തിരിച്ചു പിടിക്കണം; തകര്‍ന്നു പോയ ധാര്‍മ്മിക മൂല്യങ്ങളെ

ഉപ്പയെയും ഉമ്മയെയും വിട്ടുപിരിഞ്ഞ ഒരു മകന്റെ നോവ്. തന്റെ ഇണയെ കൂട്ടില്‍ തനിച്ചാക്കി വിഹായസ്സിലേക്ക് പറന്ന ഇണക്കുരുവിയുടെ രോദനം. അതിലുപരി കരളിന്റെ കഷ്ണങ്ങളായ പൊന്നോമന മക്കളെ താലോലിച്ചു കൊതിതീരാതെ പാതിവഴിയില്‍ വിട്ടുപിരിഞ്ഞതിന്റെ വേദന. ഇങ്ങനെ യന്ത്രപ്പക്ഷിയുടെ ഉള്ളില്‍ പിടയുന്ന ഒരു പറ്റം ഹൃദയങ്ങളാണ് വാനലോകത്ത് നീന്തി പ്രവാസ മണ്ണിലെത്തുന്നത്. ആയിരം നല്ല സ്വപ്‌നങ്ങളുടെ പറുദീസയാണ് പ്രവാസ ഭൂമികയെന്ന ഒറ്റ ചിന്ത മാത്രമാണ് ഓരോരുത്തരെയും പ്രവാസിയാക്കിയത്.ആയുസ്സില്‍ ഒരിക്കലെങ്കിലും പ്രവാസത്തിന്റെ വിരഹവും നോവും സ്വപ്‌നങ്ങളും അനുഭവിച്ചവര്‍ക്ക് ജീവിതത്തിന്റെ രണ്ടറ്റം ഒപ്പിക്കാന്‍ […]

ഉപ്പയെയും ഉമ്മയെയും വിട്ടുപിരിഞ്ഞ ഒരു മകന്റെ നോവ്. തന്റെ ഇണയെ കൂട്ടില്‍ തനിച്ചാക്കി വിഹായസ്സിലേക്ക് പറന്ന ഇണക്കുരുവിയുടെ രോദനം. അതിലുപരി കരളിന്റെ കഷ്ണങ്ങളായ പൊന്നോമന മക്കളെ താലോലിച്ചു കൊതിതീരാതെ പാതിവഴിയില്‍ വിട്ടുപിരിഞ്ഞതിന്റെ വേദന. ഇങ്ങനെ യന്ത്രപ്പക്ഷിയുടെ ഉള്ളില്‍ പിടയുന്ന ഒരു പറ്റം ഹൃദയങ്ങളാണ് വാനലോകത്ത് നീന്തി പ്രവാസ മണ്ണിലെത്തുന്നത്. ആയിരം നല്ല സ്വപ്‌നങ്ങളുടെ പറുദീസയാണ് പ്രവാസ ഭൂമികയെന്ന ഒറ്റ ചിന്ത മാത്രമാണ് ഓരോരുത്തരെയും പ്രവാസിയാക്കിയത്.
