അറബിയും ഒട്ടകവും കേരളത്തിലെ മുസ്ലിം ന്യൂനപക്ഷവും

മരുഭൂമിയില്‍ കൂടാരംകെട്ടി സുഖമായി ഇരിക്കുകയായിരുന്നു അറബി. ഒട്ടകം പുറത്തു പൊരിവെയിലത്ത് നില്‍ക്കുന്നത് കണ്ട് ദയ തോന്നിയ അറബി തല കൂടാരത്തിനകത്ത് വെക്കാന്‍ ഒട്ടകത്തിന് അനുമതി നല്‍കി. കുറച്ചുകഴിഞ്ഞപ്പോള്‍ മുന്‍കാലുകള്‍ കൂടി അകത്ത് വെച്ചോട്ടെ എന്ന് ഒട്ടകം ചോദിച്ചു. അതും അറബി സമ്മതിച്ചു. പതുക്കെ ഒട്ടകം പൂര്‍ണമായി കൂടാരത്തിനകത്താവുകയും അറബി പുറത്താവുകയും ചെയ്തു. ഏതാണ്ട് ഇതേ അവസ്ഥയാണ് ഇപ്പോള്‍ ന്യൂനപക്ഷ വകുപ്പിലെ ആനുകൂല്യ വിതരണത്തിലും ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള […]

മരുഭൂമിയില്‍ കൂടാരംകെട്ടി സുഖമായി ഇരിക്കുകയായിരുന്നു അറബി. ഒട്ടകം പുറത്തു പൊരിവെയിലത്ത് നില്‍ക്കുന്നത് കണ്ട് ദയ തോന്നിയ അറബി തല കൂടാരത്തിനകത്ത് വെക്കാന്‍ ഒട്ടകത്തിന് അനുമതി നല്‍കി. കുറച്ചുകഴിഞ്ഞപ്പോള്‍ മുന്‍കാലുകള്‍ കൂടി അകത്ത് വെച്ചോട്ടെ എന്ന് ഒട്ടകം ചോദിച്ചു. അതും അറബി സമ്മതിച്ചു. പതുക്കെ ഒട്ടകം പൂര്‍ണമായി കൂടാരത്തിനകത്താവുകയും അറബി പുറത്താവുകയും ചെയ്തു.
ഏതാണ്ട് ഇതേ അവസ്ഥയാണ് ഇപ്പോള്‍ ന്യൂനപക്ഷ വകുപ്പിലെ ആനുകൂല്യ വിതരണത്തിലും ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തിന്റെ വെളിച്ചത്തില്‍ കേരളത്തില്‍ രൂപീകരിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി ആഴത്തില്‍ പഠനം നടത്തി സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വി.എസ്.സര്‍ക്കാര്‍ രൂപീകരിച്ച ന്യൂനപക്ഷ വകുപ്പിന്റെ പേരിലാണല്ലോ ഇപ്പോള്‍ വിവാദങ്ങള്‍ മുഴുവനും നടക്കുന്നത്. കേരളത്തിലെ മുസ്ലിംകള്‍ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന സാഹചര്യത്തില്‍ അത് പരിഹരിക്കുന്നതിനായി രൂപം നല്‍കിയതാണ് ഈ വകുപ്പ്. അതായത് മുസ്ലിം വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മാത്രമായി പ്രത്യേക ആനുകൂല്യങ്ങളും പരിഗണനയും നല്‍കി അവരെയും അരക്ഷിതാവസ്ഥയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. അതില്‍ നിന്നാണ് 'മാനുഷ്യരെല്ലാരുമൊന്നുപോലെ വസിച്ചിരുന്ന' കേരളത്തിലെ അക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20 ശതമാനം മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുകൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതായത് മുഴുപട്ടിണിയിലായിരുന്ന മുസ്ലിം വിഭാഗത്തിന് നല്‍കിയ അപ്പത്തില്‍ നിന്ന് ഒരു കഷ്ണം അരപട്ടിണിയിലുള്ള മറ്റുള്ളവര്‍ക്കും നല്‍കുകയായിരുന്നു എന്ന് സാരം. പോകെ പോകെ കണക്കിലെടുത്ത പ്രത്യേക സാഹചര്യമൊക്കെ മറന്ന് (മറന്നതോ മനപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നതോ) മുസ്ലിംകള്‍ക്ക് 80ഉം തങ്ങള്‍ക്ക് 20ഉം എന്ന പ്രചരണം മാത്രം അന്തരീക്ഷത്തില്‍ നിലനിന്നു. ഇതുമാത്രം കേള്‍ക്കുന്നവര്‍ക്ക് അത് വല്യ അന്യായമാണെന്ന് സ്വാഭാവികമായും തോന്നി. ഇത് അവര്‍ക്ക് മാത്രമായി നല്‍കിയ ഒരു അപ്പത്തില്‍ നിന്ന് ഒരു കഷ്ണം തന്ന് സഹായിച്ചതാണെന്ന് പറഞ്ഞ് അത് തിരുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറായതുമില്ല. ഈ നാമമാത്ര ആനുകൂല്യങ്ങളെ കാട്ടി മുസ്ലിംകള്‍ അന്യായമായി നേടുന്നു എന്ന് പ്രത്യക്ഷത്തില്‍ പറയുന്നണ്ടെങ്കിലും അതിന് പിന്നിലെ തിരക്കഥ വേറെയാണ്. അത് ക്രൈസ്തവരോടുള്ള സ്നേഹം കൊണ്ടാണെന്ന് ധരിക്കരുത്. മറ്റുള്ള സംസ്ഥാനങ്ങളിലെ പോലെ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത കൊണ്ടുമാത്രം കേരളത്തില്‍ സംഘ്പരിവാറിന്റെ അജണ്ട നടപ്പിലാവില്ലെന്ന് കാലേകൂട്ടി കണ്ടുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി ആദ്യം ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുക എന്ന നയം സ്വീകരിച്ചുവരുന്നത്. പണ്ട് ബ്രിട്ടീഷുകാര്‍ പോലും നേരിട്ട് തോല്‍പ്പിച്ചുകൊണ്ടല്ല രാജ്യം പിടിച്ചടക്കിയത്. നാട്ടുരാജാക്കന്മാരില്‍ ചിലരെ കൂടെക്കൂട്ടി അയല്‍രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കിയ ശേഷം വിശ്വസിച്ച് കൂടെ കൂടിയവരെ ഇല്ലാതാക്കുകയായിരുന്നു. അപ്പോഴേക്കും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും അവശേഷിച്ചിരുന്നില്ല.
ശരിക്കും വിവാദമാക്കേണ്ട വിഷയമാണോ ഇത്്? എന്താണ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയും പാലോളി കമ്മിറ്റിയും? 2005ല്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി നിലവില്‍ വരുന്നത്. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. രണ്ട് വര്‍ഷത്തോളം നടത്തിയ പഠനത്തിനൊടുവില്‍ 2006 നവംബര്‍ 30 ന് ലോക്സഭയുടെ മേശപ്പുറത്ത് വെച്ച 403 പേജുള്ള റിപ്പോര്‍ട്ട് ഇന്ത്യന്‍ മുസ്ലിംകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ശുപാര്‍ശകളും പരിഹാരനടപടികളും മുന്നോട്ടുവെക്കുന്നതായിരുന്നു. തൊഴില്‍, വിദ്യാഭ്യാസം, താമസം എന്നീ രംഗങ്ങളില്‍ മുസ്ലിംകള്‍ക്ക് സമത്വം ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കേണ്ട അനുയോജ്യമായ നടപടികളാണ് സമിതി മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തേക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളതാണെന്നായിരുന്നു സച്ചാര്‍ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ദേശീയ ശരാശരിയേക്കാള്‍ വളരെ താഴ്ന്നതാണ് മുസ്ലിംകളിലെ സാക്ഷരതയെന്നും 25ശതമാനം മുസ്ലിം രക്ഷിതാക്കളുടെ 6-14 വയസ്സുവരെയുള്ള കുട്ടികളും സ്‌കൂളില്‍ തീരെ പോകാതിരിക്കുന്നവരോ സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞ് പോയവരോ ആണെന്നും കമ്മിറ്റി കണ്ടെത്തുകയുണ്ടായി. