ഉമ്മ പറഞ്ഞ മൊഴികളാണ് എന്റെ മാതൃഭാഷ

കേരളപ്പിറവിക്കു മമ്പേ ഞാന്‍ പിറന്നിരുന്നു. ഉമ്മ പറഞ്ഞുതന്ന ഭാഷയാണ് എന്റെ മാതൃഭാഷ. ആ ഭാഷയ്ക്ക് ഉമ്മയുടെ നെഞ്ചിന്റെ സ്‌നേഹച്ചൂടായിരുന്നു. പിന്നീട് ഞാന്‍ വായിച്ചും പഠിച്ചുമെടുത്തതാണ് മാനക മലയാളം.ഓണവും വിഷുവുമില്ലാത്ത ഒരുകാലം ഓര്‍മ്മയിലുണ്ട്. പക്ഷെ, അന്നും വിനായക ചതുര്‍ത്ഥിയും ഗണേശോത്സവവും നവരാത്രികളുമുണ്ടായിരുന്നു. അന്ന് തെക്കന്‍ കര്‍ണാടക ജില്ലയുടെ ഭാഷയോടായിരുന്നു അടുപ്പം. അക്കാലത്ത് കന്നഡ പഠിച്ച ധാരാളം കാസര്‍കോട്ടുകാര്‍ മൈസൂര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പദവികള്‍ വഹിച്ചു. അന്ന് കര്‍ണാടക സംസ്ഥാനവും പിറന്നിരുന്നില്ല.പക്ഷേ, അപ്പോഴും അവര്‍ നുകര്‍ന്ന ഭാഷ […]