ആയുസ്സില്‍ ഒരിക്കലെങ്കിലും പ്രവാസത്തിന്റെ വിരഹവും നോവും സ്വപ്‌നങ്ങളും അനുഭവിച്ചവര്‍ക്ക് ജീവിതത്തിന്റെ രണ്ടറ്റം ഒപ്പിക്കാന്‍ പ്രയാസമുണ്ടാവില്ല. ഒരു കാലഘട്ടത്തെ തൊട്ടുകാണിക്കാന്‍ കഴിയാത്തവണ്ണം സങ്കീര്‍ണവും ചരിത്രപരവുമാണ് കേരളീയന്റെ പ്രവാസകാലം. സ്വന്തം മണ്ണും വായുവും ബന്ധങ്ങളും ഇട്ടെറിഞ്ഞുള്ള ആ കുടിയേറ്റം സ്വയമേ ഏറ്റെടുത്ത ഒരു ദൗത്യമായിരുന്നില്ല, മറിച്ച് ആട്ടിപ്പായിക്കലിന്റെ ഒരു പ്രത്യയ ശാസ്ത്രം അതിന്റെ പിറകിലുണ്ട്. അതുകൊണ്ടാണ് ഓരോ മലയാളിയും വീടു വിട്ടിറങ്ങുമ്പോള്‍ കണ്ണീരോടെ മാത്രം യാത്ര പോകുന്നത്. കശാപ്പുശാലയിലേക്ക് ആനയിക്കപ്പെടുന്ന ആട്ടിന്‍കൂട്ടങ്ങളുടെ പ്രതീകവല്‍ക്കരണമാണത്. ഒരിക്കലും തനിക്കുവേണ്ടി മാത്രമല്ല അവന്റെ ഓരോ യാത്രകളും. ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തില്‍ കാലിടറിപ്പോവാതിരിക്കാന്‍ വേണ്ടി മറ്റൊരു ഭൂഖണ്ഡത്തിലേക്കുള്ള പറിച്ചുനടലാണത്. അതില്‍ വെട്ടിപ്പിടിച്ചവരും വെട്ടിത്തളര്‍ന്നവരും ഏറെയാണ്. പക്ഷെ ചരിത്രത്തില്‍ ജയിച്ചു കയറിയവന്റെ കഥകള്‍ മാത്രമാണ് നാം വായിക്കുന്നത്. അമ്പതും അറുപതും കൊല്ലം സൂര്യന് താഴെ വെന്തുരുകി പണിയെടുത്തു ഒടുവില്‍ തോലില്‍ ചുറ്റിയ എല്ലിന്‍ കഷ്ണങ്ങളായി നാടണയുന്ന അനേകായിരം പേര് ഒരു ഏടിലും വായിക്കപ്പെടാതെ വിസ്മരിക്കപ്പെട്ടവരാണ്.
തീര്‍ത്തും അവികസിതവും അപരിഷ്‌കൃതവുമായ ഒരു ദേശത്തിലേക്കാണ് മലയാളിയുടെ കുടിയേറ്റമുണ്ടായത്. ആ കഥകളുടെ ചുരുളഴിച്ചാല്‍ വിശ്വസിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ഇന്ന് ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്കു പിറകില്‍ ഏതാണ്ട് അരനൂറ്റാണ്ട് കാലത്തിനു മുമ്പ് അവിടേക്ക് ലോഞ്ചുകളില്‍ കയറിപ്പോയ ഭാഗ്യാന്വേഷികളുടെ വിയര്‍പ്പും ചോരയുമുണ്ട്. കിടന്നുറങ്ങാന്‍ നല്ല മുറിയില്ലാതെ, ചൂടകറ്റാന്‍ എ.സിയുടെ സഹായമില്ലാതെ, പരസ്പരം കാണാന്‍ വൈദ്യുതിയുടെ വെളിച്ചമില്ലാതെ ഇരുണ്ട കാലമായിരുന്നു അത്. ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് ആശ്വാസം തേടി അവര്‍ കടപ്പുറത്താണ് രാത്രി കാലങ്ങളില്‍ ചെലവഴിച്ചത്. മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തിലിരുന്നാണ് അവന്‍ തന്റെ ഉറ്റവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന കത്തുകളെഴുതിയത്. മൈലുകളോളം യാത്ര ചെയ്യാന്‍ അവന്‍ ഒട്ടകങ്ങളെയും കഴുതകളെയുമാണ് ആശ്രയിച്ചിരുന്നത്.
വയറു നിറച്ച് വല്ലതും കഴിച്ചത് സ്വന്തം നാട്ടില്‍ വരുമ്പോള്‍ മാത്രമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചുവരുന്നവരെ കടലെടുത്ത ചരിത്രം കുറവൊന്നുമല്ല. യാത്രപോക്കും തിരിച്ചുവരവും സ്വന്തം ജീവിതം പണയപ്പെടുത്തിയുള്ള ഒരു ഞാണിന്മേല്‍ കളിയായിരുന്നു അവന്.