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളില്‍ ചെലവഴിക്കപ്പെടുന്ന ബാങ്ക് വായ്പയുടെ ശരാശരി മൂന്നില്‍ രണ്ട് ഭാഗം മാത്രമാണ് മുസ്ലിം സമുദായത്തില്‍ ചിലവഴിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രിയുടെ 1983 ലെ പതിനഞ്ചിന പരിപാടിയുടെ ഭാഗമായുള്ള റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ സൗകര്യങ്ങള്‍ പ്രധാനമായും സഹായകരമായത് മറ്റു ന്യൂനപക്ഷവിഭാങ്ങള്‍ക്കാണെന്നും സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് പറയുന്നുണ്ട്. ചെറു ഗ്രാമങ്ങളിലെ മുസ്ലിം ജനസംഖ്യയും അവര്‍ക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യതയും തമ്മില്‍ വളരെ വ്യക്തവും നിര്‍ണ്ണായകവുമായ വിപരീത അനുപാതമാണുള്ളത്. മുസ്ലിംകള്‍ കൂടുതലായി കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഗ്രാമങ്ങളില്‍ വേണ്ടത്ര നല്ല അപ്രോച്ച് പാതകളോ പ്രാദേശിക ബസ്‌സ്റ്റോപ്പുകളോ പോലുമില്ല.
ഐ.എ.എസില്‍ മൂന്ന് ശതമാനവും ഐ.എഫ്.എസില്‍ 1.8 ശതമാനവും ഐ.പി.എസില്‍ നാല് ശതമാനവും മാത്രമാണ് മുസ്ലിംകളുടെ പ്രാതിനിധ്യം. ഇന്ത്യന്‍ റയില്‍വേയില്‍ 4.5 ശതമാനമാണ് മുസ്ലിം പ്രാതിനിധ്യമുള്ളത്. അതില്‍ തന്നെ 98.7 ശതമാനവും താഴ്ന്ന നിലയിലുള്ള പദവികളിലാണ്. സര്‍വകലാശലകളിലും ബാങ്കുകളിലും മുസ്ലിംകളുടെ തൊഴില്‍ പ്രാതിനിധ്യം വളരെ കുറവാണ്. പൊലീസ് കോണ്‍സ്റ്റബിള്‍മാരിലെ മുസ്ലിം പങ്ക് ആറ് ശതമാനം മാത്രം. ആര്യോഗ്യ രംഗത്ത് 4.4 ശതമാനവും ഗതാഗത മേഖലയിലെ തൊഴില്‍ രംഗത്ത് 6.5 ശതമാനവുമാണ്. മൗലാന ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ ഫണ്ട് 1000 കോടിയായി ഉയര്‍ത്തേണ്ടതുണ്ട്. 2002 മുതല്‍ 2006 വരെയുള്ള നാലുവര്‍ഷ കാലത്ത് മദ്രസ നവീകരണ പദ്ധതിക്കായി നീക്കിവെച്ചത് 106 കോടി മാത്രമാണ്. ഈ പദ്ധതിയെ കുറിച്ചുള്ള വിവരം താഴെ തട്ടിലുള്ള ജനങ്ങളിലേക്ക് മതിയായ വിധത്തില്‍ എത്തിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലും മുസ്ലിംകളുടെ പങ്കാളിത്തം തുലോം പരിമിതമാണ്. ഈ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന മുസ്ലിംകള്‍ക്കും മറ്റുള്ളവര്‍ക്കും നൂതനമായ സങ്കേതങ്ങളിലൂടെ നിര്‍ണ്ണായകമായ തീരുമാന പ്രക്രിയകളില്‍ പങ്കുകൊള്ളാനാവും.

