കായിക താരം, പ്രമുഖ വ്യവസായി, ഉജ്ജ്വലനായ സമുദായിക സ്‌നേഹി, പരോപകാരി, മനുഷ്യ സ്നേഹി എന്നീ നിലകളിലെല്ലാം ധന്യമായൊരു ജീവിതത്തിന്റെ ഉടമയാണ് സുലൈമാന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് കൊല്ലമായി സുലൈമാനെ വളരെയടുത്തറിയുന്ന വ്യക്തിയാണ് ഞാന്‍. തളങ്കര മുസ്ലിം ഹൈ സ്‌കൂളില്‍ എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരാണ് ഞങ്ങള്‍. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം താന്‍ കൈവെച്ച മേഖലകളിലെല്ലാം അദ്ദേഹം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയുണ്ടായി. സ്‌കൂളില്‍ പഠിച്ച് കൊണ്ടിരുന്ന കാലത്ത് തന്നെ ഫുട്‌ബോളിലും വോളിബോളിലും കബഡിയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നു. കായിക രംഗത്ത് അദ്ദേഹം ചെയ്ത സേവനങ്ങള്‍ ചെറുതൊന്നുമല്ല. അതിഥി സല്‍ക്കാരപ്രിയനായിരുന്നു സുലൈമാന്‍. മാസങ്ങള്‍ക്ക് മുമ്പ് മുഴുവന്‍ സഹപാഠികളെയും വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി നടത്തിയ സല്‍ക്കാരം സുലൈമാന്റെ ആതിഥേയത്വത്തിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമായിരുന്നു. കലാരംഗത്തും അനല്‍പമായ വ്യക്തി മുദ്രകള്‍ അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. നാടകത്തിലും പ്രച്ഛന്നവേഷ മത്സരത്തിലും ടാബ്ലോയിലും പൂക്കളമത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സുലൈമാന് കഴിഞ്ഞിട്ടുണ്ട്. സ്‌കൂളിലും കോളേജിലും പഠിച്ച് കൊണ്ടിരുന്ന കാലത്ത് എന്‍.സി.സിയില്‍ മികച്ച കാഡറ്റായിരുന്നു. അതിലുപരി പഠിക്കാന്‍ സമര്‍ത്ഥനുമായിരുന്നു. മാലിക്കുദ്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സുലൈമാന്റെ മൃതദേഹം മറവ് ചെയ്യപ്പെട്ടതോടെ ലോകത്തിന്റെ ബാഹ്യ ദൃഷ്ടിയില്‍ നിന്നും എന്നെന്നേക്കുമായി അദ്ദേഹം തിരോധാനം ചെയ്യപ്പെട്ടുവെങ്കിലും ജനഹൃദയങ്ങളില്‍ അദ്ദേഹം കൊളുത്തി വെച്ച സ്‌നേഹത്തിന്റെ കൈത്തിരി ഒരിക്കലും അണഞ്ഞ് പോവുകയില്ല. തന്റെ പ്രിയപ്പെട്ട നാട്ടുകാരെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അദ്ദേഹം അത്രകണ്ട് ഹൃദയം തുറന്ന് സ്‌നേഹിച്ചിരുന്നു.
പരേതന് അല്ലാഹു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ-ആമീന്‍


-കെ.കെ അബ്ദു കാവുഗോളി

Related Articles
Next Story
Share it