അറബിയുടെ വീട്ടകങ്ങളിലും തൊഴില്‍ ശാലകളിലും രാപ്പകല്‍ ഭേദമന്യേ വിയര്‍പ്പൊഴുക്കി അവന്‍ സമ്പാദിച്ച നാണയത്തുട്ടുകള്‍ക്ക് കണ്ണീരിന്റെ ഉപ്പും ഗന്ധവും ഉണ്ടായിരുന്നു എന്നത് അത്രയൊന്നും പഴയ ചരിത്രമേയല്ല.
അറബിനാടുകളെ സംബന്ധിച്ചിടത്തോളം വികസനം പെട്ടെന്നായിരുന്നു. പെട്രോള്‍ പണം കൊണ്ട് അവരത് വേഗത്തില്‍ നേടി. ഇന്ത്യക്കാരന്റെ ആത്മാര്‍ത്ഥതയും വിയര്‍പ്പും വിദേശിയന്റെ സാങ്കേതികതയും ഒത്തുചേര്‍ന്നപ്പോള്‍ മരുഭൂമി അവിശ്വസനീയമാംവണ്ണം വളര്‍ന്നു. അവിടെ നാള്‍ക്കുനാള്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. സാങ്കേതികയേക്കാള്‍ മനുഷ്യ പ്രയത്‌നങ്ങള്‍ക്ക് ആവശ്യം നേരിട്ടപ്പോള്‍ കേരളത്തില്‍ നിന്ന് പരശ്ശതം മലയാളികള്‍ ഗള്‍ഫ് നാടുകളിലേക്ക് കുടിയേറ്റം നടത്തി. ഒരു കുടുംബത്തില്‍ നിന്ന് രണ്ടും അതിലധികവും പേര്‍ മണലാരണ്യത്തില്‍ എത്തിപ്പെട്ടു. അങ്ങനെയാണ് ഒരാണായാല്‍ അവന്റെ ലക്ഷ്യം ഗള്‍ഫ് എന്ന വാക്കിലൊതുങ്ങിയത്. യോഗ്യതയുടെ മാനദണ്ഡങ്ങള്‍ അവിടെ വിഘാതമായി നിന്നില്ല. മലബാറിലാണ് അതിന്റെ കുത്തൊഴുക്ക് നന്നായി അനുഭവപ്പെട്ടത്. മീശ മുളയ്ക്കുന്നതിനു മുമ്പ് കടല്‍ കടക്കുക എന്നത് ഒരു ഫാഷനോ, ഭ്രമമോ ആയി മാറുകയായിരുന്നു.
ഈ സവിശേഷമായ സാഹചര്യം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ വലിയ തോതില്‍ പൊളിച്ചെഴുത്തുകള്‍ നടത്തി. ഏറെക്കുറെ നാം നടുനിവര്‍ത്തി. സ്വന്തം കാലില്‍ നില്‍ക്കാന്‍ നാം പ്രാപ്തരായി. പട്ടിണിയും പരിവട്ടവും നല്ല ശതമാനം അവസാനിച്ചു. വ്യക്തികള്‍ സമ്പന്നരായതോടെ സമൂഹത്തിലും അതിന്റെ മാറ്റങ്ങള്‍ ഉണ്ടായി. ഇതെല്ലാം സംഭവിച്ചത് ഒരു നാല് ദശാബ്ദക്കാലത്തിനുള്ളിലാണ്.