സ്ഥിതി സമത്വവും അവസര സമത്വവും ഉണ്ടാക്കുന്നതിനും വിവേചനം ഇല്ലാതാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക, എല്ലാ സാമുഹ്യ മത വിഭാഗങ്ങളെയും കുറിച്ചുള്ള പ്രസക്ത വിവരങ്ങള്‍ സൂക്ഷിക്കുന്ന ഒരു നാഷണല്‍ ഡാറ്റാ ബാങ്ക് സ്ഥാപിക്കുക, ഒരു സ്വയംഭരണ അധികാരാവകാശമുള്ള 'അസസ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ് അതോറിറ്റി' രൂപികരിക്കുക, അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ കാര്യങ്ങള്‍ പഠിക്കുന്നതിനായി ഒരു അവസര സമത്വ കമ്മീഷന്‍ രൂപവത്കരിക്കുക, സംവരണ മണ്ഡലങ്ങളെ പോലെ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ അസന്തുലിത്വം ഒഴിവാക്കുക, കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും യു.ജി.സി. പണം നീക്കിവെക്കുമ്പോള്‍ അതില്‍ ഒരു ഭാഗം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ബഹുസ്വരതയുമായി ബന്ധിപ്പിച്ചിട്ടുള്ളതാവനായി ഒരു മാര്‍ഗം ആരായണം, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഹോസ്റ്റല്‍ സൗകര്യമൊരുക്കുന്നതിന് മുന്‍ഗണന നല്‍കണം, സാധാരണ വാണിജ്യബാങ്കുകളുടെ ഇടപാടുകളില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ പങ്കാളിത്തവും ഇടപാടും മെച്ചപ്പെടുത്തുന്നതിനായി നയപരമായ തീരുമാനങ്ങള്‍ക്ക് തുടക്കമിടണം, ഇന്റര്‍വ്യൂ പാനലുകളിലും ബോര്‍ഡുകളിലും സമുദായത്തിന് മതിയായ പ്രാതിനിധ്യം നല്‍കണം, വിദ്യാഭ്യാസത്തിലൂടെയും കഴിവുകള്‍ വികസിപ്പിക്കുന്നതിലൂടെയും പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി സമൂഹത്തിലുള്ള അവഗണിക്കപ്പെട്ട വിഭാഗങ്ങളെ സഹായിക്കുന്നത് ഊര്‍ജ്ജിതപ്പെടുത്തണം, മുസ്ലിംകള്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് തൊഴില്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി സാമ്പത്തികവും മറ്റുമായ പിന്തുണ നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ സമിതി മുന്നോട്ടുവെക്കുന്നു. സംവരണത്തിനായി കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നില്ലങ്കിലും ഹിന്ദു സമൂഹത്തിലെ പട്ടിക ജാതി-പട്ടിക വിഭാഗത്തെ പോലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ അതേ അവസ്ഥയിലുള്ള (തൊഴില്‍പരമായും സാമുഹികമായും) വിഭാഗങ്ങളെ ഏറ്റവും പിന്നോക്ക വിഭാഗം ആയി തിരിച്ച് അവര്‍ക്ക് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അതേ പരിഗണനകള്‍ നല്‍കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍ സൈനിക രംഗത്തുപോലും മുസ്ലിംകള്‍ക്ക് അര്‍ഹമായ പരിഗണന ആവശ്യമാണെന്ന് സച്ചാര്‍ കമ്മിറ്റി പറഞ്ഞിരുന്നു.