കേരളപ്പിറവിക്കു മമ്പേ ഞാന്‍ പിറന്നിരുന്നു. ഉമ്മ പറഞ്ഞുതന്ന ഭാഷയാണ് എന്റെ മാതൃഭാഷ. ആ ഭാഷയ്ക്ക് ഉമ്മയുടെ നെഞ്ചിന്റെ സ്‌നേഹച്ചൂടായിരുന്നു. പിന്നീട് ഞാന്‍ വായിച്ചും പഠിച്ചുമെടുത്തതാണ് മാനക മലയാളം.
ഓണവും വിഷുവുമില്ലാത്ത ഒരുകാലം ഓര്‍മ്മയിലുണ്ട്. പക്ഷെ, അന്നും വിനായക ചതുര്‍ത്ഥിയും ഗണേശോത്സവവും നവരാത്രികളുമുണ്ടായിരുന്നു. അന്ന് തെക്കന്‍ കര്‍ണാടക ജില്ലയുടെ ഭാഷയോടായിരുന്നു അടുപ്പം. അക്കാലത്ത് കന്നഡ പഠിച്ച ധാരാളം കാസര്‍കോട്ടുകാര്‍ മൈസൂര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പദവികള്‍ വഹിച്ചു. അന്ന് കര്‍ണാടക സംസ്ഥാനവും പിറന്നിരുന്നില്ല.
പക്ഷേ, അപ്പോഴും അവര്‍ നുകര്‍ന്ന ഭാഷ ഉമ്മ ചെവിയില്‍ മന്ത്രിച്ച് കൊടുത്ത ഹൃദയഭാഷയായിരുന്നു.
ഐക്യകേരളം വന്നപ്പോള്‍ കൂടെ ഓണവും വിഷുവും വന്നു. മലയാളം വന്നു. തെക്കുനിന്ന് ധാരാളം മലയാളം അധ്യാപകരും ഉദ്യോഗസ്ഥരും വന്നു. അവരുടെ കയ്യില്‍ നല്ല മാനക മലയാളമുണ്ടായിരുന്നു. മലയാളത്തിന്റെ സംസ്‌കാര മുദ്രകള്‍ ഉണ്ടായിരുന്നു.
ഞങ്ങള്‍ കാസര്‍കോട്ടുകാരുടെ വലിയ കവി ടി. ഉബൈദ് അന്ന് കന്നഡയെ ധാത്രി എന്നാണ് വിളിച്ചത്. എന്നുപറഞ്ഞാല്‍ പോറ്റമ്മ. മലയാളം ജനനിയായിരുന്നു. എന്തൊരു ഉദാത്തമായ സങ്കല്‍പ്പമാണത്! അമ്മയും പോറ്റമ്മയും ചേര്‍ന്നാണ് ഞങ്ങളെ കൊഞ്ചിച്ചുവളര്‍ത്തിയത്.
ദീര്‍ഘദര്‍ശിയായ കവി ഉബൈദ് കേരളപ്പിറവിക്കും മുമ്പേ മാതാവിന്‍ വിളി കേട്ടിരുന്നു.
അന്ന് തുളുവും ഈണമുള്ളൊരു ഭാഷയായിരുന്നു. അതിനുള്ളില്‍ ഒട്ടും കലര്‍പ്പില്ലാത്തൊരു സാംസ്‌കാരികത്തനിമയുണ്ടായിരുന്നു. പിന്നീടാരോ തുളുവിന്റെ ഭംഗിയും ഗരിമയും വേറെ ചില താല്‍പര്യങ്ങള്‍ക്കുവേണ്ടി അപഹരിച്ചു. എങ്കിലെന്ത്, തുളുനാടന്‍ പാരമ്പര്യത്തിന്റെ മഹിതമായ അടയാളങ്ങള്‍ ഇപ്പോഴും എന്റെ നാട്ടില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.
കാലം മാറുമ്പോള്‍ നാടും നാട്ടുഭാഷയും മാറുന്നു. ഹൃദയം ഹൃദയത്തോട് കിന്നരിച്ചിരുന്ന നാട്ടുമൊഴികള്‍ക്ക് പകരം ചതുര വടിവിലുള്ള മാനകഭാഷ വന്നപ്പോള്‍ ആശയത്തിന് കൂടുതല്‍ തെളിച്ചമുണ്ടായിട്ടുണ്ടാകാം; എന്നാല്‍ അതിന്റെയുള്ളില്‍ കിനിഞ്ഞു നിന്നിരുന്ന നനുത്ത സ്‌നേഹമധുരം കുറച്ചൊന്നുമല്ല ചോര്‍ന്നുപോയത്!
മാറ്റമില്ലാത്ത മാറ്റം! പുതിയകാലം മാനക മലയാളത്തെയും കഴിയാവുന്നിടത്തോളം ദൂരം അകറ്റി നിര്‍ത്തുന്നു. ആഗോളഭാഷ മൊഴിഞ്ഞാല്‍ എല്ലാമായെന്ന് കരുതുന്ന ഒരു തലമുറ വളര്‍ന്നുവരുന്നു. മലയാളം 'കുരച്ചുകുരച്ചു' അറിയാമെന്നും കേട്ടാല്‍ മനസിലാകുമെന്നും പറയുന്നത് ഒരു സ്റ്റാറ്റസിന്റെ ഭാഗമായി കണക്കാക്കുന്നു.
അവരെ പറഞ്ഞിട്ടും കാര്യമില്ല.
നാളെ അവര്‍ ജീവിക്കേണ്ടത് യു.കെയിലും യു.എസ്.എയിലും കാനഡയിലുമൊക്കെയാണ്. എന്തുകൊണ്ടാണ് നല്ല നിലവാരമുള്ള വൃദ്ധസദനങ്ങളുടെയൊക്കെ ബോര്‍ഡുകള്‍ ഇംഗ്ലീഷില്‍ മാത്രം എഴുതുന്നത് എന്നതിന് ഇതില്‍ ഉത്തരമുണ്ട്. ആഘോഷങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. എന്തോരം വലുതും ചെറുതുമായ ആഘോഷങ്ങള്‍! 'കേരളപ്പിറവിദിനാഘോഷം' അതിലൊന്നാണ്. അമേരിക്കയില്‍ സാമാന്യം ഭേദപ്പെട്ട ഒരു കുടവയറനെ തപ്പിയെടുത്തു മഹാബലിയുടെ വേഷം കെട്ടിച്ചു നടത്തുന്ന ഓണാഘോഷമുണ്ടല്ലോ; അതുപോലെയാണ്.

-റഹ്മാന്‍ തായലങ്ങാടി

Related Articles
Next Story
Share it