സമ്പത്തോടൊപ്പം പാശ്ചാത്യ സംസ്‌കാരവും നമ്മുടെ മണ്ണില്‍ ഇറക്കുമതി ചെയ്യാന്‍ മത്സരിച്ചവരാണ് നാം. പൊങ്ങച്ചത്തിന്റെയും ആര്‍ഭാഡത്തിന്റെയും ശബളിമകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട ഒരു സമൂഹമായി മാറ്റിത്തീര്‍ക്കാന്‍ ഓരോ പ്രവാസിയും മത്സരിച്ചു. പണത്തിന്റെ യഥാര്‍ത്ഥ ഉപയോഗമെന്തെന്ന് നമുക്ക് മനസ്സിലായില്ല. അത് കൂറ്റന്‍ വീടുകള്‍ കെട്ടിപ്പടുക്കുന്നതിലും പുത്തന്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും അവസാനിപ്പിച്ചു. നാളത്തേക്കുള്ള കരുതിവെപ്പായി അവരത് മാറ്റി. ഇത് ഒരു പരിധിവരെ സമുദായ സ്പര്‍ധ വളര്‍ത്താന്‍ ഇട വരുത്തിയിട്ടുണ്ടെന്ന് സാമൂഹിക സര്‍വേകള്‍ സാക്ഷ്യം നില്‍ക്കുന്നുണ്ട്.
കുടുംബങ്ങളിലെ നാഥന്മാര്‍ കെട്ടിയോളും കുട്ടികളുമായി. അവര്‍ക്ക് മാസാമാസം അയച്ചുകിട്ടുന്ന ഭാരിച്ച ചെക്കുകളിലും ഡ്രാഫ്റ്റുകളിലും പുതിയൊരു ലോകം അവര്‍ കെട്ടിപ്പടുത്തു. മദ്യവും മയക്കുമരുന്നും ഇവിടെ യഥേഷ്ടം വിറ്റഴിക്കപ്പെട്ടു. വീടുകളുടെ അകമുറികള്‍ തിയേറ്ററുകളായി രൂപാന്തരപ്പെട്ടു. പല വീടുകളുടെയും രഹസ്യമുറികള്‍ നെറ്റ് കഫേകളായി മാറുന്നതും കണ്ടു. ടെലിവിഷന്‍ സംസ്‌കാരത്തിന്റെ അനിയന്ത്രിതമായ തള്ളിക്കയറ്റം പല വീടുകളെയും ഐശ്വര്യം കെട്ടതാക്കി. വര്‍ത്തമാനങ്ങളിലും ചിന്തകളിലും താരരാജാക്കന്മാര്‍ നിറഞ്ഞുനിന്നു. നമ്മുടെ പൈതൃകങ്ങള്‍ പലതും അന്യം നിന്നുപോയി.
പ്രവാസിയാണെങ്കില്‍ തലച്ചോര്‍ വെന്തുരുകുന്ന സാഹചര്യത്തില്‍ സൂര്യന് താഴെ തീ തുപ്പുന്ന മണല്‍ പരപ്പില്‍ അധ്വാനിച്ചു കിട്ടുന്നത്‌കൊണ്ട് നാട്ടിലെ ബാങ്ക് അക്കൗണ്ട് വികസിപ്പിച്ചെടുത്തു. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ വാപ്പയുടെ വിയര്‍പ്പിന്റെ ഗന്ധം തിരിച്ചറിഞ്ഞവര്‍ ചെലവഴിക്കുന്നതില്‍ കണിശതയും മിതത്വവും പാലിച്ചു. അല്ലാത്ത വീടുകളില്‍ മതവും ജാതിയും തന്റെ കാമുകന്റെ സ്വഭാവം പോലും നോക്കാതെയുള്ള ഒളിച്ചോട്ടങ്ങളും വര്‍ധിച്ചു. ജീവിതം മുഴുവന്‍ കയ്യിലുള്ള മൊബൈലില്‍ ഒതുങ്ങിയപ്പോള്‍ ഇന്‍സ്റ്റായും ഫേസ്ബുക്കും ഷെയര്‍ ചാറ്റും വില്ലന്റെ വേഷത്തില്‍ ബെഡ് റൂമിലെത്തി. സംസ്‌കാരവും മനുഷ്യത്വവും വലിച്ചെറിയപ്പെട്ടു. പേറ്റുനോവ് പോലും കാമമെന്ന രാക്ഷസന്റെ മുന്നില്‍ തോറ്റു പോയി. പിഞ്ചു പൈതലിനെ പോലും വിട്ട് സുന്ദര ജീവിതത്തെ കാലന്റെ മുന്നിലേക്ക് എറിയപ്പെട്ടു.