ഇത്രയും പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യന്‍ മുസ്ലിംകളുടെ സ്ഥിതി എന്ന കണ്ടെത്തലിനെ തുടര്‍ന്ന് നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അന്നത്തെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്ന വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ കമ്മീഷന്‍ രൂപീകരിച്ച് കേരളത്തിലെ മുസ്ലിംകളുടെ സ്ഥിതി പഠിക്കുകയുമായിരുന്നു. ആഴത്തില്‍ പഠനം നടത്തിയ പാലോളി കമ്മിറ്റിയും രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ശരിവെക്കുകയായിരുന്നു. കേരളത്തിലും വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും മുസ്ലിംകള്‍ വളരെ പിന്നോക്കാവസ്ഥയിലാണെന്ന് കണ്ടെത്തിയ പാലോളി കമ്മിഷന്‍ റിപ്പോര്‍ട്ട് ഇതുപരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും മുസ്ലിംകള്‍ക്കായി വിവിധ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പിലാക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഇന്നുകാണുന്ന ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കുന്നത് തന്നെ. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ വരെ മടി കാണിച്ചിരുന്ന രക്ഷിതാക്കള്‍ മുസ്ലിം വിഭാഗത്തിലുണ്ടായിരുന്നു. ഇതൊക്കെ മറികടക്കാനായി വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചുകൊണ്ട് വിവിധ സ്‌കോളര്‍ഷിപ്പുകളും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ സഹായങ്ങളും സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കാനായി (കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്) പ്രത്യേക കോച്ചിംഗ് സെന്ററുകളും വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചു. ഇതെല്ലാം പാലോളി റിപ്പോര്‍ട്ടിലും സച്ചാര്‍ റിപ്പോര്‍ട്ടിലും പറഞ്ഞതു പോലെ 100 ശതമാനവും മുസ്ലിംകളുടെ ഉന്നമനം ലക്ഷ്യമിട്ട് അവര്‍ക്ക് വേണ്ടി മാത്രം നടപ്പിലാക്കിയതായിരുന്നു. എന്നാല്‍ പിന്നീട് ഈ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇതില്‍ ഭേദഗതി വരുത്തുകയും 80 ശതമാനം ആനുകൂല്യങ്ങള്‍ മുസ്ലിംകള്‍ക്കും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അവരുടേതായ വിവിധ ബോര്‍ഡ് മുഖേനയും മറ്റും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു ഇത്.
പാലോളി കമ്മിഷന്‍ ശുപാര്‍ശകള്‍ പ്രകാരം പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും അതിന്റെയെല്ലാം ലക്ഷ്യം പിന്നോക്കം നില്‍ക്കുന്ന മുസ്ലിംകളെ മുന്നോട്ടുകൊണ്ടുവരിക എന്നതായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ലക്ഷ്യം വിജയിച്ചിട്ടുണ്ടോ? സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിം പ്രാതിനിധ്യം എത്ര കണ്ട് വര്‍ധിച്ചു. ആനുകൂല്യങ്ങളെല്ലാം ജനസംഖ്യാനുപാതികമായി നല്‍കണമെന്ന് പറയുമ്പോള്‍ എല്ലാ മേഖലയിലും ജനസംഖ്യാനുപാതികമായ ഉന്നമനം മുസ്ലിം വിഭാഗം നേടിക്കഴിഞ്ഞോ? കാറും രണ്ടുനില വീടുമാണോ ഉന്നമനത്തിന്റെ മാനദണ്ഡം? ഗള്‍ഫില്‍ ചോര നീരാക്കിയുണ്ടാക്കുന്ന പണവും പത്രാസുമല്ലാതെ മറ്റെന്ത് ഉന്നമനമാണ് കേരളത്തില്‍ മുസ്ലിംകളുടെ കാര്യത്തിലുണ്ടായിട്ടുള്ളത്.
നിലവില്‍ നടക്കുന്നത് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രചരണം മാത്രമാണ്. അതില്‍ വീണുപോകുന്നതോ അവരുടെ അജണ്ട നടപ്പിലാക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയോ ചെയ്യുകയാണ് പലരും. ഏതായാലും പാലോളി കമ്മിറ്റി മാതൃകയില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മിഷനെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലെ പിന്നോക്കാവസ്ഥ പഠിക്കാന്‍ വേണ്ടി നിയോഗിച്ചിട്ടുണ്ട്. ജസ്റ്റീസ് കോശി കമ്മിഷന്‍ വസ്തുതകള്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഗുജറാത്ത് കേഡറിലെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവരാണ് കമ്മീഷനിലെ മറ്റു അംഗങ്ങള്‍.

Related Articles
Next Story
Share it