സൂക്ഷ്മമായ വിലയിരുത്തലില്‍ ഗള്‍ഫ് കുടിയേറ്റം കൊണ്ട് മലയാളികള്‍ക്ക് ലഭിച്ചതെന്താണ് ?
അത് ഗുണപരമായതോ, വിരുദ്ധമായതോ ?
ഓരോ മലയാളിയും തന്നോട് തന്നെ ചോദിച്ച് ഉത്തരം കണ്ടെത്തേണ്ടുന്ന ചോദ്യമാണിത്. ഒരു ഭാഗത്ത് നാം പലതും നേടിയെങ്കിലും മറുഭാഗത്ത് നാം പലതും നഷ്ടപ്പെടുത്തി. നേടിയതും നഷ്ടപ്പെടുത്തിയതും ഒരു തുലാസിന്റെ രണ്ട് തട്ടില്‍ വെച്ച് തൂക്കമെടുത്താല്‍ കൂടുതല്‍ തൂങ്ങുക, തീര്‍ച്ചയായും നഷ്ടപ്പെടുത്തിയതാവും. കാരണം, നേടിയത് നാം മുഖ്യമായും സാമ്പത്തിക സ്വാശ്രയത്വമാണെങ്കില്‍, നഷ്ടപ്പെടുത്തിയതും, നഷ്ടപ്പെട്ടതും ഒരിക്കലും വിലമതിക്കാന്‍ കഴിയാത്ത പലതുമാണ്. സദാചാര ബോധവും മൂല്യബോധവും ഇന്ന് മലയാളിയുടെ നിഘണ്ടുവിലില്ല. 'എന്താടോ ?' എന്ന് സൗഹൃദത്തോടെ ചോദിച്ചാല്‍ 'പോടാ' എന്ന മറുപടി നല്‍കുന്ന തലമുറയാണിന്ന്. പരിചയം പുതുക്കല്‍ പോലും ശ്രദ്ധയോടെ ചെയ്യേണ്ടുന്ന ഒരു കൃത്യമാണിന്ന്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ കടല്‍ കടന്ന് ജീവിച്ചു മരിച്ചവര്‍ ഇട്ടേച്ചുപോയ ദൗത്യങ്ങള്‍ പുതുതലമുറയ്ക്ക് അതിന്റെ പച്ചപ്പോടെ നിലനിര്‍ത്താനോ, കാത്തുസൂക്ഷിക്കാനോ കഴിഞ്ഞിട്ടില്ലെന്നത് ചരിത്ര വസ്തുതയാണ്. ഇട്ടേച്ചു പോയ മണ്ണിലേക്കു തന്നെ തിരിച്ചു വരേണ്ട ഘട്ടത്തിലാണ് ഗള്‍ഫ് മലയാളികളില്‍ പലരുമിന്ന്.
മധ്യപൗരസ്ത്യ ദേശത്ത് നിലനില്‍ക്കുന്ന സവിശേഷമായ സാഹചര്യങ്ങള്‍ അവനെ ഒരു തിരിച്ചുവരവിന്റെ ആലോചനകളിലേക്ക് വലിച്ചെറിയുന്നുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയും കുത്തകവല്‍ക്കരണവുമൊക്കെ ചില നിമിത്തങ്ങള്‍ മാത്രം. തദ്ദേശിയര്‍ തന്നെ വിദേശികളുടെ ഏത് തൊഴിലും ചെയ്യാന്‍ സന്നദ്ധരും പ്രാപ്തരുമാണിന്ന്. കോവിഡ് കാലം ലോക സാമ്പത്തിക വ്യവസായ രംഗത്തെ തകര്‍ത്ത കാരണം പല പ്രമുഖ വ്യവസായികളും കടത്തിന്റെയും തകര്‍ച്ചയുടെയും വക്കിലെത്തി. അത്തരമൊരു സാമൂഹിക ചുറ്റുപാടില്‍ ഏത് നിമിഷവും തൊഴില്‍ നഷ്ടപ്പെട്ട് പിറന്ന നാട്ടിലേക്കു തന്നെ തിരിച്ചുവരാന്‍ കാത്തിരിക്കുകയാണ് പല പ്രവാസി തൊഴിലാളികളും. പ്രവാസം കൊണ്ട് പുറംമോടികള്‍ പരിഷ്‌കരിക്കപ്പെട്ടെങ്കിലും അകംമോടി കൊണ്ട് ഇന്നും അപരിഷ്‌കൃതരാണ് ഭൂരിഭാഗവും. അത്തരം വരുന്ന ഭൂരിപക്ഷത്തിന് ഒരു പുത്തന്‍ മേച്ചില്‍പ്പുറം അന്വേഷിച്ചു കണ്ടെത്തുക പുതിയ സാഹചര്യത്തില്‍ ക്ഷിപ്രസാധ്യവുമല്ല.
പച്ചപ്പിന്റെ ഒരു തുരുത്ത് പോലും ഇല്ലെന്ന് ബോധ്യപ്പെട്ടിട്ടും മണല്‍ക്കാടിന്റെ വന്യതയിലേക്ക് കുടിയേറ്റം നടത്തി മത്സരിച്ചും പോരാടിയും നേടിയതെല്ലാം ഒരു നിമിഷം കൊണ്ട് ചീട്ടുകൊട്ടാരംപോലെ ഇല്ലാതാവുന്ന ഒരു കാലത്തെ ഭയാനകതയോടെയാണ് നമുക്ക് ഭാവന ചെയ്യാന്‍ കഴിയൂ. നാട് പച്ചപ്പിന്റേതും കുളിരിന്റേതുമാണെങ്കിലും ഒരു മാസം പോലും ഇവിടെ ജീവിക്കാന്‍ വയ്യാതെ തിരിച്ചുപോക്കിനെക്കുറിച്ച് ആകുലപ്പെടുന്ന മലയാളി ഇനിയെങ്ങോട്ടെന്ന ചിന്ത ഉറക്കിലുമവനെ വേട്ടയാടേണ്ടതാണ്. തിരിച്ചുവരുന്നവനെ അത്രയൊന്നും സ്‌നേഹത്തോടെയല്ല സമൂഹമോ, സര്‍ക്കാറോ, എന്തിന് പെറ്റുവളര്‍ന്ന വീടോ വീക്ഷിക്കുന്നതും സമീപിക്കുന്നതും. 'പണം കായ്ക്കുന്ന മരം' പെട്ടെന്നൊരു നാള്‍ പൂതലിച്ചു പോയാലുള്ള ദുര്‍ഗതി ഒന്നോര്‍ത്തുനോക്കാവുന്നതാണ്. നമ്മുടെ നാടിന്റെ സാമ്പത്തിക നട്ടെല്ലായ മലയാളി സമൂഹത്തെ ഇത്രകാലവും ചൂഷണം ചെയ്ത രാഷ്ട്രീയ ഭരണകൂടങ്ങള്‍ക്കുമുണ്ട് ചില ഉത്തരവാദിത്വങ്ങള്‍. പ്രവാസ മലയാളികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഒട്ടനേകം സംഘടനകള്‍ക്കും വേഗത്തില്‍ കൈ കഴുകി നല്ല പിള്ള ചമയാന്‍ കഴിഞ്ഞെന്നു വരില്ല. ആട്ടിപ്പായിക്കപ്പെട്ടവന്‍ അശരണനായി തിരിച്ചെത്തുമ്പോള്‍ കൈ മലര്‍ത്തേണ്ടവരല്ല ഇവരൊന്നും. ഭാരം വഹിച്ചു തളര്‍ന്നവന് മരിക്കാന്‍ കിടക്കുമ്പോള്‍ ഒരു തുള്ളി ദാഹനീര് കൊടുക്കുക എന്നത് മനുഷ്യത്വത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഇല്ലെങ്കില്‍ കാലം നമുക്ക് മാപ്പ് തരില്ല.

-വൈ. ഹനീഫ കുമ്പടാജെ

Related Articles
Next Story
Share it